
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം റോഡ് വികസനത്തിനായി നീക്കം ചെയ്തതിനെ തുടർന്ന് പ്രതിഷേധവും പോലീസുമായുള്ള ഏറ്റുമുട്ടലും ഉണ്ടായി. 2028ലെ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനാണ് പള്ളിയുടെ ഭാഗം നീക്കം ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഉജ്ജയിനിയിലെ സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (IAMC) പ്രതിഷേധം രേഖപ്പെടുത്തി. പള്ളിയുടെ ഭാഗം പൊളിച്ചതിനെയും പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയെയും സംഘടന വിമർശിച്ചു. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും തുടർ പൊളിക്കൽ നിർത്തിവയ്ക്കണമെന്നും ഐഎഎംസി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 28 നാണ് പള്ളിക്ക് സമീപം പ്രതിഷേധിച്ചവരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പ്രദേശത്ത് 2,500ലധികം പോലീസുകാരെ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്.
പള്ളിയുടെ ഭാഗം നീക്കം ചെയ്യുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. റോഡ് വികസനത്തിന് മറ്റൊരു മാർഗം സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, റോഡ് വികസന പദ്ധതിയുടെ ഭാഗമായി പള്ളിയുടെ റോഡ് അലൈൻമെന്റിൽ വരുന്ന ഭാഗം നീക്കം ചെയ്യാനാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
വിഷയത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിൽ ഹർജി പരിഗണിച്ചിരുന്നു. പള്ളി ഭരണസമിതിയും ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷനും തമ്മിലുള്ള ധാരണ കോടതി പരിഗണിക്കുകയും കോർപ്പറേഷന്റെ ഉറപ്പുകൾ ബാധകമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും കേസുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ പ്രദേശത്ത് കനത്ത സുരക്ഷ തുടരുകയാണ്.