Image

മധുരക്കനി (കവിത: നസ്രേത്തിൽ ജോസ് വർഗ്ഗീസ്)

Published on 01 October, 2026
മധുരക്കനി (കവിത: നസ്രേത്തിൽ ജോസ് വർഗ്ഗീസ്)

ഗലീലയുടെ കടൽത്തീരങ്ങൾ
ഒഴുകുകയാണ്
ഒരുറവയിലേക്ക്
ജീവജലനദിതന്നുറവയിലേക്ക്!

അവനൊഴുകുകയാണ്
ഊഷരതയിലേക്ക്;
കുത്തൊഴുക്കിൽ
ഒഴുകിപ്പോയത് എത്രയോപേരാണ്!

ഗാഗുൽത്താ കുന്നിൻമുകളിലേക്ക്
ഉർവ്വര്തയുടെ നീർച്ചാലൊഴുക്കിയവൾ
മഗ്ദലന മറിയ!

ആ മഹാപ്രവാഹത്തിന്റെ
ഒരുതുള്ളി നനവുപോലും
അറിയാതൊരു തരു
ആ നദിക്കരയിലുണ്ടായിരുന്നു-
യൂദാ യിസ്‌കരിയോത്താ
ഒരു കാട്ടത്തിയായി!

ഒരു വെള്ളിയാഴ്‌ച്ച മൂന്നാം മണിനേരം 
ഭൂമിയുടെ നടുവിൽ ഒരു മരം നട്ടു
ആറാം മണിനേരം അതു 
കുരുത്തോല പോലെ തളിർത്തു!
ഒൻപതാം മണിനേരം
പനിനീർ പോലെ പുഷ്പിച്ചു!
ഞായറാഴ്ച്ച, മണൽഘടികാരത്തിന്റെ
അർദ്ധനിമീലതയിൽ അതിൽ നിറയെ
മധുരക്കനിയുണ്ടായി!
അതുഭക്ഷിച്ചവർ ഓയാറിൽ
സങ്കീത്തനങ്ങൾ പാടുന്നു;
ചിലരുടെ കൈയിൽ ദാവീദിന്റെ കിന്നരം 
ചിലർ മിരിയാമിന്റെ തപ്പുകൊട്ടുന്നു;
പാട്ടിന്റെ താളത്തിൽ ഏദന്റെ നടുക്കുള്ള
പാമ്പിൻ മരത്തിന്റെ 
ചില്ലകളോരോന്നായി മൃതിയടയുന്നു!

കാടുവിട്ടു നാട്ടിലിറങ്ങിയ
പാമ്പിനെ സൂക്ഷിക്കുക
കാലിനൊരു ദീപവും
പാതയ്ക്കൊരു വിളക്കുമെടുക്കുക
അനന്തതയുടെ ആക്‌സ്മികത
എവിടെയോ ഒളിഞ്ഞിരിക്കുന്നു!
----/////-------
നസ്രേത്തിൽ ജോസ് വർഗ്ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക