
മലയാളത്തിലെ ക്ലാസിക് ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' അടുത്ത മാസം 4K ദൃശ്യമികവില്‍ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ഈയവസരത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. കൂട്ടുകാര്‍ക്കൊപ്പം ഈ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം കുറിച്ചു.
പ്രിയദര്‍ശന്റെ സോഷ്യല്‍ മീഡിയയിലെ കുറിപ്പ്
ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'. 2 ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാര്‍ഡ് സിനിമകള്‍ക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയില്‍.
മാണിക്യനെയും കാര്‍ത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകര്‍ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളില്‍ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.
എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനില്‍, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്.
ഒക്ടോബര്‍ 8ന് 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളില്‍.