
ഞാൻ :
നെല്ലിൻ മണികൾ കൊത്തിക്കൊറിച്ചു നീ കൂട്ടിൽ കിടക്കുക,
കൊക്കൊന്നുരച്ചും തൂവൽ ചികഞ്ഞും
സുഖമായുറങ്ങുക,
ചൊല്ലേണ്ട,കൂടും തുറന്നു നിന്നെ
വാനിൻ മേലേ പറത്തീടുവാൻ,
പഞ്ചവർണ്ണക്കിളിതത്തയായി നിന്നെ
ഓമനിച്ചീടട്ടേ ഞാനും
പൊൻകതിർ ചുണ്ടിൽ പകർന്ന് നിന്നെ
താലോലിച്ചീടട്ടേയെന്നും.
നീ :
വേണ്ട നിൻ പൊൻകതിർ ഇന്നെനിക്ക്
വേണ്ടതെൻ സ്വാതന്ത്ര്യമല്ലേ?
കാണുക മേലേയാ നീലവാനിൽ
കിളികൾ പറന്ന് കളിപ്പതുണ്ടേ..!!
എത്രമേൽ ആശയുണ്ടിന്നെനിക്ക്
കൂട്ടരോടൊത്തു കളിച്ചീടുവാൻ..!!
കൂടും തുറന്നു നീ വിട്ടയച്ചീടുക
ചിറകുംവിരിച്ച് ഞാൻ പോയിടട്ടെ..!!
ഞാൻ :
പോവേണ്ട മുത്തേ,കൂട് വിട്ടോടേണ്ട
കൂട്ടുകാരൊക്കെയും ചീത്തയല്ലേ?
പാട്ടും കലപില വായ്‌ത്താരിയും ചൊല്ലി
എൻ അരികേ നീ തത്തികളിക്കുക,
എന്നേ പിരിഞ്ഞു നീ പോകുമെന്നാൽ
ഓർക്കേണം ഞാൻ തനിച്ചാവുകില്ലേ?
എൻ നെഞ്ചകം വാടിതകരുകില്ലേ?
നീയെന്റെ പ്രാണനെന്നറിയുകില്ലേ?
സത്യം :
സൂര്യൻ പടിഞ്ഞാറ് മറയുന്ന നേരം
സായന്തനത്തിൽ വീടണയുന്ന നേരം
കൂട്ടിലെ കിളിയെ കണ്ടില്ല കഷ്ടം,
കണ്ടു ഞാൻ വർണ്ണ തൂവൽ രണ്ടെണ്ണം. ഹൃദയം നുറുങ്ങുന്നു കണ്ണീർ നിറയുന്നു
ചുടുനിണം പോലത് കവിളത്തു വീഴുന്നു
മിന്നൽ പിണരായി നെഞ്ചിൽ പതിയുന്നു
നീ :
പട്ടിന്റെ മെത്ത വിരിച്ചു തന്നാലും
പൊന്നിൻ ചഷകം നിറച്ചു നീ തന്നാലും
സന്തോഷമേകില്ല കൂട്ടിലെകിളിയെങ്കിൽ
സ്വാതന്ത്ര്യമാണെന്റെ ആത്മദാഹം
നീ തന്നതൊക്കെയും പാരതന്ത്ര്യം
ആത്മാഭിമാനത്തിൻ നഷ്ടസ്വപ്നം
പറന്നുയരുന്നതാണെന്റെ സ്വർഗം..!!