Image

തുരീയം (കവിത: വേണുനമ്പ്യാർ)

Published on 26 September, 2026
തുരീയം (കവിത: വേണുനമ്പ്യാർ)

ഇരിക്കുന്ന മനസ്സോടെ
നിഷ്കളങ്കമായി ഇരുന്നാൽ
നടക്കുന്ന മനസ്സോടെ
നിഷ്കളങ്കമായി നടന്നാൽ
മരിക്കുന്ന മനസ്സോടെ
നിഷ്കളങ്കമായി മരിച്ചാൽ
പതിനാറടിയന്തിരത്തിന്റെ
ആവശ്യം വരില്ല.

2

പതിവിൻ പടി  
മൃതരെ മറവ് ചെയ്യാൻ
മൃതർ ഇറങ്ങട്ടെ
ജനിമൃതിയെ മറവ് ചെയ്ത്
ഉൾക്കാഴ്ചയുടെ നേർനിറവിൽ ഉണരുന്നവൻ
പുഞ്ചിരിക്കും മനസ്സോടെ
വീണ്ടും ഒന്ന് നിഷ്കളങ്കമായി പുഞ്ചിരിക്കും.
അത്ര തന്നെ!

3

തുരീയത്തിന്റെ വലയിൽ
മൂന്ന് മീനുകൾ കുടുങ്ങി:

സുഷുപ്തി
സ്വപ്നം
ജാഗരം

ഒന്നിനെ പച്ചയ്ക്ക് തിന്നാം
ഒന്നിനെ വേവിച്ച് തിന്നാം
ഒന്നിനെ പൊരിച്ച് തിന്നാം.

4

പശ്ചാത്തലം വ്യക്തമാകുമ്പോൾ
ചിത്രം മാത്രമല്ല
ചിത്രകാരന്റെ കയ്യൊപ്പും
വിചിത്രമാകും വിസ്മയകരമാകും!

6

വലയിൽ കുടുങ്ങുന്നത് 
കടൽ തേടുന്ന മീനുകളാകും!
കടൽ അറിയുന്ന മീനുകൾ
വലക്കണ്ണികൾ പൊട്ടിച്ച്
സ്വതന്ത്രരായി നീന്തിത്തുടിക്കും
ബന്ധനമെന്ന പദം
അവരുടെ നിഘണ്ടുവിലില്ല.

7

രാവിന്റെ ശാന്തിതീരങ്ങളിൽ
തുരീയത്തിന്റെ സൂര്യോദയം;
തുരീയത്തിന്റെയും സുഷുപ്തിയുടെയും
ദിവ്യമഹാസംഗമം!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക