
ന്യൂയോർക്ക്: സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും മലയാളി സമൂഹവുമായി കൂടുതൽ സജീവമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. ന്യൂയോർക്കിലെ റോക്ക്ലാൻഡ് കൗണ്ടിയിലെ ക്നാനായ സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് നിലവിളക്ക് തെളിച്ച് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
2026 മുതൽ അടുത്ത രണ്ടു വർഷക്കാലം 42 ഇന കർമ്മപദ്ധതിയുടെ അടിസ്ഥാനത്തിൽ വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. കൺവെൻഷൻ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹവുമായി തുടർച്ചയായ ബന്ധം പുലർത്തുന്ന പ്രവർത്തനങ്ങൾക്കാണ് പുതിയ ഭരണസമിതി പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ പദ്ധതികൾ നടപ്പാക്കുന്നതിനായി 15-ലധികം കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചതായും ഓരോ കമ്മിറ്റിക്കും വ്യക്തമായ ഉത്തരവാദിത്വങ്ങളും പ്രവർത്തനലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരാൻ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫൊക്കാന നേതാക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു. ഗിന്നസ് റെക്കോർഡ് നേടിയ ചെണ്ടവിദ്വാൻ ജോയ്സ് വെട്ടത്തിന്റെ നേതൃത്വത്തിൽ മുപ്പതിലധികം ഗിന്നസ് കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.
മേരിക്കുട്ടി മൈക്കിളിന്റെ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അമേരിക്കൻ ദേശീയ ഗാനത്തെ തുടർന്ന് ജെസ്സി ആന്റോ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു. ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, റവ. ബ്രിജിത് ജോൺ കോശി, ഫാ. ഷിബു ഡാനിയേൽ, ഫാ. മാത്യു തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ഡോ. രാജു വർഗീസ് പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനൊപ്പം ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, സജിമോൻ ആന്റണി, ഡോ. ആനീ പോൾ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, പോൾ കറുകപ്പള്ളിൽ എന്നിവർ തിരിനാളം തെളിച്ചു.
ഫൊക്കാനയുടെ 42 ഇന കർമ്മപദ്ധതികൾ നടപ്പാക്കുന്നതിനായി രൂപീകരിച്ച 15 ഉപസമിതികളെ ചടങ്ങിൽ അവതരിപ്പിച്ചു. സോണി അമ്പൂക്കൻ സമിതികളുടെ പ്രവർത്തന മേഖലകൾ അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് അജു എബ്രഹാം, ചെറിയാൻ പെരുമാൾ, ജിൻസ് ജോസഫ്, ആന്റണി മാത്യു, മേരി ഫിലിപ്പ്, ഉഷ ജോർജ്, സുജ ജോസ്, ജോർജ് നടവയൽ, മിലി ഫിലിപ്പ്, ലിജോ ജോൺ, ആദർശ് രവീന്ദ്രൻ, ബെന്നി നെച്ചൂർ എന്നിവർ പ്രവർത്തന മേഖലകൾ വിശദീകരിച്ചു.
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്ബർ,റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ.ആനി പോൾ, മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്,ഫൊക്കാനയുടെ മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, മുൻ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.

ഫൊക്കാന കേരള കൺവെൻഷൻ കോഓർഡിനേറ്ററും മുൻ പ്രസിഡന്റുമായ പോൾ കറുകപ്പള്ളിൽ കൊച്ചിയിൽ നടക്കുന്ന കേരള കൺവെൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. പുതിയ ഭരണസമിതിക്ക് അദ്ദേഹം ആശംസകളും നേർന്നു.
ഫൊക്കാനയുടെ മുതിർന്ന നേതാക്കളും മുൻ ഭാരവാഹികളും ചടങ്ങിൽ സജീവമായി പങ്കെടുത്തു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, ട്രസ്റ്റീ ബോർഡ് ചെയർ സുനിൽ ട്രൈസ്റ്റാർ, മുതിർന്ന മാധ്യമപ്രവർത്തകരായ ജോർജ്ജ് ജോസഫ്, ജോർജ് തുമ്പയിൽ, ജോസ് കാടാപ്പുറം, ഷിജോ പൗലോസ്, ഫൊക്കാനയുടെ മുൻ ഭാരവാഹികളായ ജോയ് ഇട്ടൻ, ടെറൻസൺ തോമസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. പ്രശസ്ത നർത്തകിയും നാട്യഗുരുവുമായ ബിന്ധ്യ ശബരിനാഥിന്റെ നേതൃത്വത്തിൽ മയൂര സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിച്ച നൃത്തശിൽപം ശ്രദ്ധേയമായി. നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് ഗുരു ലിസ ജോസഫിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മോഹിനിയാട്ടവും സ്വാസ്തിക സ്കൂൾ ഓഫ് ഡാൻസിലെ കലാകാരികളുടെ പ്രകടനവും സദസ്സിന്റെ ശ്രദ്ധ നേടി. പ്രേം കൃഷ്ണയും രാജു ജോയിയും അവതരിപ്പിച്ച ഗാനങ്ങളും പ്രശംസ നേടി.
നേരത്തേ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, മുൻ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ പുതിയ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർക്ക് സംഘടനയുടെ രേഖകൾ കൈമാറി.
ജനറൽ സെക്രട്ടറി സന്തോഷ് നായർ സ്വാഗതം പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പുതുമകളെയും പാരമ്പര്യങ്ങളെയും ഒരുപോലെ ഉൾക്കൊണ്ട് ഫൊക്കാനയുടെ പ്രവർത്തനശേഷി കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ട്രഷറർ ആന്റോ വർക്കി നന്ദി രേഖപ്പെടുത്തി. ഭരണസമിതി തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളിൽ വിശ്വാസമർപ്പിച്ച് വിജയിപ്പിച്ച ഫൊക്കാന അംഗങ്ങൾക്കും അംഗസംഘടനകൾക്കും മലയാള മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
ആന്റണി മാത്യു, ഷൈനി രാജു, ജോൺ കെ. ജോർജ് എന്നിവർ ചടങ്ങിന്റെ എം.സിമാരായിരുന്നു.

ചടങ്ങിൽ യുവജനങ്ങളുടെ വർധിച്ച പങ്കാളിത്തവും ശ്രദ്ധേയമായി. പുതുതലമുറയുടെ സജീവ സാന്നിധ്യം ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന വിലയിരുത്തലാണ് ഫൊക്കാന മീഡിയ ടീം പങ്കുവച്ചത്.
പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസ്സി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മറിയ ജോസഫ്, വിമൻസ് ഫോറം ചെയർ ഷൈനി രാജു എന്നിവരോടൊപ്പം നാഷണൽ കമ്മിറ്റി, റീജിയണൽ കമ്മിറ്റി, യൂത്ത് പ്രതിനിധികൾ, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങൾ, ഓഡിറ്റർമാർ തുടങ്ങിയവരും പുതിയ പ്രവർത്തനസമിതിയിൽ ഉൾപ്പെടുന്നു.
പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ചടങ്ങ്, സംഘടനയുടെ 42 ഇന കർമ്മപദ്ധതികൾക്ക് വേദിയൊരുക്കുന്നതിനൊപ്പം വിവിധ തലമുറകളെയും മേഖലകളെയും ഒരുമിപ്പിക്കുന്ന ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായത്തിന് തുടക്കമിട്ടു.