
ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ സംഘടനയുടെ കൂട്ടായ മുന്നേറ്റത്തിന്റെ കാലഘട്ടമായിരുന്നുവെന്ന് മുൻ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ. പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു വർഷക്കാലം ഒരു ടീം എന്നതിലുപരി ഫൊക്കാന ഒന്നടങ്കം ഒരുമിച്ച് പ്രവർത്തിച്ച കാലമായിരുന്നു. താൻ ഫൊക്കാനയുടെ സെക്രട്ടറിയായി ചുമതലയേറ്റ സമയത്ത് ‘ഏത് ഫൊക്കാനയുടെ പേരാണ് പറയുന്നത്’ എന്ന് ചിലർ കളിയാക്കി ചോദിച്ചിരുന്നുവെന്നും, എന്നാൽ രണ്ടു വർഷത്തിന് ശേഷം അഭിമാനത്തോടെ ‘ഫൊക്കാന ഒന്നേയുള്ളൂ’ എന്ന് പറയാൻ കഴിയുന്ന അവസ്ഥയിലേക്ക് സംഘടന എത്തിയെന്നും ശ്രീകുമാർ ഉണ്ണിത്താൻ ഓർമിപ്പിച്ചു.
സംഘടനയുടെ നേട്ടങ്ങൾ ഏതെങ്കിലും വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ പേരിൽ മാത്രം വിലയിരുത്തേണ്ടതല്ലെന്നും, എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് ഫൊക്കാനയെ മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞങ്ങളെന്നല്ല, നമ്മുടെ പ്രവർത്തനം’ എന്ന ആശയമാണ് ഈ കാലയളവിലെ പ്രവർത്തനങ്ങൾക്ക് കരുത്തായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതായും അദ്ദേഹം വിലയിരുത്തി. ഫൊക്കാന മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ്, ഹെൽത്ത് കിറ്റ് തുടങ്ങിയ പദ്ധതികൾ പ്രാബല്യത്തിൽ കൊണ്ടുവരാനും അതിലൂടെ നിരവധി പേർക്ക് പ്രയോജനം ലഭ്യമാക്കാനും സാധിച്ചു. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കും സംഘടനയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു.
ഇതോടെ പഴയ ഫൊക്കാനയിൽ നിന്ന് പുതിയ ഫൊക്കാനയിലേക്കുള്ള മാറ്റം സാധ്യമാക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു. ഇനി ചുമതലയേൽക്കുന്ന ടീമിന് ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തമുണ്ടെന്നും, അതിന് സംഘടനാംഗങ്ങളുടെയും സമൂഹത്തിന്റെയും കൂടുതൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കാലത്തിനനുസരിച്ച് സംഘടനയുടെ പ്രവർത്തനങ്ങളിലും മാറ്റം വരുത്താൻ കഴിഞ്ഞതാണ് കഴിഞ്ഞ രണ്ടു വർഷത്തെ മറ്റൊരു പ്രത്യേകത. എല്ലാവരുടെയും സഹകരണത്തോടെയാണ് ഇത്തരം മുന്നേറ്റങ്ങൾ സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൊക്കാനയുടെ കേരള കൺവെൻഷൻ മൂന്നു ദിവസത്തെ പരിപാടിയായി മാറ്റിയത് പ്രധാന നേട്ടങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തെ കൺവെൻഷൻ പ്രഖ്യാപിച്ച് ഒരു മാസത്തിനകം തന്നെ മുഴുവൻ മുറികളും ബുക്ക് ചെയ്യപ്പെട്ടത് പരിപാടിക്ക് ലഭിച്ച വലിയ പിന്തുണയുടെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ ശ്രീകുമാർ ഉണ്ണിത്താൻ, പുതിയ ഭാരവാഹികൾക്ക് ആശംസകളും നേർന്നു. ഫൊക്കാനയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി തുടർന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന അഭ്യർഥനയും അദ്ദേഹം മുന്നോട്ടുവച്ചു.