
വർധിച്ചുവരുന്ന ക്യാൻസർ രോഗികളുടെ എണ്ണം ലോകസമൂഹത്തെ ഭയപ്പെടുത്തുന്ന ഈ കാലത്ത്, ക്യാൻസറിനെതിരെ പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരും, ഒടുവിൽ ജീവിതത്തോട് വിടപറയുന്നവരും അനേകരാണ്. ഇത് അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ്. ഒടുവിൽ ജീവിതത്തോട് പൊരുതി വിടപറയേണ്ടി വന്ന അനിതയുടെ കഥ.
ആശുപത്രിയിലെ മുറിയിൽ, ജനാലയിലൂടെ പതിക്കുന്ന നിലാവിനെ നോക്കി അവൾ നിശ്ശബ്ദയായി കിടന്നു.
ശരീരത്തെ കീഴടക്കിയ ക്യാൻസറിന്റെ വേദനയെക്കാൾ അവളുടെ മനസ്സിനെ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു, ഇനി അധികം ദിവസങ്ങൾ തനിക്കായി ബാക്കിയില്ലെന്ന സത്യം.
ചികിത്സ തുടങ്ങി. ആശുപത്രിയുടെ വെള്ളച്ചുവരുകൾ അവളുടെ ജീവിതത്തിന്റെ ഭാഗമായി. മരുന്നുകളുടെ ഗന്ധം... കുത്തിവയ്പ്പുകളുടെ വേദന... രാത്രികളിലെ ഉറക്കമില്ലായ്മ... മുടി കൊഴിഞ്ഞുപോകുന്നത്... ദിവസങ്ങൾ കഴിയുന്തോറും ശരീരം ക്ഷീണിക്കുന്നത്... എന്നിട്ടും ഓരോ രാവിലെയും അവൾ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ നിൽക്കും, എന്നിട്ട് സ്വന്തം മുഖത്തേക്ക് കുറച്ചുനേരം നോക്കും.
പിന്നെ സ്വയം പറയും “നീ ഒരു ദിവസം കൂടി ജീവിച്ചു .. അതുമതി.”
അവസാന ദിവസംവരെയും തീരാത്ത ഒരു യുദ്ധം നയിക്കുന്ന യോദ്ധാവിനെപ്പോലെ അവൾ ജീവിതത്തെ മുറുകെപ്പിടിച്ചു നിന്നു. ഒരു ദിവസം ഡോക്ടർ അവളെ നോക്കി വളരെ പതുക്കെ പറഞ്ഞു:
“അനിത... നിന്റെ ജീവിതം തിരിച്ചു കിട്ടണമെങ്കിൽ എന്തെങ്കിലും മിറക്കിൾ സംഭവിക്കണം ..വാക്കുകൾ പൂർണ്ണമാക്കാതെ ഡോക്ടർ നിശ്ശബ്ദനായി. അനിത ഡോക്ടറുടെ മുഖത്തേക്ക് നോക്കി. പിന്നെ പതുക്കെ പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ ഒളിച്ചിരുന്ന കനലുകൾ വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...
അത് മരണത്തെ സ്വീകരിച്ച ഒരാളുടെ പുഞ്ചിരിയായിരുന്നില്ല. മരണത്തോട് അവസാന നിമിഷംവരെയും പോരാടാൻ തയ്യാറായ ഒരു മനസ്സിൽനിന്ന് വന്ന പുഞ്ചിരിയായിരുന്നു അത്.
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു പ്രതിയുടെ മനസ്സ് എങ്ങനെയായിരിക്കുമോ, ഒരുപക്ഷേ അതിനോട് സാമ്യമുള്ളതായിരിക്കും മരണത്തെ കാത്തിരിക്കുന്ന ഒരു ക്യാൻസർ രോഗിയുടെ മനസ്സും.
പക്ഷേ ഇവിടെ ഒരു വലിയ വ്യത്യാസമുണ്ട്. പ്രതി ചെയ്ത കുറ്റത്തിന്റെ പേരിലാണ് ശിക്ഷിക്കപ്പെടുന്നത്.
പക്ഷേ ഈ രോഗികൾ ചെയ്ത തെറ്റ് എന്തായിരുന്നു? ഒന്നുമില്ല. അവരുടെ അവസ്ഥക്ക് നാം നൽകിയ പേര് ആണ് “വിധി.”
ഈ ലോകത്ത് ജനിച്ച ഒരാൾക്കും സ്വമേധയാ ജീവിതം അവസാനിപ്പിച്ച് പോകണമെന്ന ആഗ്രഹമില്ല. മനുഷ്യൻ, അവസാന നിമിഷംവരെയും, ജീവിതത്തോട് ചേർന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നത്.
പക്ഷേ ക്യാൻസർ എന്ന രോഗം ശരീരത്തെ മാത്രമല്ല, മനസ്സിനെയും എത്രത്തോളം തകർക്കുന്നുവെന്ന് അതിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മാത്രമേ പൂർണ്ണമായി മനസ്സിലാകൂ. പുറത്തുനിന്ന് നോക്കുന്നവർക്ക് വേദന കാണാം. പക്ഷേ ആ വേദനയ്ക്കുള്ളിലെ ഭയം... പ്രതീക്ഷ... നിരാശ... മരണത്തോടുള്ള പോരാട്ടം... ഇവയെല്ലാം അനുഭവിക്കുന്നവർക്കു മാത്രമേ അറിയൂ.
ക്യാൻസർ വാർഡിലേക്ക് ഒരിക്കലെങ്കിലും ഓരോരുത്തരും കയറിച്ചെല്ലണം. അവിടെനിന്ന് ഒരു തുള്ളി കണ്ണുനീർ പോലും തുടയ്ക്കാതെ പുറത്തേക്ക് വരാൻ കഴിയില്ല. പുരികങ്ങളില്ലാത്ത മുഖങ്ങൾ... കൺപീലികളില്ലാത്ത കണ്ണുകൾ... മുടി കൊഴിഞ്ഞ തലകൾ... ജീവിതം എന്ത് എന്ന് അറിയാത്ത ചില ചെറിയ കുട്ടികൾ, അവരുടെ ഹതാശമായ നോട്ടങ്ങൾ... പുറത്തേക്ക് വരാതെ ഉള്ളിൽ അടക്കിവച്ച കണ്ണുനീർ...
എന്നാൽ രോഗികളേക്കാൾ ചിലപ്പോൾ നമ്മളെ കൂടുതൽ വേദനിപ്പിക്കുന്നത് അവരെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടെ കണ്ണുകളാണ്. രോഗത്തെക്കാൾ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമോ എന്ന ഭയം അവരുടെ കണ്ണുകളിൽ കാണാം. പറയാനാകാത്ത പ്രാർത്ഥനകൾ അവരുടെ നിശ്ശബ്ദതയിൽ കേൾക്കാം.
എങ്കിലും... അതിനിടയിലും ചില കണ്ണുകളിൽ പ്രതീക്ഷയുണ്ടാകും. “ഞാൻ തോൽക്കില്ല...” എന്ന് പറയുന്ന പ്രതീക്ഷ. അത്തരം മനുഷ്യരുടെ കണ്ണുകളിലൂടെ ഈ ലോകത്തെ ഒരിക്കൽ നോക്കിയാൽ, പിന്നെ നമുക്ക് ഒരിക്കലും നമ്മുടെ ജീവിതത്തെക്കുറിച്ച് അഹങ്കരിക്കാൻ കഴിയില്ല. "ഇന്ന് ഞാൻ നാളെ നീ" ഇന്ന് മറ്റൊരാൾ അനുഭവിക്കുന്നത് നാളെ നിങ്ങൾക്ക് വരാം.
ജീവിതത്തിൽ ചെറിയ കാറ്റുകൾ വീശുമ്പോഴേക്കും തളർന്നുപോകുന്ന പലർക്കും, കൊടുങ്കാറ്റുകളെ നേരിടാനുള്ള ധൈര്യവും ഊർജവും നൽകുന്ന ഒരു വലിയ പാഠമായിരുന്നു അനിതയുടെ പോരാട്ടം.
ജീവിതത്തിൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്—ഈ ലോകം ജയിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്. പക്ഷേ അനിതയുടെ ജീവിതം എന്നെ പഠിപ്പിച്ചത് അതല്ല. ഈ ലോകം പൊരുതി ജയിക്കാൻ ശ്രമിക്കുന്നവർക്കും, പൊരുതി ഒടുവിൽ തോറ്റുപോകുന്നവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.
കാരണം എല്ലാ പോരാട്ടങ്ങളുടെയും അവസാനം വിജയം ആയിരിക്കണമെന്നില്ല. ചില പോരാട്ടങ്ങളുടെ മഹത്വം വിജയത്തിലല്ല. അവസാന നിമിഷംവരെയും തോൽവി സമ്മതിക്കാതെ നിന്നതിലാണ്. അനിത അത്തരമൊരു പോരാളിയായിരുന്നു.
അവൾ ക്യാൻസറിനോട് തോറ്റു എന്ന് പറയുന്നത് ഒരുപക്ഷേ ശരിയല്ല. അവളുടെ ശരീരത്തെ കീഴടക്കാൻ രോഗത്തിന് കഴിഞ്ഞു. പക്ഷേ അവളുടെ മനസ്സിനെ കീഴടക്കാൻ അതിന് കഴിഞ്ഞില്ല.
അവളുടെ അവസാന ശ്വാസംവരെയും അവൾ ജീവിതത്തെ സ്നേഹിച്ചു. അവസാന നിമിഷംവരെയും അവൾ പ്രതീക്ഷിച്ചു. അവസാന നിമിഷംവരെയും അവൾ പുഞ്ചിരിച്ചു.
“നാളെ ഞാൻ ഉണ്ടാവില്ലായിരിക്കാം...” എന്ന് അറിയാമായിരുന്നിട്ടും, അവൾ ഇന്നത്തെ ദിവസത്തെ സ്നേഹിച്ചു.
മരണത്തിന്റെ നിഴൽ മുന്നിൽ നിൽക്കുമ്പോഴും മറ്റൊരാളോട് പുഞ്ചിരിക്കാൻ കഴിയുന്നത് വലിയ ധൈര്യമാണ്. പ്രതീക്ഷയ്ക്ക് ഇനി കാരണമൊന്നുമില്ലെന്ന് തോന്നുമ്പോഴും പ്രതീക്ഷയോടെ കണ്ണുതുറക്കുന്നത് വലിയ വിജയമാണ്. അവസാനം നമ്മളെ കാത്തിരിക്കുന്നത് മരണമാണെന്ന് അറിഞ്ഞിട്ടും, അതുവരെ ജീവിതത്തോട് ചേർന്നുനിൽക്കുന്നത് തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ പോരാട്ടം.
അനിത ആ പോരാട്ടം നടത്തി. അവൾ ജയിച്ചില്ലെന്ന് ലോകം പറഞ്ഞേക്കാം. പക്ഷേ അവൾ തോറ്റില്ല.
അവൾ അവസാന നിമിഷംവരെയും പൊരുതി. അവളുടെ ജീവിതം നമ്മളോട് പറയുന്നത് ഒരേയൊരു കാര്യം മാത്രം— ജീവിതത്തിൽ നമുക്ക് എത്ര ദിവസം ലഭിച്ചു എന്നതല്ല പ്രധാനം; ലഭിച്ച ദിവസങ്ങളിൽ എത്ര ശക്തമായി നാം ജീവിതത്തെ ചേർത്തുപിടിച്ചു എന്നതാണ്.
ജീവിതത്തോടും മരണത്തോടും മല്ലടിച്ചു ജീവിക്കുന്ന ഇത്തരം ആയിരക്കണക്കിന് മനുഷ്യരിൽ ഒരാളെയെങ്കിലും നമുക്ക് സഹായിക്കാൻ കഴിഞ്ഞാൽ, അതിനേക്കാൾ വലിയൊരു പുണ്യപ്രവർത്തി ജീവിതത്തിൽ മറ്റൊന്നില്ല. അവിടെ നമ്മൾ ദൈവമായി അവരുടെ മുന്നിൽ അവതരിക്കുകയാണ്.
അവസാന ദിവസങ്ങളിൽ ഒരു രാത്രി, ആശുപത്രിയിലെ ജനലിനരികിൽ ഇരുന്നുകൊണ്ട് അവൾ ആകാശത്തേക്ക് നോക്കി.
നിലാവിന് ചുറ്റും എണ്ണമറ്റ നക്ഷത്രങ്ങൾ. അവൾ കൂടെയുണ്ടായിരുന്നവരോട് പതുക്കെ പറഞ്ഞു:
“ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല. പക്ഷേ അതുകൊണ്ട് സ്വപ്നം കാണുന്നത് നിർത്തരുത്. വീഴുമ്പോൾ എഴുന്നേൽക്കണം. കരയുമ്പോൾ കണ്ണുനീർ തുടയ്ക്കണം. നഷ്ടപ്പെടുമ്പോൾ ഓർമ്മകളെ ചേർത്തുപിടിക്കണം. അതാണ് ജീവിതം.”
പിന്നെ അവൾ വീണ്ടും ആകാശത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ അന്ന് ഭയമുണ്ടായിരുന്നില്ല.
ഒരു ശാന്തത മാത്രം. അടുത്ത ദിവസം പുലർച്ചെ അനിതയുടെ മുറിയിലെ ജനൽ പതിവുപോലെ തുറന്നുകിടന്നു.
പക്ഷേ ആ കിടക്കയിൽ അവൾ ഉണ്ടായിരുന്നില്ല. ജനലിലൂടെ ഒരു തണുത്ത കാറ്റ് അകത്തേക്ക് കടന്നുവന്നു.
ആകാശത്ത് അപ്പോൾ ഒരു നക്ഷത്രം മാത്രം കൂടുതൽ തെളിഞ്ഞുനിന്നു. ആ നക്ഷത്രത്തിന് പതിവിലേറെ ശോഭയുണ്ടായിരുന്നു. അവൾ പോയെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ ആ നക്ഷത്രത്തെ നോക്കുമ്പോഴൊക്കെ തോന്നി അതിന് എന്തോ കഥ പറയാനുണ്ട് എന്ന് .
അനിത എവിടെയും പോയിട്ടില്ല. അവൾ അവളുടെ പുഞ്ചിരിയായി...
അവളുടെ ധൈര്യമായി...അവളുടെ സ്വപ്നങ്ങളായി... ആകാശത്തിലെ ആ നക്ഷത്രമായി...
ഇന്നും നമ്മളെ നോക്കി നിൽക്കുന്നുണ്ടെന്ന്.