
FOMAA 2026–2028 ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രസിദ്ധീകരിച്ച വാർത്തയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും ചോദ്യങ്ങളും പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ശ്രീ. മാത്യു വർഗീസിന്റെ വ്യക്തിപരമായ നിലപാടുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണവുമാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
പ്രസ്തുത വാർത്തയിൽ തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത, ഫലപ്രഖ്യാപനം, Waiver, വോട്ടുകളുടെ വിശദമായ കണക്ക്, വോട്ടെണ്ണൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളും ആരോപണങ്ങളുമാണ് ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ, ഈ വിഷയങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ പരാതികളായോ ആരോപണങ്ങളായോ അഭിപ്രായങ്ങളായോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റ് പല സ്ഥാനാർത്ഥികളുമായും ഇതുസംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിരുന്നില്ല.
മാത്രമല്ല, ഇത്തരം വിഷയങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന കാര്യം ഞാൻ ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികളെ മുൻകൂട്ടി അറിയിക്കുകയോ ഞങ്ങളുടെ അഭിപ്രായം ആരായുകയോ ചെയ്തിരുന്നില്ല എന്നതും പ്രത്യേകം വ്യക്തമാക്കേണ്ടതാണ്.
അതുകൊണ്ടുതന്നെ, പ്രസ്തുത വാർത്തയിൽ ഉന്നയിച്ചിരിക്കുന്ന അഭിപ്രായങ്ങളും ആരോപണങ്ങളും ചോദ്യങ്ങളും തിരഞ്ഞെടുപ്പിൽ അദ്ദേഹത്തോടൊപ്പം മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും സംയുക്ത തീരുമാനമോ ഔദ്യോഗിക നിലപാടോ ആയി കണക്കാക്കരുത്. അവ ശ്രീ. മാത്യു വർഗീസ് വ്യക്തിപരമായി ഉന്നയിച്ച വിഷയങ്ങളായും അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടായും മാത്രമേ കാണാവൂ.
2024 തിരഞ്ഞെടുപ്പിലെ നേരിട്ടുള്ള അനുഭവം
2024-ലെ FOMAA തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വളരെ അടുത്തും സജീവമായും പ്രവർത്തിച്ച ഒരാളെന്ന നിലയിൽ, തിരഞ്ഞെടുപ്പിനായി ഉപയോഗിച്ച Simply Voting സംവിധാനത്തിന്റെ പ്രവർത്തനരീതിയും സാങ്കേതിക സംവിധാനങ്ങളും അടുത്തറിയാനും വിലയിരുത്താനും എനിക്ക് അവസരം ലഭിച്ചിരുന്നു.
ആ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഉപയോഗിച്ച Simply Voting സംവിധാനത്തിന്റെ സുരക്ഷയിലും വിശ്വാസ്യതയിലും എനിക്ക് വ്യക്തിപരമായി ശക്തമായ വിശ്വാസമുണ്ട്.
Simply Voting പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം, സ്ഥാപനം SOC 2 Type I compliance നിലനിർത്തുന്നതിനായി സ്വതന്ത്ര പരിശോധനകൾക്ക് വിധേയമാകുന്നു. AICPAയുടെ Trust Services Criteria അടിസ്ഥാനമാക്കിയുള്ള ഈ പരിശോധനകൾ Security, Availability, Confidentiality തുടങ്ങിയ നിയന്ത്രണ മേഖലകളെയാണ് പ്രധാനമായും വിലയിരുത്തുന്നത്.
അതുപോലെ, Simply Voting നൽകുന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന audit trail, encrypted communications, data-at-rest encryption, penetration testing, security reviews, voter anonymity തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും അവരുടെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടത്തിപ്പിന് നേതൃത്വം നൽകിയവരിലുള്ള വിശ്വാസം
2026-ലെ FOMAA തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടിരുന്ന ശ്രീ. മാത്യു ചെരുവിൽ, ശ്രീ. ജോർജ് മാത്യു, ശ്രീ. മാത്യു ജോഷ്വ എന്നിവരെ സംബന്ധിച്ചും എന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇവർ മൂന്നുപേരുമായും എനിക്ക് ദീർഘകാലമായുള്ള വ്യക്തിബന്ധമുണ്ട്. അതിലുപരിയായി, ഇവർ ഓരോരുത്തരുടെയും വിവിധ പ്രവർത്തന മേഖലകളിൽ വ്യത്യസ്ത ഘട്ടങ്ങളിൽ അവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഒരാൾ കൂടിയാണ് ഞാൻ. അതുകൊണ്ടുതന്നെ, ഓരോരുത്തരുടെയും അനുഭവസമ്പത്ത്, പ്രവർത്തനശൈലി, ഉത്തരവാദിത്വബോധം, ആത്മാർത്ഥത എന്നിവയെ അടുത്തറിയാനും മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
FOMAAയുടെ നിയമങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും, അംഗങ്ങളുടെ സ്വകാര്യതയും രഹസ്യസ്വഭാവവും, സംഘടന വർഷങ്ങളായി നേടിയെടുത്ത വിശ്വാസ്യതയും സൽപ്പേരും സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിന്റെ ഗൗരവവും മനസ്സിലാക്കി പ്രവർത്തിക്കാൻ ആവശ്യമായ കഴിവും പരിചയവുമുള്ള വ്യക്തികളാണ് ഇവരെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തൽ.
എനിക്ക് ലഭ്യമായ അറിവിന്റെയും നേരിട്ടുള്ള അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, ശ്രീ. മാത്യു ചെരുവിൽ, ശ്രീ. ജോർജ് മാത്യു, ശ്രീ. മാത്യു ജോഷ്വ എന്നിവർ തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ് ചുമതലകൾ അവരുടെ കഴിവിന്റെ പരമാവധി ഉത്തരവാദിത്വത്തോടെയും ആത്മാർത്ഥതയോടെയും നിർവഹിച്ചുവെന്നാണ് എന്റെ വിശ്വാസം.
ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശവും വ്യക്തിപരമായ നിലപാടുകളും
തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചോ തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചോ ചോദ്യങ്ങൾ ഉന്നയിക്കാൻ ഏതൊരു അംഗത്തിനും അവകാശമുണ്ട്. അത്തരം ചോദ്യങ്ങൾക്ക് വസ്തുതകളുടെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിൽ വ്യക്തവും സുതാര്യവുമായ മറുപടി ലഭിക്കേണ്ടതുമാണ്.
അതേസമയം, ഒരു വ്യക്തി സ്വന്തം നിലയിൽ ഉന്നയിക്കുന്ന പരാതികളോ ആരോപണങ്ങളോ അഭിപ്രായങ്ങളോ, അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റ് സ്ഥാനാർത്ഥികളുടെ കൂടി അറിവോടെയോ സമ്മതത്തോടെയോ ഉന്നയിക്കപ്പെട്ടവയാണെന്ന ധാരണ പൊതുജനങ്ങളിൽ സൃഷ്ടിക്കപ്പെടാതിരിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്.
പ്രത്യേകിച്ച്, അത്തരം വിഷയങ്ങൾ മറ്റ് സ്ഥാനാർത്ഥികളുമായി മുൻകൂട്ടി ചർച്ച ചെയ്യുകയോ അവരുടെ അഭിപ്രായമോ സമ്മതമോ തേടുകയോ ചെയ്തിട്ടില്ലെങ്കിൽ, അവയെ മുഴുവൻ തിരഞ്ഞെടുപ്പ് പാനലിന്റെയും അല്ലെങ്കിൽ അദ്ദേഹത്തോടൊപ്പം മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംയുക്ത നിലപാടായി അവതരിപ്പിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.
അതിനാൽ, ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ ആരോപണങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും ശ്രീ. മാത്യു വർഗീസിന്റെ വ്യക്തിപരമായ നിലപാടുകളാണ്; അവ ഞാൻ ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികളുടെ സംയുക്ത നിലപാടായി കണക്കാക്കരുത് എന്നതാണ് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്.
അനു സ്കറിയ