
ശങ്കരൻ ദൃഡഗാത്രൻ ആയിരുന്നു. നായാട്ട് പ്രധാന തൊഴിൽ ആയതിനാൽ ശങ്കരന് നായാടി ശങ്കരൻ എന്ന വിളിപ്പേരുണ്ടായി. അത് ലോപിച്ചു പിന്നെ നാടിശങ്കരൻ എന്നായി.
ശങ്കരന്റെ പൂർവ്വികർ കാട്ടിൽ വസിക്കുന്നവരായിരുന്നു. കാട്ടിൽനിന്നു ശേഖരിക്കുന്ന വിഭവങ്ങളും, പച്ചമരുന്നുകളും നാട്ടിൽ കൊണ്ടുവന്നു വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനമാണ് അവരുടെ ജീവിത മാർഗ്ഗം.
കാട്ടുവിഭവങ്ങൾ വിൽക്കുവാൻ നാട്ടിൽ വന്നുകൊണ്ടിരുന്ന ശങ്കരന് നാട് നന്നേ ഇഷ്ടപ്പെട്ടു. കൂലിപ്പണി ചെയ്തും, പച്ചമരുന്നുകൾ പറിച്ചുവിറ്റും, നായാട്ട് നടത്തിയും കഴിഞ്ഞിരുന്ന ശങ്കരൻ ഇടക്കൊക്കെ ഊരിൽ പോയി ഒന്നുരണ്ടു ദിവസം കഴിഞ്ഞു തിരിച്ചെത്തുക പതിവായിരുന്നു. ഇത്തവണ ഊരിൽ പോയതെന്ന് കരുതിയ ശങ്കരൻ രണ്ടുമൂന്നാഴ്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
നാൽക്കവലയിലെ ഏക ചായപ്പീടിക അപ്പുക്കുട്ടന്റെ ‘ഹോട്ടൽ രാജ രാജേശ്വരി'യാണ്. പ്രഭാതം പൊട്ടി വിടരുന്നതിനു മുമ്പേ രാജ രാജേശ്വരി ഉണർന്ന് ഉഷാറാകും. ഹോട്ടലിലെ ആകെയുള്ള ഇരിപ്പിട സൗകര്യം ഒരു നീളൻ മേശയും നീളൻ ബഞ്ചുമാണ്. ഇത് ‘ഹൗസ് ഫുൾ’ആയാൽ പിന്നീട് എത്തുന്നവർ വരാന്തയിലും, അരമതിലിലും ഇരിക്കും.
വിറ്റുവരവായി കിട്ടുന്ന നോട്ടുകളും നാണയത്തുട്ടുകളും സൂക്ഷിക്കുവാൻ വലിപ്പുള്ള ഒരു മേശയും, അതിനു മുകളിൽ പലഹാരങ്ങൾ പ്രദര്ശിപ്പിക്കുവാൻ കണ്ണാടിച്ചില്ലുകളുള്ള ഒരു അലമാരയുമുണ്ട്. അലമാര മിക്കവാറും ശൂന്യമായിരിക്കും. ചിലപ്പോൾ പപ്പടവടയോ, പരിപ്പുവടയോ അപൂർവ്വമായിട്ടൂണ്ടാകും. ചാർത്തിന്റെ ഉത്തരത്തിൽ ഒരു കുല നേന്ത്രപ്പഴമോ, പാളയംകോടൻ പഴമോ കെട്ടിത്തൂക്കിയിട്ടിരിക്കും. പുട്ടും കടലയും അല്ലെങ്കിൽ അപ്പവും കിഴങ്ങുകറിയുമൊക്കെയാണ് രാവിലത്തെ വിഭവങ്ങൾ.
തൊഴിലാളികളാണ് ചായപ്പീടികയിലെ ഭൂരിഭാഗം ഉപഭോക്താക്കളും. തൊഴിലുള്ളവർ ചായകുടിച്ചിട്ടു തൊഴിലിനു പോകും. അല്ലാത്തവർ പത്രം വായിച്ചും പരദൂഷണം പറഞ്ഞും കുറച്ചു നേരം കൂടി അവിടെ ചെലവഴിക്കും.
അപ്പുക്കുട്ടൻ കുടുംബ സമേതം ചായപ്പീടികയോട് ചേർന്നുതന്നെ താമസിക്കുന്നു. കള്ള് കുടിക്കാതിരുന്നാൽ ഇത്രയും നല്ല മനുഷ്യൻ ആ നാട്ടിൽ വേറാരുമല്ല. കുറേക്കാലം വക്കീൽ ഗുമസ്തനായി ജോലി ചെയ്തിരുന്നതിനാൽ നിയമ വശങ്ങളെല്ലാം നന്നായറിയാം. വൈകുന്നേരമായാൽ രണ്ടെണ്ണം ‘വീശണം’ പിന്നെ നാട്ടുകാരെ മുഴുവനും തെറി വിളിക്കണം. ആരിൽ നിന്നെങ്കിലും രണ്ട് ‘ഇരുട്ടടി' കിട്ടുന്നതു വരെ ഈ കലാപ്രകടനം തുടർന്നു കൊണ്ടിരിക്കും. നേരം വെളുക്കുമ്പോൾ തലേന്ന് നടന്നതെല്ലാം മറക്കും.
നാൽക്കവലയുടെ ഒത്ത നടുവിൽ ഒരു ആൽമരമുണ്ട്. അത് തഴച്ചു വളർന്ന് നാനാ വശത്തേക്കും ശിഖരങ്ങൾ വിരിച്ച് വടവൃക്ഷമായി നിൽക്കുന്നു. നാട്ടിലുള്ള കാക്കകളുടെ മുഴുവൻ വാസകേന്ദ്രം കൂടിയാണ് ഈ ആൽമരം.
അലാറം വച്ചതുപോലെ വെളുപ്പിന് അഞ്ചുമണിക്കു തന്നെ ഭഗവതി ക്ഷേത്രത്തിൽ നിന്നും സുപ്രഭാത ഗാനങ്ങൾ ആരംഭിക്കും.
ഹോട്ടൽ രാജ രാജേശ്വരിയുടെ തൊട്ടപ്പുറത്താണ് മാത്തൻ മാപ്പിളയുടെ പലചരക്കു കട. പലചരക്കിനോടൊപ്പം പച്ചമരുന്നും അവിടെ വിൽക്കപ്പെടുന്നു. പല കള്ളികളുള്ള ഒരു വലിയ പെട്ടിയിലാണ് അങ്ങാടി മരുന്നുകൾ എന്നറിയപ്പെടുന്ന പച്ചമരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. കുറുംതോട്ടി മുതൽ കൂവളം വരെ ഈ പെട്ടിയിൽ ശേഖരിച്ചിട്ടുണ്ട്.
മാമൻ മാപ്പിളയുടെ മനോരമ പോലെ മാറാടിയിലെ ‘മനോരമ'യാണ് മാത്തൻ മാപ്പിളയുടെ ഈ പലചരക്കു കട. നാട്ടിൽ നടക്കുന്ന സകലമാന വാർത്തകളും കൂടാതെ, ചുവപ്പും, പച്ചയും, നീലയുമൊക്കെ കലർന്ന കളർഫുൾ വാർത്തകളും ആദ്യം എത്തുന്നത് ഈ പലചരക്കുകടയിലാണ്.
വാർത്തകൾ ശേഖരിക്കുന്നതിനും, അത് ‘പൊടിപ്പും തൊങ്ങലും' ചേർത്ത് വിതരണം ചെയ്യുന്നതിനും മാത്തൻ മാപ്പിള വളരെ സമര്ഥനാണ്. അപ്പുക്കുട്ടന്റെ ചായക്കടയിലോ, അപ്പുറത്തെ തങ്കന്റെ ഹാൻഡ്‌സം ഹെയർ കട്ടിംഗ് സലോണിലോ ഒരു വാർത്തയെത്തിയാൽ പഞ്ചസാര തൂക്കിക്കൊണ്ടു നിൽക്കുന്ന മാത്തൻ മാപ്പിള പഞ്ചസാര ത്രാസിൽ ഉപേക്ഷിച്ചിട്ട് ബാർബർ ഷോപ്പിലേക്ക് പോകും. പഞ്ചസാര വാങ്ങുവാൻ വന്നയാൾ ഇതുകണ്ട് അന്തംവിട്ട് നിൽക്കും.
ബാർബർ തങ്കൻ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ആണ്. മുടിവെട്ട് പാർട്ട് ടൈം ജോലി മാത്രം. പാർട്ടിക്കാരുടെ മുടി സൗജന്യമായി വെട്ടിക്കൊടുക്കും.
അപ്പുക്കുട്ടനും, മാത്തൻ മാപ്പിളയും, ബാർബർ തങ്കനും ത്രിമൂർത്തികളാണ്. അവർ അറിയാതെ ആൽമരത്തിലെ ഒരില പോലും അനങ്ങുകയില്ല.
ഹാൻഡ്‌സം സലോണിന്റെ അപ്പുറത്ത് രാഘവന്റെ ന്യൂ ഫാഷൻ ജൗളിക്കടയും, കുഞ്ഞച്ചന്റെ ചാരായഷാപ്പ് കം സൈക്കിൾ റിപ്പയറിംഗ് ഷോപ്പുമുണ്ട്. ചാരായം കുടിച്ചു പഞ്ചറാവുന്നവരുടെ, സൈക്കിൾ ടയർ പഞ്ചറാക്കിയിട്ട് അത് ഒട്ടിച്ചു കൊടുക്കുക, ടയർ മാറ്റിക്കൊടുക്കുക - ഇതൊക്കെയാണ് ഈ വർക്ക് ഷോപ്പിലെ പ്രധാന സേവനങ്ങൾ.
ന്യൂ ഫാഷൻ ജൗളിക്കടയിലെ പ്രധാന തുണിത്തരങ്ങൾ കൈലിമുണ്ടും തോർത്തുമാണ്. പിന്നെ ആർക്കും വേണ്ടാത്ത കുറെ കോറത്തുണികളും കാണും.
വൈകുന്നേരങ്ങളിൽ നാൽക്കവല സജീവമാകും. പണികഴിഞ്ഞെത്തുന്നവർ മാത്തൻ മാപ്പിളയുടെ കടയിൽ നിന്നും ഒരു അമ്പതു മില്ലി വെളിച്ചെണ്ണ കൈകുമ്പിളിൽ വാങ്ങി നെറുകയിലും, തലയിലും ബാക്കി വരുന്നത് ദേഹത്തും തേച്ചു പിടിപ്പിക്കും. പിന്നെ അഞ്ഞൂറ്റിയൊന്നു ബാർസോപ്പിന്റെ ഒരു കഷണമോ, ഒരു ചന്ദ്രികാ സോപ്പോ വാങ്ങി കുളക്കടവിലോ പുഴയിലോ പോയി വിസ്തരിച്ചൊന്നു കുളിക്കും. ഇത് ആരോഗ്യത്തിന് അത്യുത്തമമെന്നു മാത്തൻ മാപ്പിള അതാതു ദിവസത്തെ വാർത്താക്കുറിപ്പിൽ അറിയിച്ചുകൊണ്ടിരിക്കും. വെളിച്ചെണ്ണയുടെയും, സോപ്പിന്റെയുമൊക്കെ വില്പനക്കുള്ള ഒരു മാർക്കറ്റിങ് തന്ത്രമാണിതെന്ന് ചില ദോഷൈക ദൃക്കുകൾ പരദൂഷണം പറയും. എന്തായാലും ഈ കച്ചവടം പൊടിപൊടിക്കാറുണ്ട്. കൂടാതെ ഇതൊരു പച്ചമരുന്ന് കട കൂടിയായതിനാൽ അവിടെ വിവിധയിനം അരിഷ്ടങ്ങളും, രസായനങ്ങളും ലഭ്യമാണ്. അരിഷ്ടത്തിലെ അനുസാരികൾ മുന്തിരിച്ചാറും, ശർക്കരയും ചില പച്ചമരുന്നുകളും തനി നാടൻ ‘വാറ്റും' ആയിരുന്നു. ഇതും ആരോഗ്യത്തിനു അത്യുത്തമം എന്ന് വാർത്താക്കുറിപ്പിറക്കി പാവങ്ങളെ കുടിപ്പിച്ചിരുന്നു.
ശങ്കരൻ ആയിരുന്നു കവലയിലെ പ്രധാന താരം. ഏതു തൊഴിൽ ചെയ്യുന്നതിനും ശങ്കരൻ തയ്യാറായിരുന്നു. മാത്തൻ മാപ്പിളയുടെ പച്ചമരുന്ന് പെട്ടിയിലേക്കുള്ള മരുന്നുകൾ മുഴുവൻ പറമ്പുകളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്നിരുന്നത് ശങ്കരനാണ്.
ദിവസങ്ങളായിട്ട് ശങ്കരനെ കാണ്മാനില്ല എന്ന വാർത്ത കവലയിൽ പ്രചരിച്ചു. സാധാരണ ഊരിൽ പോയാൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്താറുള്ളതാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും ശങ്കരനെ കാണാതായപ്പോൾ വല്ല അപകടവും സംഭവിച്ചതാകാമെന്ന് കവലയിലുള്ളവർ വിധിയെഴുതി.
ശങ്കരന്റെ അഭാവം അങ്ങാടിപ്പെട്ടിയിലെ പച്ചമരുന്നുകളെ ബാധിച്ചു. പല മരുന്നുകളും അങ്ങാടിയിൽ ദൗർലഭ്യമായി .
ഒരു ചെറിയ പാരയും വെട്ടുകത്തിയുമായി രാവിലെ ഇറങ്ങിയാൽ വൈകുന്നേരം ആകുമ്പോഴേക്കും ഒരു ചുമടുമായിട്ടാണ് ശങ്കരൻ തിരിച്ചതുന്നത്. അതിൽ പച്ചമരുന്നുകളും, മരങ്ങളുടെ പൊത്തിൽ നിന്നും വെട്ടിയെടുക്കുന്ന തേനും, കാട്ടിറച്ചിയും വരെ ഉണ്ടാകും.
ആഴ്ചകൾ കഴിഞ്ഞിട്ടും മാത്തൻ മാപ്പിളയുടെ വാർത്താവിക്ഷേപണ കേന്ദ്രത്തിൽ നിന്നും ശങ്കരനെക്കുറിച്ചുള്ള വാർത്തകളൊന്നും ലഭിക്കാറില്ല.
അന്ന് ഉച്ചവെയിലിന്റെ കാഠിന്യത്താൽ നാൽക്കവല വിജനമായിരുന്നു. ആൽമരത്തിലെ ഒരിലപോലും അനങ്ങുന്നില്ല. ചുരുക്കം ചില കാക്കകൾ മാത്രം ആൽമരത്തിൽ നിശബ്ദരായി ആരെയോ കാത്തിരിക്കുന്നു.
വല്ലപ്പോഴും ഓരോ വാഹനങ്ങൾ റോഡിലൂടെ പോകുന്നതിന്റെ ഇരമ്പൽ കേൾക്കാം. രാജാക്കാട് നിന്നും രാമപുരത്തേക്കു പോകുന്ന രാജൻ ബസ് യാത്രക്കാരോടൊപ്പം മലയോര വിഭവങ്ങളുമായി കയറ്റം കയറി വരുന്നുണ്ട്. ബസ് കവലയിൽ നിറുത്തിയപ്പോൾ, ആരും നിനച്ചിരിക്കാത്ത നേരത്ത് ശങ്കരനും, ശങ്കരനോടൊപ്പം രണ്ട് സ്ത്രീകളും ബസ്സിൽ നിന്നും ഇറങ്ങി വന്നു.
തമിഴ് ശൈലിയിൽ ഉടുത്തിരിക്കുന്ന സാരിയും ബ്ലൗസുമായിരുന്നു സ്ത്രീകളുടെ വേഷം. അവർ കഴുത്തിലും, കാതിലും, മൂക്കിലുമെല്ലാം ആവശ്യത്തിലേറെ ആഭരണങ്ങൾ ധരിച്ചിട്ടുണ്ട്.
“ഇത് എങ്കെ പൊട്ടാട്ടി സക്കി. അന്ത പൊണ്ണേയ് തങ്കച്ചി സീതമ്മ. ഇനി ഇവർ എങ്കെ കൂടെ പാർക്കും.”ശങ്കരൻ സ്ത്രീകളെ ചൂണ്ടിക്കൊണ്ട് അപ്പുക്കുട്ടനോട് പറഞ്ഞു.
ശങ്കരൻ കാട്ടിലെ ഊരിൽ പതിവുപോലെ പോയതാണ്. ഇതിനിടെ പനിപിടിച്ചു കിടപ്പിലായി. തിരികെ പോന്നപ്പോൾ ഭാര്യയേയും സഹോദരിയെയും കൂടെ കൂട്ടി. അവർ കൂടെ പൊന്നു എന്നതാവും ശരി.
മാത്തൻ മാപ്പിളയുടെ വാർത്താബുള്ളറ്റിനിലെ അന്നത്തെ പ്രധാന വാർത്ത ശങ്കരൻ രണ്ടു ഭാര്യമാരുമായി നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു എന്നതായിരുന്നു.
പിറ്റേന്ന് കമ്പിപ്പാരയും വെട്ടുകത്തിയുമായി ശങ്കരൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ചക്കിയേയും, സീതമ്മയേയും കൂടെ കൂട്ടി. ശങ്കരൻ മുന്നിലും, അല്പം പിന്നിലായി ശങ്കരന്റെ ഇരുവശത്തുമായിട്ട് ചക്കിയും, സീതയും നടത്തമിട്ടു. ഒരു മുച്ചക്ര വാഹനം പോലെയായിരുന്നു അവരുടെ നടത്തം.
ചക്കിയും സീതമ്മയും ഓരോ കാലിച്ചാക്ക് കൈവശം കരുതിയിട്ടുണ്ടാകും. പറമ്പിന്റെ ഓരത്തെ കുറ്റിക്കാട്ടിലും, പുറമ്പോക്കിലുമൊക്കെ പൊഴിഞ്ഞു കിടക്കുന്ന അടക്കയും, തേങ്ങയും, ജാതിക്കായുമൊക്കെ ശേഖരിക്കുവാനാണ് ഈ ചാക്കുകൾ.
പച്ചമരുന്നുകളും, തേനും ശേഖരിക്കുന്നതിനൊപ്പം, മാളങ്ങളിൽ ഒളിച്ചിരിക്കുന്ന കാട്ടുമുയലിനെയും, പന്നിയെലിയേയുമൊക്കെ കമ്പിപ്പാര ഉപയോഗിച്ചു മാളം ഇളക്കി നായാടുന്നതിന് ശങ്കരൻ സമര്ഥനായിരുന്നു.
കുംഭത്തിലെ ഭരണി ഉത്സവമാണ് ക്ഷേത്രത്തിലെയും, നാട്ടിലെയും പ്രധാന ഉത്സവം. കൊയ്ത്തു കഴിഞ്ഞിരിക്കുന്ന കാലം. ക്ഷേത്രത്തിനോട് ചേർന്നുള്ള വയലിലാണ് ഉത്സവമേളം നടക്കുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന സൈക്കിൾ യത്ജനം മുതൽ കഥാപ്രസംഗവും, ബാലെയും, നാടകവുമെല്ലാം വിവിധ രാത്രികളിൽ ഉണ്ടായിരിക്കും.
ഉത്സവം കൂടുന്നതിനായി പായയും തലയിണയും തെറുത്തുകെട്ടി കുടുംബസമേതം പോകുന്നത് ഒരു സാധാരണ കാഴ്ച്ചയാണ്.
ഉത്സവം കൂടുവാനെത്തുന്ന ചിലരെ റാഞ്ചുവാൻ വട്ടമിട്ടു പറന്നു നടക്കുന്ന ‘കഴുകന്മാരു’മായുള്ള അടിപിടി ഉത്സവത്തിന്റെ ഒരു ഭാഗമാണ്. ഇത്തരക്കാരെ നേരിടുന്നവരുടെ മുൻപന്തിയിൽ ശങ്കരൻ നെഞ്ചുവിരിച്ചു നിൽക്കുമായിരുന്നു.
ഉത്സവപ്പറമ്പുകൾ വാണിജ്യകേന്ദ്രം കൂടിയാണ്. ഒരു വർഷത്തേക്കുള്ള മിക്ക വീട്ടു സാധനങ്ങളും വാങ്ങുന്നത് ഈ ഉത്സവപ്പറമ്പുകളിൽ നിന്നുമാണ്.
കാലചക്രം ബ്രേക്കില്ലാതെ മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു. കാലം മാറുന്നതനുസരിച്ച് നാടിൻറെ കോലവും മാറി. അങ്ങാടിപ്പെട്ടിയും പച്ചമരുന്നുമെല്ലാം നാട്ടിൽ നിന്നും അപ്രത്യക്ഷമായി. നാൽക്കവല നാനാവിധ സൗകര്യത്താൽ വലിയ പട്ടണം പോലെയായി.
ശങ്കരനും, ചക്കിയും, സീതയുമെല്ലാം പ്രായംചെന്ന ഇണക്കുരുവികളെപോലെ പറന്നു നടക്കുന്നു. പഠിച്ച തൊഴിൽ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.
ഭദ്രകാളിയാണ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ട. ഒരു കൈയ്യിൽ വാളും മറുകൈയ്യിൽ ശൂലവുമായി പല്ലിളിച്ചു നിൽക്കുന്ന ഭദ്രകാളി!.
കാളി കോപിക്കുമ്പോഴാണത്രെ ശക്തമായ ഇടിയും മിന്നലും ഉണ്ടാവുന്നത്.
ഒരു നാൾ ദേവീക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ തലചുമടുമായി ശങ്കരനും, ചക്കിയും, സീതമ്മയും എത്തിയപ്പോൾ ശക്തമായ ഇടിയും മിന്നലുമുണ്ടായി. കറുത്തിരുണ്ട ആകാശം ഭദ്രകാളിയേപ്പോലെ കലി തുള്ളി. മഴക്കുമുന്നെ വീട്ടിലെത്തുവാൻ മൂവരും തിടുക്കത്തിൽ നടന്നു. അതിലും തിടുക്കത്തിൽ പാഞ്ഞുവന്ന ഒരു മോട്ടോർ സൈക്കിൾ ശങ്കരനെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയി. തലചുമടുകൾ റോഡിലെല്ലാം ചിന്നിച്ചിതറി. ഇടിയുടെ ആഘാതം നാൽക്കവലയെപ്പോലും നടുക്കി. ജനമെല്ലാം അപകടസ്ഥലത്ത് ഓടിക്കൂടി. ചക്കിയും സീതയും സ്തപ്തരായി നിന്നു. ഒന്നും സംഭവിക്കാത്തതുപോലെ ശങ്കരൻ ചാടി എഴുന്നേൽറ്റു. ചക്കിയും, സീതമ്മയും ശങ്കരന്റെ ഇരുവശത്തും നിലയുറപ്പിച്ചു. അടുത്ത ദിവസത്തെ സഞ്ചാരത്തിനുള്ള തുടക്കത്തിനായി ’മൂൺട്രു പേരും’ ഒരുങ്ങിക്കഴിഞ്ഞു
Read More: https://www.emalayalee.com/writer/319