Image

ഇന്ത്യ-പാക് സ്‌പോര്‍ട്‌സ് ബന്ധം മെച്ചപ്പെടുമോ ? (സനില്‍ പി. തോമസ്)

Published on 24 September, 2026
ഇന്ത്യ-പാക് സ്‌പോര്‍ട്‌സ്  ബന്ധം മെച്ചപ്പെടുമോ ? (സനില്‍ പി. തോമസ്)

ജപ്പാനിലെ ഐച്ചി- നഗോയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാക്കിസ്ഥാനെ എതിരിടാതെ സ്വര്‍ണ്ണം നിലനിര്‍ത്തി. ഫൈനല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. സെമിയില്‍ ശ്രീലങ്കയോട് തോറ്റ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് വെങ്കലം നേടി. പുരുഷന്മാരുടെ ക്രിക്കറ്റിലും ഇന്ത്യയും പാക്കിസ്ഥാനും രണ്ടു പാതയിലാണ്. ഇരു ടീമുകള്‍ക്കും നേരിട്ടു ക്വാര്‍ട്ടര്‍ കളിക്കാം. ഇരുവരും ഫൈനലില്‍ കടന്നാലേ മുഖാമുഖം വരികയുള്ളൂ.

ഏഷ്യന്‍ ഗെയിംസ് പുരുഷ-വനിതാ ഹോക്കിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമില്ല. അടുത്തിടെ ആംസ്റ്റര്‍ഡാമില്‍ സമാപിച്ച ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷന്മാര്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.(5-3). രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ഇരു രാജ്യങ്ങളും വിലക്ക് കല്പിച്ചിട്ടില്ല. വേദി നിര്‍ണയിക്കുമ്പോഴാണ് പ്രശ്‌നം. ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ അഞ്ചുവരെ ജലന്തറിലും മൊഹാലിയിലുമായി നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് ഏഷ്യന്‍ ഹോക്കി ഫെഡറേഷനോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആറു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുമെന്നായിരുന്നു സെപ്റ്റംബര്‍ പകുതിവരെ കേട്ടിരുന്നത് മലേഷ്യ, കൊറിയ, ജപ്പാന്‍, ചൈന എന്നിവയാണ് മറ്റു ടീമുകള്‍. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നവംബര്‍ ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി നവീകരിച്ച സ്‌റ്റേഡിയങ്ങളില്‍ 2030 ലെ ലോകകപ്പ് ഹോക്കിക്കു വേദിയൊരുക്കാനുള്ള ശ്രമത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍.

വേദി മാറ്റാന്‍ സാധ്യതയില്ല. പാക്കിസ്ഥാന്‍-ഇന്ത്യ മത്സരം മറ്റൊരു രാജ്യത്ത് ക്രമീകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ പിന്‍വാങ്ങുമോയെന്ന് അറിയില്ല. ഒമാനെയും ബംഗ്ലാദേശിനെയും റിസര്‍വ് ടീമുകളായി സംഘാടകര്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ദുബായ്  യില്‍ വനിതകളുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹസിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതായിരിക്കണം പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. ശ്രീലങ്കയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാ ടീം എട്ടാം തവണ ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കളായത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായ മൊഹ്‌സിന്‍ നഖ് വി പാക്കിസ്ഥാന്‍ മന്ത്രിയുമാണ്. മുന്‍കാലങ്ങളില്‍ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് നഖ് വി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം ഏഷ്യാകപ്പ് ജയിച്ചപ്പോഴും നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിച്ചില്ല. ഈ ട്രോഫികള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഓഫിസിലേക്ക് മാറ്റിയിരിക്കുകയാണ്.

മൊഹ്‌സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്നും എ.സി.സി.യുടെ ഉപാധ്യക്ഷന്‍ ഖാലിദ് അല്‍ സറൂനി ട്രോഫി സമ്മാനിച്ചാല്‍ സ്വീകരിക്കാമെന്നും അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വ്യക്തമാക്കി. ഏഷ്യാകപ്പ് ഫൈനലില്‍ കഴിഞ്ഞ വര്‍ഷം സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് കൗറിന്റെ വനിതാ ടീമിന് പാക്കിസ്ഥാന്‍ എതിരായി വന്നില്ല. 

പരുഷ ടീം നായകരെ പോലെ വനിതാ ടീം നായികമാരും പതിവുള്ള ഹസ്തദാനവും ഒഴിവാക്കി ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുമായി കളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയുള്ളതിനാല്‍ മത്സരങ്ങള്‍ക്കു തടസമില്ലെന്ന് ബി.സി.സി.ഐ. സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം കശ്മീരിലെ പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാക്കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിരുന്നു. പാക്കിസ്ഥാന്റെ പല ഭീകര പരിശീലന കേന്ദ്രങ്ങളും ഇന്ത്യ തകര്‍ത്തു.

ഇവിടെ താരങ്ങള്‍ക്കോ സ്‌പോര്‍ട്‌സ് സംഘടനയ്‌ക്കോ കേന്ദ്ര നയത്തിന് വിരുദ്ധമായൊരു തീരുമാനം എടുക്കാനാവില്ല. രാജ്യ താല്‍പര്യമാണു പരമപ്രധാനം. അപ്പോഴും സ്‌പോര്‍ട്‌സിനെ വേറിട്ടു കാണരുതോയെന്ന ചോദ്യം ഉയരാം. പ്രാചീന ഒളിംപിക്‌സിന്റെയൊക്കെ ചരിത്രത്തിൽ  യുദ്ധങ്ങള്‍ നിര്‍ത്തിവച്ച്, ശത്രുത മറന്ന് കളിക്കളത്തിലിറങ്ങിയ കഥകളാണുതാനും. പക്ഷേ ,ആധുനിക ഒളിംപിക്സിൽ ബഹിഷ്കരണം എത്രയോ തവണ സംഭവിച്ചു.

ഇതേ സമയം, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ഖാനോട് മാനുഷിക പരിഗണന കാണിക്കണമെന്നും ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിന് അയച്ച കത്തില്‍ സുനില്‍ ഗാവസ്‌ക്കറും കപില്‍ദേവും ദിലീപ് വെങ് സാര്‍ക്കറും ഒപ്പിട്ടിട്ടുണ്ട്. 21 മുന്‍ നായകരാണ് കത്തില്‍ ഒപ്പിട്ടത്. ക്രിക്കറ്റ് ഫീല്‍ഡില്‍ ഉടലെടുത്ത സൗഹൃദത്തിന്റെ ഭാഗമായാണ് ഈ അഭ്യര്‍ത്ഥനയെന്ന് കത്തില്‍ പ്രത്യേകം പറയുന്നുണ്ട്. അത് ഒരു വ്യക്തിയുടെ കാര്യം. രണ്ടു രാജ്യങ്ങള്‍ തമ്മിലാകുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനു മാത്രമേ തീരുമാനമെടുക്കുവാന്‍ സാധിക്കൂ.\
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക