
എന്നെ ഒരു സ്ത്രീയെന്ന പേരിൽ
എല്ലാ ചുമതലകളുടെയും
അവസാന വിലാസമാക്കരുത്.
എല്ലാവരുടെയും വിശപ്പിന്
എന്റെ അടുക്കളയെയും,
എല്ലാവരുടെയും വസ്ത്രങ്ങൾക്ക്
എന്റെ കൈകളെയും,
എല്ലാവരുടെയും പ്രശ്നങ്ങൾക്ക്
എന്റെ ഹൃദയത്തെയും
വാടകയ്ക്ക് കൊടുക്കാൻ
ഞാൻ ജനിച്ചത് സിൻഡ്രെല്ല യാകാനല്ല, ജനിച്ചത്,
നിങ്ങൾ ഉപേക്ഷിച്ച ജോലികൾ
അർദ്ധരാത്രി വരെ
ചെയ്തു തീർക്കാൻ കാത്തിരിക്കുന്നവൾ.
എന്റെ കൈകൾക്ക്
വിശ്രമിക്കാനും അവകാശമുണ്ട്.
എന്റെ കാലുകൾക്ക്
എന്റെ വഴിയിലൂടെ നടക്കാനും അവകാശമുണ്ട്.
എന്റെ ഹൃദയത്തിന്
എന്നെക്കുറിച്ച് ചിന്തിക്കാനും
അവകാശമുണ്ട്.
എല്ലാം സഹിക്കണം,
എല്ലാം ചെയ്ത് തീർക്കണം,
എല്ലാവരെയും പരിപാലിക്കണം;
ഇതാണ് സ്ത്രീയുടെ കടമയെന്ന്
ആരും എന്നെ പഠിപ്പിക്കേണ്ട.
ഞാൻ സ്നേഹിക്കും
പക്ഷേ എന്നെ മറന്നു കൊണ്ടല്ല.
ഞാൻ കരുതും
പക്ഷേ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടല്ല.
ഞാൻ നൽകും
പക്ഷേ എന്റെ ജീവിതം മുഴുവൻ
കൈമാറിക്കൊണ്ടല്ല.
വർഷങ്ങളോളം
“ഞാൻ ചെയ്യാം”
എന്ന് പറഞ്ഞവളാണിത് .
ഇനി ഒരിക്കൽ
“നിങ്ങൾ ചെയ്യൂ”
എന്ന് പറയാൻ
എനിക്ക് ഭയമില്ല.
കാരണം,
ഞാൻ സിൻഡ്രെല്ലയല്ല.
ഞാൻ ആരുടെയും പരിചാരകയല്ല.
ഞാൻ ആരുടെയും ഭാരവുമല്ല.
ഒരു സാധാരണ സ്ത്രീയാണ് ഞാൻ
എനിക്കും സ്വപ്നങ്ങളുണ്ട്.
എനിക്ക് ക്ഷീണമുണ്ട്.
എനിക്ക് ആഗ്രഹങ്ങളുമുണ്ട്.
എനിക്ക് എന്റെതായൊരു ജീവിതമുണ്ട്.
അതുകൊണ്ട്
ഇനി എന്റെ കൈകളിലേക്ക്
നിങ്ങളുടെ ഉത്തരവാദിത്വങ്ങളുടെ
അവസാനമില്ലാത്ത പട്ടിക
നീട്ടരുത്.
ഒരിക്കലെങ്കിലും
എന്നോട് ചോദിക്കൂ...
“നിനക്ക് എന്താണ് വേണ്ടത്?”
എന്ന് .
ഇനി
ഞാൻ മടിക്കാതെ പറയും
“എനിക്ക് എന്റെ ജീവിതം വേണം.”
എല്ലാവർക്കും വേണ്ടി
എല്ലാമായി ജീവിച്ച
ഇത്രയും വർഷങ്ങൾക്കുശേഷം,
ഇനി ഞാൻ
എനിക്കു വേണ്ടിയും ജീവിക്കാൻ പോകുന്നു.
അതെ ,
ഞാൻ സിൻഡ്രെല്ലയല്ല.
ഞാൻ എന്റെ സ്വന്തം കഥയിലെ
നായികയാണ്.
ആദിമുതൽ കഥയവസാനം വരെ
അരങ്ങ് വാഴുന്ന
നായിക...