Image

ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞടുപ്പ് 100 ശതമാനം സുതാര്യം: ബേബി മണക്കുന്നേല്‍

Published on 23 September, 2026
ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞടുപ്പ് 100 ശതമാനം സുതാര്യം: ബേബി മണക്കുന്നേല്‍

പ്രിയമുള്ള ഫോമാ മെമ്പര്‍മാര്‍ അറിയുന്നതിന്,

ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞടുപ്പില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഫോമാ 2026-2028 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച മാത്യു വര്‍ഗീസ് പേരുവച്ച് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഫോമായില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാകുന്നതാണ്. എന്നാല്‍ ജൂലൈ 31-ന്  നടന്ന തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ഉള്‍പ്പെടെ മാത്യു വര്‍ഗീസ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം വസ്തുതാവിരുദ്ധമാണെന്ന് ആദ്യം തന്നെ ചൂണ്ടിക്കാണിക്കട്ടെ.

ഫോമാ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് വിശദീകരിച്ച് ഇലക്ഷന്‍ കമ്മീഷന് കത്തുകള്‍ അയച്ചു എന്നും കമ്മീഷന്‍ അതിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്ത് നാഷണല്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇലക്ഷന്‍ കമ്മിറ്റിയിലേക്ക് മാത്യു ചെരുവിലിനെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായും ജോര്‍ജ് മാത്യു, മാത്യു ജോഷ്വാ എന്നിവരെ കമ്മീഷണര്‍മാരായും നിയോഗിച്ചത്.  അവരുടെ ഏറെ ദിവസത്തെ കഠിനാദ്ധ്വാനത്തിലൂടെ 2026-2028 ഭരണസമിതിയിലേക്കുള്ള ഇലക്ഷന്‍ സുതാര്യവും ഉത്തരവാദിത്വത്തോടും കൂടി നടത്തുവാന്‍ സാധിച്ചു. അതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അവരെ ഹാര്‍ദ്ദവമായി അനുമോദിക്കുകയാണ്.

മാത്യു വര്‍ഗീസ് അക്കമിട്ട് നിരത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഫോമായുടെ നാഷണല്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ത്ഥികളോട് വെയ്വര്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം എന്താണെന്നാണ് ആദ്യത്തെ ചോദ്യം. എല്ലാ സ്ഥാനാര്‍ഥികളില്‍ നിന്നും വെയ്‌വര്‍ ഒപ്പിട്ടു വാങ്ങുക എന്നത് കാലാകാലങ്ങളായി തുടരുന്ന ഒരു കാര്യമാണ്. ഇലക്ഷന്‍ റിസല്‍ട്ട് പ്രഖ്യാപിച്ചതിനു ശേഷം ഫോമായ്‌ക്കെതിരെ യാതൊരു വിധത്തിലുമുള്ള പരാതികളും ഇല്ലെന്ന് ഉറപ്പുവരുത്താനും ഫലം അംഗീകരിക്കാനും വേണ്ടിയാണ് ഈ നടപടി. നിയമനടപടികളുമായി മുന്നോട്ടു പോകാതിരിക്കാനും വേണ്ടിയാണ് വെയ്‌വര്‍ ഒപ്പിട്ടു വാങ്ങുന്നത്.

ഔദ്യോഗിക ചുമതലയില്ലാത്ത ചിലര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സമീപത്ത് ഉണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്ന സ്ഥലത്ത് ഫോമായുടെ ബൈലോ പ്രകാരം ആരെല്ലാമാണ് ഉണ്ടായിരിക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമിങ്ങനെ. ഫോമാ എന്ന ജനാധിപത്യ സംഘടനയുടെ ഇലക്ഷന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി തങ്ങളെ സഹായിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ചില വ്യക്തികളെ തിരഞ്ഞെടുക്കാറുണ്ട്. അത്തരം ചുമതലപ്പെട്ട വ്യക്തികള്‍ ഒഴിച്ച് മറ്റാരും തന്നെ അവിടെയുണ്ടായിരുന്നില്ല. ഇലക്ഷന്‍ കമ്മീഷനെ സഹായിക്കേണ്ടത് ആരൊക്കെയാണെന്ന് ബൈലോയില്‍ പ്രത്യേകം പറഞ്ഞിട്ടില്ല.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ഏകദേശം അരമണിക്കൂര്‍ മുമ്പ് വിജയാഘോഷം ആരംഭിച്ചത് എങ്ങനെയാണ്? ഫലം മുന്‍കൂട്ടി ലഭ്യമായിരുന്നോ? ലഭിച്ചിരുന്നെങ്കില്‍, അത് എങ്ങനെ ലഭിച്ചു എന്നും പരാതിപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ അര മണിക്കൂര്‍ മുമ്പ് ഇലക്ഷന്‍ റിസല്‍ട്ട് ഒരുകാരണവശാലും പുറത്ത് പോയിട്ടില്ല. കണ്‍വന്‍ഷന്‍ നടന്ന മെയിന്‍ ഹാളില്‍ ഏതാണ്ട് 500-ഓളം പേരുടെ സാന്നിധ്യത്തില്‍ ആണ് ചീഫ് ഇലക്ഷന്‍ കമ്മീഷണല്‍ ഫലപ്രഖ്യാപനം നടത്തിയത്. അതിനുശേഷമായിരുന്നു വിജയാഘോഷം.

ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ വിശദമായ കണക്ക്   പ്രതിനിധികള്‍ക്ക്  നല്‍കാത്തതിന്റെ കാരണം എന്താണെന്നും ചോദിച്ചിരിക്കുന്നു. ഫലപ്രഖ്യാപനം നടന്നശേഷം വോട്ടിങ്ങിന്റെ വിശദമായ കണക്കുകള്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം തന്നെ ഇത് സംബന്ധിച്ച പേപ്പറുകള്‍ നല്‍കിയിട്ടുള്ളതാണ്.  എല്ലാ സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ എന്തുകൊണ്ട് വോട്ടെണ്ണല്‍ നടത്തിയില്ല എന്ന ആരോപണത്തിനും മറുപടിയുണ്ട്. ഇവിടെ നടന്നത് ഇലക്‌ട്രോണിക് വോട്ടിങ്ങ് ആണ്. പേപ്പര്‍ ബാലറ്റ് മുഖേനയാണ് ഇലക്ഷന്‍ നടത്തുന്നതെങ്കില്‍ സ്ഥാനാര്‍ഥികളുടെയും അവരുടെ ഏജന്റിന്റെയും സാന്നിധ്യത്തില്‍ ആയിരിക്കും വോട്ടെണ്ണുക. സിംപ്ലി വോട്ടിങ്ങിന്റെ കണക്കുകള്‍ എല്ലാം തന്നെ വോട്ടിങ്ങ് മെഷീനില്‍ നിന്ന് ലഭിക്കുന്നതിനാല്‍ അത് നൂറുശതമാനം വിശ്വസനീയമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.

ഇലക്ഷന്‍ നടത്തിപ്പില്‍ ആര്‍ക്കെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍, വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ് 24 മണിക്കൂറിനകം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. എന്നാല്‍ ഏതാണ്ട് 45 ദിവസങ്ങള്‍ക്കു ശേഷം സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്തിയ ഇലക്ഷന്‍ കമ്മിറ്റിയെ അവഹേളിക്കുന്ന വിധത്തിലുള്ള പരസ്യപ്രതികരണമാണ് മാത്യു വര്‍ഗീസ് നടത്തിയിരിക്കുന്നത്. ഇലക്ഷനില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ ആദ്യം നാഷണല്‍ എക്‌സിക്യൂട്ടീവിനെയാണ് ആദ്യം അറിയിക്കേണ്ടത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അത് പരിഹരിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ പരാതി ജുഡീഷ്യറി കമ്മിറ്റിക്ക് ഫോര്‍വേഡ് ചെയ്യും. ജുഡീഷ്യറി കമ്മിറ്റിക്ക് പരിഹരിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അത് വരുന്ന ഒക്‌ടോബര്‍ 17-ാം തീയതി നടക്കുന്ന ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. അതാണ് ഫോമായുടെ നാളിതുവരെയുള്ള കീഴ്‌വഴക്കം.

സിംപ്ലി വോട്ടിങ്ങിനെ പറ്റിയും പരാമര്‍ശമുണ്ട്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം അനായാസം ഹാക്ക് ചെയ്യാന്‍ കഴിയുമത്രേ. സിംപ്ലി വോട്ടിങ്ങ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഫോമായുടെ തിരഞ്ഞെടുപ്പുകള്‍ സിംപ്ലി വോട്ടിങ്ങ് മുഖേനയാണ് നടത്തപ്പെട്ടത്. ഇവിടെയൊരു കാര്യം പ്രത്യേകം എടുത്ത് പറയുവാനായുണ്ട്. ഇലക്ഷന്‍ കമ്മീഷന് പരാതി കൊടുത്ത വ്യക്തിയുടെ പാനലില്‍ സെക്രട്ടറിയായി മത്സരിച്ച അനു സ്‌കറിയ 2024-2026ലെ ഫോമാ ഇലക്ഷന്‍ കമ്മിറ്റിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിംപ്ലി വോട്ടിങ്ങില്‍ എന്തെങ്കിലും ക്രമക്കേടുകളോ ദുരൂഹതയോ ചട്ടലംഘനമോ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനത് അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടാമായിരുന്നു. എന്നാല്‍ നാളിതുവരെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുള്ള പരാതിയും ഉണ്ടായിട്ടില്ല.

പലരും ആവശ്യപ്പെട്ടതിന്റെ പേരിലാണ് ഇങ്ങനെയൊരു വിശദീകരണം തരാന്‍ ഞാന്‍ തയ്യാറായത്.

എന്ന്

സ്‌നേഹത്തോടെ

ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി

ബേബി മണക്കുന്നേല്‍ 
ഫോമാ പ്രസിഡന്റ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക