
രാവിലെ തന്നെ ഒരുങ്ങി റെഡിയായി ഇരിക്കാൻ ഭാര്യയോട് പറഞ്ഞിരുന്നതാണ്. അടുത്ത ബന്ധുവിന്റെ കല്യാണത്തിന് ഒന്നിച്ച് പോകാമെന്ന് ഒരാഴ്ച്ച മുമ്പേ പ്ളാൻ ചെയ്തതാണ്. ഈ അവധിക്കാലത്തെ അവസാന കല്യാണമാണ്. കല്യാണങ്ങളുടെയും വീട് താമസത്തിന്റെയുമൊന്നും കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. വെക്കേഷന് ടൂറ് പോകാൻ നേരത്തെ പ്ളാൻ ചെയ്തിരുന്നതാണ്.പക്ഷേ എല്ലാ ശനിയും ഞായറും പരിപാടി. പണ്ടാരോ ചോദിച്ചതു പോലെ താഴെ നിർത്തിയിട്ട് വേണ്ടേ സ്റ്റെപ്പ് എടുക്കാൻ എന്നതായിരുന്നു അവസ്ഥ.
കല്യാണം, പുരവാസ്തോലിയുമൊക്കെ കൂടി അങ്ങനെ വെക്കേഷനും പോയി.
‘’സാരമില്ല, അടുത്ത വെക്കേഷന് നമുക്ക് ടൂറ് പോകാം..’’ ഞാൻ ഭാര്യയെ സമാധാനിപ്പിച്ചു.
’’’ശരിയാ, എല്ലാ വർഷവും വെക്കേഷനുണ്ടല്ലോ, അതാ ആകെക്കൂടിയുള്ള സമാധാനം..’’
അവൾ പറഞ്ഞപ്പോൾ ഒരു സംശയം, അത് എന്നെ ഒന്ന് കളിയാക്കിയതല്ലേ..
‘’അല്ല, ഇന്ന് കല്യാണത്തിന് പോകണ്ടേ, നീയെന്താ റെഡിയാകാതെ ഇരിക്കുന്നത്, ഞാൻ എപ്പോഴേ റെഡിയായിക്കഴിഞ്ഞു.’’
‘’അതിന് ഞാൻ ചേട്ടന്റെ കൂടെ വരുന്നുണ്ടെങ്കിലല്ലേ റെഡിയാകേണ്ട കാര്യമുള്ളൂ..’’
അവൾ പറഞ്ഞത് എനിക്ക് പിടികിട്ടിയില്ല. കഴിഞ്ഞ ദിവസം വരെ ഒന്നിച്ച് പോകാൻ പ്ളാനിട്ടതാണ്, പിന്നെ പെട്ടെന്ന് എന്തു പറ്റി, അവളുമായി എന്തിനെങ്കിലും പിണങ്ങിയതായി ഓർക്കുന്നുമില്ല, പിന്നെ എന്തേ ഒരു മനം മാറ്റം..
‘’ചേട്ടാ, ഞാനും നമ്മുടെ രജനിയും എല്ലാം കൂടി ഒന്നിച്ച് വന്നേക്കാം, പത്ത് മണിക്ക് ഒരു ബസ്സുണ്ട്, അതിന് വന്നേക്കാം..’’
അവൾ വിശദീകരിച്ചു.
’അതിന് മുമ്പ് എത്ര ബസ്സുണ്ട്, ഈ പത്ത് മണിക്ക് അതും രജനിയുമായിട്ട് തന്നെ പോകണമെന്ന് എന്താ നിർബന്ധം..?’’
’ചേട്ടാ, ഇനി മിക്കവാറും നമ്മുടെ യാത്രകളൊക്കെ ഇങ്ങനെ തന്നെയായിരിക്കും,ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റെ വഴി..’’
അവൾ പറഞ്ഞപ്പോൾ ഉത്തരാധുനിക കഥ വായിച്ച പാവം വായനക്കാരന്റെ അവസ്ഥയിലായി ഞാൻ..ഒന്നും പിടി കിട്ടിയുമില്ല, എന്നാൽ പിടി കിട്ടിയില്ലെന്ന് ആരോടും പറയാൻ പറ്റാത്ത സ്ഥിതിയും..
‘’ചേട്ടാ, ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയല്ലേ, നമ്മൾ രണ്ടു പേരും കൂടി വണ്ടിക്കൂലി കളയേണ്ട കാര്യമുണ്ടോ?, അതാ ഞങ്ങൾ പെണ്ണുങ്ങളെല്ലാം കൂടി പുറകെ വന്നേക്കാം എന്ന് പറഞ്ഞത്.’’
അപ്പോഴാണ് ഞാൻ അക്കാര്യം ഓർത്തത്. അപ്പോൾ ഇനി എല്ലായിടത്തും യാത്ര ഇങ്ങനെ ആയിരിക്കാനാണ് സാദ്ധ്യത. സ്ത്രീകൾ കാശുമുടക്കില്ലാതെ ട്രാൻസ്പോർട്ട് ബസ്സിൽ പാഞ്ഞു പോകുമ്പോൾ പാവം പുരുഷൻമാരെ കണ്ട് വണ്ടി നിർത്തിയാൽ ഭാഗ്യം, നിർത്തിയാൽ തന്നെ സീറ്റ് കിട്ടാൻ സാദ്ധ്യത വളരെ കുറവ്.., സ്ത്രീകൾ ഇടിച്ചു നിൽക്കുന്നതിനിടയിൽ കയറി നിന്നാൽ അത് വേറെ വല്ല കേസിനും വഴി തെളിച്ചാൽ അതുമായി..
അതു കൊണ്ട് പുരുഷൻമാർ മിക്കവാറും ഇനി പ്രൈവറ്റ് ബസ്സിനെ ആശ്രയിക്കാനാണ് സാദ്ധ്യത, മാത്രമല്ല, പ്രൈവറ്റ് ജെൻസ് ഒൺലിയായിട്ട് ഓടിയാലും അത്ഭുതപെടാനില്ല.
പ്രിയതമയുടെ സൗജന്യയാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും ആശംസിച്ച് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു, അപ്പോൾ സൗജന്യയാത്രയ്ക്ക് പോകാനുള്ള അവളുടെ കുറെ കൂട്ടുകാർ പടി കടന്നു വരുന്നത് കണ്ടു.
പ്രൈവറ്റ് ബസ്സ് കുറവുള്ള റൂട്ടാണ്. ഇടയ്ക്കിടയ്ക്ക് മഹിളാസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് പോകുന്നതു പോലെ തിങ്ങി നിറഞ്ഞ് വരുന്ന ട്രാൻസ്പോർട്ട് ബസ്സുകളും നോക്കി ഞാൻ നിരാശനായി കുറെ നേരം സ്റ്റോപ്പിൽ നിന്നു. ഫുട്ബോർഡ് വരെ തിങ്ങി നിറഞ്ഞ ആ ബസ്സുകളിൽ കേറിയാൽ ചിലപ്പോൾ കല്യാണത്തിന് പോകേണ്ടതിനു പകരം ഞാൻ പോലീസ് സ്റ്റേഷനിൽ പോകേണ്ടിയും വന്നേക്കാം.. അങ്ങനെ നിൽക്കുമ്പോഴാണ് വേണോ വേണ്ടയോ എന്ന മട്ടിൽ ഒരു പ്രൈവറ്റ് ബസ്സ് സ്റ്റോപ്പിലെത്തിയത്.
ബസ്സിൽ കയറി കഴിഞ്ഞപ്പോഴാണ് അവരുടെ മന്ദഗതിയുടെ കാര്യം മനസ്സിലായത്. ആളുണ്ടായിട്ട് വേണ്ടേ സ്പീഡിൽ പോകാൻ, പാവം സൗജന്യയാത്രയില്ലാത്ത കുറച്ചു പുരുഷൻമാർ മാത്രം, അവരെ നോക്കിയും ഇടയ്ക്ക് സ്ത്രീകളുമായി തിങ്ങി നിറഞ്ഞു പോകുന്ന ട്രാൻസ്പോർട്ട് ബസ്സുകളെ നോക്കിയും നെടുവീർപ്പിട്ടാണ് പ്രൈവറ്റിന്റെ യാത്ര. ഒരു വിധം ഇറങ്ങാനുള്ള സ്റ്റോപ്പായപ്പോൾ ആശ്വാസത്തോടെ ഞാനും നെടുവീർപ്പിട്ടു.
മുഹൂർത്തം കഴിഞ്ഞു കാണുമോ എന്ന വെപ്രാളത്തോടെ കല്യാണ ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറുമ്പോൾ ഭാര്യയും കൂട്ടുകാരും സദ്യയും കഴിഞ്ഞ് തിരിച്ചു വരുന്നു. ഞാൻ കയറിയ പ്രൈവറ്റ് ബസ്സിനെ ഓവർടേക്ക് ചെയ്ത് പോയ ഏതോ ബസ്സിൽ അവരുമുണ്ടായിരുന്നു.
‘’ചേട്ടാ, ഞങ്ങൾ ഇറങ്ങുന്നു, രണ്ട് മണിയ്ക്ക് കെ.എസ്.ആർ.റ്റി.സിയുടെ ഒരു ലേഡീസ് ഒൺലി ബസ്സുണ്ട്, ചേട്ടൻ സദ്യയൊക്കെ കഴിച്ചിട്ട് പതിയെ ഏതെങ്കിലും പ്രൈവറ്റ് ബസ്സിന് കേറി വന്നേക്ക്..’’
മുഹൂർത്തവും കഴിഞ്ഞു, കല്യാണവും കഴിഞ്ഞു, ഇനി ചെല്ലുമ്പോൾ സദ്യയെങ്കിലും കിട്ടിയാൽ കിട്ടി..ബസ്സിനായുള്ള ഇടി കഴിഞ്ഞ് ഇനി അടുത്തത് സദ്യയ്ക്കായുള്ള ക്യൂവിലെ ഇടിയ്ക്ക് ഇടം പിടിക്കാനുള്ള ഓട്ടമാണ്.
അതിനിടയിൽ കയ്യും വീശി യാത്ര പറഞ്ഞ് പ്രിയതമയും കൂട്ടുകാരികളും പോകുന്നത് കണ്ടപ്പോൾ ഞാനോർത്തു, അടുത്ത ജന്മത്തിലെങ്കിലും സ്ത്രീയായി ജനിച്ചാൽ മതിയായിരുന്നു!