Image

ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞടുപ്പില്‍ ദുരൂഹത; ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തത വരുത്തുന്നില്ല

Published on 19 September, 2026
ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി  തിരഞ്ഞടുപ്പില്‍ ദുരൂഹത; ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തത വരുത്തുന്നില്ല

ഫ്‌ളോറിഡ: ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് 2026-2028 ഭരണ സമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച മാത്യു വര്‍ഗീസ് ആരോപിച്ചു. ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷനോട് വ്യക്തത വരുത്താന്‍ വാക്കാലും, രണ്ടുവട്ടം ഇമെയില്‍ വഴി രേഖാ മൂലവും ആവശ്യപ്പെട്ടിട്ടും അവര്‍ യാതൊരു പ്രതികരണവും നടത്താത്ത സാഹചര്യത്തിലാണ് മാത്യു വര്‍ഗീസ് ഇത്തരത്തിലൊരു പരസ്യ പ്രതികരണവുമായി രംഗത്തു വന്നത്.

ആയിരം ഡോളര്‍ നോമിനേഷന്‍ ഫീസ് കൊടുത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വ്യക്തിയെന്ന നിലയില്‍ ഇലക്ഷന്‍ പ്രക്രിയയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങളും അതിന്റെ നിജസ്ഥിതിയും ഉത്തരവാദപ്പെട്ടവരില്‍ നിന്ന് യഥാസമയം അറിയാനുള്ള ധാര്‍മികവും മൗലികവുമായ അവകാശം തനിക്കുണ്ടെന്ന് മാത്യു വര്‍ഗീസ് പറഞ്ഞു. ഇലക്ഷന്‍ കഴിഞ്ഞാലും അതുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കമ്മിഷന്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഫോമായുടെ ജനാധിപത്യ അടിത്തറയ്ക്ക് കോട്ടം സംഭവിക്കും. തിരഞ്ഞെടുപ്പുകളില്‍ കൈ കൊണ്ട് എണ്ണുന്ന കടലാസ് ബാലറ്റാണ് ഉചിതമെന്നും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം അനായാസം ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്യു വര്‍ഗീസ് അക്കമിട്ട് നിരത്തിയ ചോദ്യങ്ങളടങ്ങിയ വാര്‍ത്താക്കുറിപ്പ് ഇപ്രകാരം:

ഫോമാ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം മാറ്റണമെന്നല്ല ഞങ്ങളുടെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണ്ണമായും സുതാര്യമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്.

1. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാര്‍ത്ഥികളോട് Waiver ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം എന്താണ്?

2. ഔദ്യോഗിക ചുമതലയില്ലാത്ത ചിലര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സമീപത്ത് ഉണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്ന സ്ഥലത്ത് ഫോമായുടെ ബൈലോ പ്രകാരം ആരെല്ലാമാണ് ഉണ്ടായിരിക്കേണ്ടത്?

3. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ഏകദേശം അരമണിക്കൂര്‍ മുമ്പ് വിജയാഘോഷം ആരംഭിച്ചത് എങ്ങനെയാണ്? ഫലം മുന്‍കൂട്ടി ലഭ്യമായിരുന്നോ? ലഭിച്ചിരുന്നെങ്കില്‍, അത് എങ്ങനെ ലഭിച്ചു?

4. ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ വിശദമായ കണക്ക്  (Detailed Results) പ്രതിനിധികള്‍ക്ക്  നല്‍കാത്തതിന്റെ കാരണം എന്താണ്? Simply Voting-മായി ഒപ്പിട്ട Waiver, ഇതിന് നിയമപരമോ നടപടിക്രമപ്രകാരമോ ആയ തടസ്സമാണോ?

5. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ എന്തുകൊണ്ട് വോട്ടെണ്ണല്‍ നടത്തിയില്ല...?

ഈ ചോദ്യങ്ങള്‍ ആരെയും കുറ്റപ്പെടുത്തുന്നതിനല്ല. തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് പ്രതിനിധികള്‍ക്ക് വ്യക്തതയും വിശ്വാസവും ഉറപ്പാക്കുന്നതിനാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഫോമാ നേതൃത്വത്തോടും ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നത്.

വിശദമായ തിരഞ്ഞെടുപ്പ് ഫലവും ലഭ്യമായ തിരഞ്ഞെടുപ്പ് രേഖകളും പ്രതിനിധികള്‍ക്ക് പരിശോധിക്കാവുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കുക. ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്‍കുക. ഫലം മാറ്റണമെന്നല്ല ഞങ്ങളുടെ ആവശ്യം. സുതാര്യതയും ഉത്തരവാദിത്തവും വസ്തുതാപരമായ വ്യക്തതയും മാത്രമാണ് ആവശ്യപ്പെടുന്നത്. ഓരോ ഫോമാ പ്രതിനിധിക്കും തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്ന് വീണ്ടും ആവര്‍ത്തിക്കട്ടെ.

Join WhatsApp News
പണിയൻപിള്ള 2026-09-19 16:31:18
മാറ്റി വർഗീസ് പറയുന്നത് ശരിയാണ്. ഈ ഫോമ പൊക്കാനാ World malayali കൾ ഒന്നും ശരിയായിട്ടില്ല നടക്കുന്നത്. അതിൽ അപാകതകളാണ് കൂടുതലും. പിന്നെ ഈ സംഘടനകൾ കൊണ്ട് ആർക്കും ഒരു ഗുണവുമില്ല. ഏതാനും പേർക്ക് പൊങ്ങി പൊങ്ങി നടക്കാം എന്ന് മാത്രം. ഉള്ള മെയിൻ പരിപാടി ഈ ഇലക്ഷനും ഇലക്ഷൻ പ്രചാരണം, ഒക്കെ മാത്രം. . അത് ഒരു ജനാധിപത്യപരമായി നടത്താൻ ഇവറ്റകൾക്ക് ആകുന്നില്ല. പാനലിൻ സിസ്റ്റം തന്നെ മോശമാണ്. പാനൽ നയിക്കുന്നത് മിക്കവാറും ദുർബലനായ സ്ഥാനാർത്ഥികൾ ആയിരിക്കും. അതിനകത്ത് അബദ്ധവശാൽ ചില മിടുക്കന്മാരും മിടുക്കികളും വെട്ടു വന്നിരിക്കും. പാനൽ നയിക്കുന്ന നേതാവ്, ദുർബലനും ചണ്ണയും ആയാൽ, അയാളുടെ കൂടെയുള്ള ഏതു മിടുക്കനും മിടുക്കിയും തോറ്റു പോകുകയും ചെയ്യും. അതുതന്നെയാണ് ഫോമ പൊക്കാനാ ടീമിന് പറ്റിയത്. ഇതെല്ലാം കോടതിയിൽ പോകേണ്ട വിഷയങ്ങളാണ്. പക്ഷേ അവിടെയും രക്ഷയില്ല. ജഡ്ജികൾ ആ ചീള് കേസുകൾ എടുത്ത് ദൂരെ എറിഞ്ഞു കളയും. . ചുമ്മാ പണം മുടക്കാം എന്ന് മാത്രം. ബുദ്ധിയും വിവേകവും ഡീസന്റും ഉള്ള ആൾക്കാർ ഇത്തരം സംഘടനകളുടെ പുറകെ നടക്കുകയില്ല.
Sasiyettan 2026-09-19 20:28:25
Matti Varghese ingane pottanulla kaaranam ippozhanu manassilayathu....😂😂😂
Shannan George 2026-09-19 22:32:54
ഏതു രീതിയില ആയാലും ജയിക്കുന്നവന്റെ ബാങ്ക് ബാലൻസ് ഉയരും.
ജോൺ കുര്യൻ 2026-09-20 01:41:43
800 വോട്ടുകൾ എണ്ണാൻ എന്തിനാണ് EVM?! EVM വന്നതിൽ പിന്നീട് പാനലുകൾ ഒന്നാകെ വൻഭൂരിപക്ഷത്തോട് വിജയിക്കുന്നതിൽ ഞാൻ കഴിഞ്ഞ പൊതുയോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കാര്യങ്ങൾ മൊത്തത്തിൽ സംശയാസ്പദമാണ്, വോട്ടിംഗ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണം. Manmade software manipulation സാധ്യമാണ്, അതിനാൽ ഇനിയെങ്കിലും FOMAA ഇക്കാര്യത്തിൽ പുനർചിന്തനം നടത്തണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക