
വാർത്ത കേട്ടാൽ
നാട്ടിലെ നാസ്തിക വർഗ്ഗം
ഞെട്ടുമൊ എന്നറിയില്ല -
കാലമല്ലാക്കാലത്തെ ഒരു പ്രഭാതത്തിൽ
ലോക്കൽ പത്രം വായിക്കുന്നതിനിടെ
കാലം അകാലത്തിലങ്ങ്
കാലഗതി പൂകി അഥവാ
മാരകമായ ഊർദ്ധ്വൻ വലിച്ചു!
മരണമന്വേഷിച്ച്
വന്നവരിൽ ഭൂതവും
വർത്തമാനവും ഭാവിയും
ദളിതരിൽ പ്രബുദ്ധനായ
നാനോ നിമിഷവും.
ഭൂതം ഓർമ്മകളുടെ
ഇരുണ്ട അറകളിൽ
നട്ടം തിരിഞ്ഞു.
ഭാവി പ്രതീക്ഷയറ്റ്
വിറങ്ങലിച്ചു നിന്നു.
വർത്തമാനം
അനിശ്ചിതത്വത്തിൽ
വിങ്ങിപ്പൊട്ടി.
"സൂര്യനു കീഴെ ആരാണ് ക്ലോസാകാതിരിക്കുക!"
സ്ഥിത: പ്രജ്ഞനായ നാനോ നിമിഷം പറഞ്ഞു :
"ഒന്നുകിൽ കലണ്ടറിന്റെ കള്ളികൾക്കകത്ത് കുഴിച്ചു മൂടാം. അല്ലെങ്കിൽ ക്ലോക്കിന്റെ ചില്ലിനകത്ത് വിറങ്ങലിച്ച സൂചികൾക്കിടയിൽ
സമാധിയിലിരുത്താം. തുടക്കത്തെ
കാൻസൽ പണ്ണുവാൻ ഒരു ഒടുക്കവും
ഒടുക്കത്തെ കാൻസൽ പണ്ണുവാൻ
ഒരു തുടക്കവും... അതല്ലേ പ്രപഞ്ചത്തിന്റെ ഒരു കാവ്യനീതി?"
വൈകാതെ ഭൂതവും ഭാവിയും വർത്തമാനവും 'സൂചികൾക്കിടയിൽ
വിഖ്യാതമായ കാലത്തിന് ഒരു സമാധി' എന്ന പൊതുധാരണയിലെത്തി.
അവർ വർത്തുളഗതിയുള്ള
കാലത്തിന്റെ ഭൌതികശരീരവും ചുമന്ന് കിണറ്റിൻ കരയിലേക്ക് നീങ്ങി; ജഡത്തെ നല്ല കദളിവാഴയിലയിലിറക്കി വെച്ചു.
ആദ്യത്തെ ജലത്തുള്ളി വീണതും ഒരത്ഭുതം ;ജഡം സ്പന്ദിക്കാൻ തുടങ്ങി. ഒരു വെളിപാടിനെയനുസരിച്ചെന്നോണം ജഡം നനഞ്ഞ ഇലയിൽ കമിഴ്ന്നു കിടന്നു കാലിട്ടടിച്ചു കാണിച്ചു.
അഹോരാത്രം, മാസം, ഋതു, അയനം,
മഹായുഗം, കൽപ്പം ഇത്യാദികൾ വീണ്ടും വിനോദതീർത്ഥയാത്രയ്ക്കായി
ബ്രഹ്മാണ്ഡത്തിൽ ചുറ്റിക്കറങ്ങി!
"കാലത്തിന് മഹത്വം; കാലത്തിന്റെ അന്തസ്സ് എത്ര വലുതാണ്!"
ഭൂതവും ഭാവിയും വർത്തമാനവും
വിസ്മയപുളകിതരായി ഏകസ്വരത്തിൽ സ്തുതിഗീതമാലപിച്ചു.
പ്രബുദ്ധരിൽ പ്രബുദ്ധനായ നാനോ നിമിഷത്തിന്റെ കണ്ണുകളിൽ ഒരു പുഞ്ചിരി പടർന്നു. ദളിതൻ മനസ്സിൽ മന്ത്രിച്ചു:
കാണാപ്പുറത്ത്
ദിവ്യസ്പന്ദങ്ങളല്ലയൊ
നിത്യചൈതന്യത്തിന്റെ!!