Image

ഇടക്കാല ജി ഓ പി കൺവെൻഷൻ: പാക്കേജുകളുടെ വില പലരെയും അകറ്റി നിർത്തുന്നു (ഏബ്രഹാം തോമസ്)

Published on 07 September, 2026
ഇടക്കാല ജി ഓ പി കൺവെൻഷൻ: പാക്കേജുകളുടെ വില പലരെയും അകറ്റി നിർത്തുന്നു (ഏബ്രഹാം തോമസ്)

ഡാലസ് : ഡാലസിൽ അമേരിക്കൻ എയർലൈൻസ് സെന്ററിൽ സെപ്റ്റംപർ 7, 8 തീയതികളിൽ നടക്കുന്ന ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടിയുടെ ഇടക്കാല കൺവെൻഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ പാക്കേജുകൾ ഭാരവാഹികൾ നൽകുന്നുണ്ട്. ഇവയിൽ ഏറ്റവും ഉയർന്ന പാക്കേജിന്റെ വില ഒരു ലക്ഷം ഡോളറാണ്. ഇത്രയും ഉയർന്ന വില നൽകി പാക്കേജ് വാങ്ങുവാൻ പലരും മടിക്കുന്നതായാണ് റിപ്പോർട്ട്.

ഈ പാക്കേജിൽ നിശ്ചിത ആളുകൾക്ക് പ്രവേശനം, സൗജന്യ സൂട്ടുകൾ , വിവിധ പരിപാടികൾക്കുള്ള പ്രവേശനം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ബുധനാഴ്ച ആരംഭിക്കുന്ന കൺവെൻഷനിൽ ആദ്യ ദിനം വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് സമ്മേളനം ഉദ്‌ഘാടനം നിർവഹിക്കും. വ്യാഴാഴ്ചത്തെ സമാപന സമ്മേളനത്തിലാണ്
പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സദസ്യരെ അഭിസംബോധന ചെയ്തു സംസാരിക്കുക. ഈ കൺവെൻഷന് ട്രംപ് മുൻകൈ എടുത്താണ് വിവിധ തയ്യാറെടുപ്പുകളും നേരിട്ട് തന്നെ ക്ഷണക്കത്തുകൾ അയക്കുകയും മറ്റും ചെയ്തത്.

വിവിധ സർവേകളിൽ ട്രംപിന്റെ ജന സമ്മിതി താഴുന്നതായി റിപോർട്ടുകൾ വരുന്ന സാഹചര്യത്തിൽ ഈ കൺവെൻഷന് ഏറെ പ്രാധാന്യം രാഷ്ട്രീയ നിരീക്ഷകർ കല്പിക്കുന്നു.
1984 ൽ പ്രസിഡണ്ട് റൊണാൾഡ് റീഗന് നോമിനേഷൻ നൽകിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷനാണ് ഇതിനു മുൻപ് ഡാലസിൽ നടന്നത്. സാമ്പത്തിക നില വളരെ അധികം താഴ്ന്ന ഒരു അവസരത്തിൽ റീഗൻ നോമിനേഷൻ സ്വീകരിക്കുകയും യു എസ് പ്രസിഡന്റായി വരികയും ചെയ്തതിനു ശേഷം അവിശ്വസനീയമായി സമ്പദ് വ്യവസ്ഥയെ കര കയറ്റി ദൃഢമാക്കിയ ചരിത്രം ഇന്നും നിരീക്ഷകർ സാക്ഷ്യം വഹിക്കുന്നു.

42 വർഷത്തിന് ശേഷം മറ്റൊരു ജി ഓ പി സമ്മേളനം ഡാലസിൽ നടക്കുമ്പോൾ ഈ കാലയളവിൽ ഡാലസിനും, ടെക്സസിനും അമേരിക്കക്കും സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങൾ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. കോൺവെൻഷനിൽ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുവാൻ കഴിയില്ല (പൊതു തിരഞ്ഞെടുപ്പു 2028 ലെ ഉള്ളൂ). നിലവിലെ പ്രസിഡന്റിന്റെ നില പരുങ്ങലിലാണ്. മൂന്നിൽ ഒന്ന് അമേരിക്കക്കാർ മാത്രമേ ഇപ്പോൾ ട്രംപിനെ പിന്താങ്ങുന്നുള്ളൂ. അമേരിക്ക ഇടപെട്ട യുദ്ധങ്ങൾക്ക് വേണ്ടി വന്ന ഭരിച്ച ചെലവ് ധനകമ്മി ധാരാളം വർധിപ്പിച്ചു. മധ്യ പൂർവ ഏഷ്യയിലെ യുദ്ധത്തിൽ നിന്ന് അമേരിക്കക്ക് പിന്മാറാനും കഴിയുന്നില്ല. നികുതി ദായകർക്കു തിരിച്ചു നൽകാമെന്ന് വാക്ക് നൽകിയ പ്രസിഡന്റിന് ഇത് വരെ വാക്ക് പാലിക്കുവാൻ കഴിഞ്ഞിട്ടില്ല. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള നേരിയ ഭൂരിപക്ഷം നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പോടെ നഷ്ടമാകും എന്ന് പ്രവചനങ്ങൾ ഉണ്ട്. സെനറ്റിലെ നേരിയ ഭൂരിപക്ഷവും കൈ വിട്ടു പോയേക്കാം.

പ്രതിനിധി സഭയിൽ ടെക്സസിൽ നിന്ന് റിപ്പബ്ലിക്കനുകൾക്കു 24 അംഗങ്ങളാണുള്ളതു്. ഇവരിൽ 13 പേർ മാത്രമേ ഡാലസ് കോൺവെൻഷനിൽ പങ്കെടുക്കാൻ സാധ്യത ഉള്ളൂ എന്നാണ് റിപ്പോർട്ട്. താഴേക്കിടയിൽ ഉള്ള അനുയായികൾക്ക് സൗജന്യമായോ വില കുറച്ചോ ടിക്കറ്റുകൾ ലഭ്യമാക്കണമായിരുന്നു എന്ന് പാർട്ടിയിൽ ഒരു അഭിപ്രായം ഉണ്ട്. എന്നാൽ പാർട്ടി മുൻപും ഇത് പോലെ ധന ശേഖരണം നടത്തിയിട്ടുണ്ട് എന്ന് വാദിക്കുന്നവരും ഉണ്ട്.

കൺവെൻഷന്റെ സുരക്ഷക്കു വേണ്ടി ഡാലസ് നഗര സഭ 2.5 മില്യൺ ഡോളർ ചിലവഴിക്കേണ്ടി വരും എന്നാണ് കണക്കു കൂട്ടുന്നത്. റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷന് വേണ്ടി സ്വരൂപിച്ച 45 മില്യൺ ഡോളറിൽ നിന്നു ഈ തുക നൽകാൻ സന്നദ്ധമാണെന്ന് പാർട്ടി അറിയിച്ചിട്ടുണ്ടന്നാണ് റിപോർട്ടുകൾ.
വാഹനം ഓടിച്ചു കൺവെൻഷന് എത്തുന്നവർക്ക് സമീപ നഗരമായ ഗ്രാൻഡ് പ്രയറിയിലെ ലോൺ സ്റ്റാർ സ്റ്റേഡിയത്തിൽ വാഹനം പാർക്ക് ചെയ്തു അവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ബസുകളിൽ കയറി അമേരിക്കൻ എയർലൈൻസ് സെന്ററിൽ എത്താം എന്ന് സംഘാടകർ അറിയിക്കുന്നു.
കൺവെൻഷനിൽ എത്തുന്ന വിശിഷ്ടാഥിതികളിൽ ഡൊണാൾഡ് ട്രംപ് ജൂനിയർ, ട്രംപ് ക്യാബിനെറ്റിലെ അംഗങ്ങൾ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻറ്, സ്പീക്കർ മൈക്ക് ജോൺസൻ , സെനറ്റ് മെജോരിറ്റി വിപ് ജോൺ ബ്രാസ്സോ, ഹോബ്സ് മെജോരിറ്റി ലീഡർ സ്റ്റീവ് സ്കലിസെ, അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ, ഹെൽത് ആൻഡ് ഹ്യൂമൻ സെർവിസ്സ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ഡാളസ് മേയർ എറിക് ജോൺസൻ എന്നിവരുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപ് കൺവെൻഷനിൽ പങ്കെടുക്കുകയില്ല എന്ന് ഒരു വൈറ്റ് ഹാവ്സ് വക്താവ് അറിയിച്ചു.

Read More: https://www.emalayalee.com/writer/260


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക