Image

ഹൂസ്റ്റണിലെ ചരിത്ര കണ്‍വന്‍ഷന് പിന്നാലെ ചിക്കാഗോയില്‍ ഫോമായുടെ സൗഹൃദ സംഗമം

Published on 05 September, 2026
ഹൂസ്റ്റണിലെ ചരിത്ര കണ്‍വന്‍ഷന് പിന്നാലെ  ചിക്കാഗോയില്‍ ഫോമായുടെ സൗഹൃദ സംഗമം

ചിക്കാഗോ: അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച ഫോമയുടെ ഒന്‍പതാമത് ഫാമിലി കണ്‍വന്‍ഷന്റെ വിജയത്തിന് പിന്നാലെ സംഘടനാ നേതാക്കളും ഡെലിഗേറ്റുകളും സുഹൃത്തുക്കളും ഒത്തുചേരുന്ന സൗഹൃദ സംഗമത്തിന് ചിക്കാഗോ വേദിയൊരുങ്ങുന്നു. 'ഫോമാ സൗഹൃദ സംഗമം 2026' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഫോമാ സെന്‍ട്രല്‍ റീജിയന്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

''ഹൂസ്റ്റണില്‍ നടന്ന ചരിത്രപരമായ ഒന്‍പതാമത് ഫാമിലി കണ്‍വന്‍ഷന്റെ ആവേശവും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സ്‌നേഹസംഗമത്തിന്റെ ലക്ഷ്യം. ഫോമാ കുടുംബത്തിലെ നേതാക്കളെയും ഡെലിഗേറ്റുകളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കാണാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമാണിത്...'' ബേബി മണക്കുനേല്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 16-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് സീറോ മലബാര്‍ കത്തിഡ്രല്‍ പാരീഷ് ഹാളിലാണ് (5000 St. Charles Rd, Bellwood, IL 60104) പരിപാടികള്‍. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു, ജോസി കുരിശിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമത്തിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഫോമയുടെ എക്‌സിക്യൂട്ടീവി കമ്മിറ്റി അംഗങ്ങ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളും വിവിധ റീജിയനുകളില്‍ നിന്നുള്ള നേതാക്കളും നാഷണല്‍ കമ്മിറ്റി അംഗങ്ങളും ഡെലിഗേറ്റുകളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കണ്‍വന്‍ഷനിലെ ഔപചാരിക പരിപാടികളില്‍നിന്ന് വ്യത്യസ്തമായി സൗഹൃദത്തിനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയത്തിനും പ്രാധാന്യം നല്‍കുന്ന ഒരു കൂട്ടായ്മയായിരിക്കും സൗഹൃദ സംഗമം. ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍, സംഘടനയുടെ വളര്‍ച്ച, വിവിധ റീജിയനുകള്‍ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിലും അനൗപചാരിക ചര്‍ച്ചകള്‍ക്ക് സംഗമം വേദിയാകും.

ഹൂസ്റ്റണ്‍ കണ്‍വന്‍ഷനിലൂടെ ഫോമാ കൈവരിച്ച സംഘടനാ മികവിന്റെയും കൂട്ടായ്മയുടെയും തുടര്‍ച്ചയായി മാറുന്ന ഈ സ്‌നേഹസംഗമം, അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മറ്റൊരു മനോഹര വേദിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക