Image

മെയിൽ ഇൻ ബാലറ്റുകൾ പുതിയ വിവാദത്തിലേക്ക് (ഏബ്രഹാം തോമസ്)

Published on 04 September, 2026
മെയിൽ ഇൻ ബാലറ്റുകൾ പുതിയ വിവാദത്തിലേക്ക് (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : യു എസ്സിൽ മെയിൽ ഇൻ ബാലറ്റുകൾ എക്കാലവും വിവാദമായിട്ടുണ്ട്. മാറി മാറി വരുന്ന ഭരണങ്ങൾ മെയിൽ ഇൻ ബാലറ്റുകളുടെ സുതാര്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നു എന്ന ആരോപണം തുടർച്ചയായി ഉയരാറുണ്ട്. മൊത്തം പോൾ ചെയ്യുന്ന വോട്ടുകളുടെ ഏതാണ്ട് മൂന്നിലൊന്ന് മെയിൽ ഇൻ ബാലറ്റുകളാണ് എന്നാണ് കണക്കാക്കപെടുന്നത്. അതിനാൽ തന്നെ മെയിൽ ഇൻ ബാലെറ്റുകളുടെ സുതാര്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഇപ്പോൾ ഉയരുന്ന ആരോപണം യു എസ് പോസ്റ്റൽ സർവീസ് പുതിയതായി ഏർപെടുത്തുന്ന മാറ്റങ്ങൾ വളരെ ധൃതി പിടിച്ചു നടപ്പാക്കുന്നതാണ്, പിഴവുകൾ ഏറെയുണ്ട് എന്നാണ്. ഡെമോക്രറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൾ ആണ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡറിലാണ് പുതിയ നടപടിക്രമങ്ങൾ ഉണ്ടായിരുന്നത്. ഇത് ഒരു ഫെഡറൽ ജഡ്ജ് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. സ്റ്റേയ്ക്കെതിരെ അപ്പീൽ ഉണ്ടായിട്ടുണ്ട്. ഒടുവിൽ ഈ കേസും യു എസ് സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തും എന്നാണ് കരുതുന്നത്. പേര് പുറത്തു പറയാൻ ആഗ്രഹിക്കാത്ത ഒരു അപ്പീൽ വാദിയാണ് ഇപ്പോൾ കേസിൽ ഉള്ളത്. നടപടികൾ വളരെ വേഗത്തിലാണ് നടക്കുന്നത് എന്നാണ് അപ്പീൽ വാദിയുടെ ആരോപണം. ഒരു വർഷമോ അതിൽ അധികമോ വേണ്ടി വരുന്ന നടപടികൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാനാണ് യു എസ് പി എസ് ശ്രമിക്കുന്നത് എന്ന് അപ്പീൽ വാദി ആരോപിക്കുന്നു. ഈ ഇടക്കാല തിരഞ്ഞെടുപ്പിൽ ഈ ഭേദഗതികൾ പ്രയോഗത്തിൽ വരുത്താനാണ് ധൃത ഗതിയിൽ നടപടികൾ നീങ്ങുന്നത്.

അപ്പീൽ തുടർന്ന് പറയുന്നത് പുതിയ നടപടികൾ മൂലം ആയിരക്കണക്കിന് ബാലറ്റുകളിൽ ഒരു പിഴവ് മതി വോട്ടർമാർക്ക് എത്തിക്കേണ്ട ബ്ലാങ്ക് ബാലറ്റ് എത്താതിരിക്കുവാൻ എന്നാണ്. ആദ്യ മെയിൽ ഇൻ ബാലറ്റുകൾ വെള്ളിയാഴ്ച (നാളെ) നോർത്ത് കരോലിനയിലെ വോട്ടർമാർക്ക് എത്തിച്ചു കൊടുക്കേണ്ടതാണ്. ഇതിനകം പുതിയ നടപടിക്രമങ്ങൾ പാലിക്കുവാനാകില്ല എന്ന് യു എസ് പോസ്റ്റൽ സർവീസ് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.

'യു എസ് പോസ്റ്റൽ സർവീസ് സ്വീകരിച്ചു നടപ്പാക്കുവാൻ ശ്രമിക്കുന്ന സിസ്റ്റം മൂലം അമേരിക്കയിലെ മില്ലിയനുകൾക്കു തങ്ങളുടെ സമ്മിതിദാന അവകാശം ഉപയോഗിക്കുവാൻ കഴിയാതെ വരും. ഭരണകൂടം തിരഞ്ഞെടുപ്പു നടപടികൾ മാറ്റുവാനും അങ്ങനെ വോട്ടു രേഖപെടുത്തുന്നതു തികച്ചും രാഷ്ട്രീയമായി ഉപയോഗിക്കുവാനും ശ്രമിക്കുകയാണ്, ബ്ലൂമെന്താൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ ട്രംപ് ഒപ്പു വച്ച എക്സിക്യൂട്ടീവ് ഓർഡർ യു എസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസിനോടും സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അധികാരികളോടും സംസ്ഥാനങ്ങൾ നൽകുന്ന വോട്ടർ പട്ടികകൾ അനുസരിച്ചു ഉടനെ തന്നെ പുതിയ പോസ്റ്റൽ സർവീസ് നിയമം അനുസരിച്ചു ബാർ കോഡുകൾ ഉൾപെടുത്തുവാൻ നിർദേശിച്ചിരുന്നു .
'ഇതിനു വേണ്ടി സൃഷ്ടിച്ചെടുത്ത സോഫ്റ്റ്‌വെയർ സങ്കീർണമോ അതുല്യമായതോ അല്ല', ഒരു വൈറ്റ് ഹാവ്സ് വക്താവ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക