Image

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; വിപുലമായ പാർക്കിംഗ് സൗകര്യം ഇത്തവണത്തെ പ്രത്യേകത

അനിൽ മറ്റത്തിക്കുന്നേൽ Published on 02 September, 2026
ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; വിപുലമായ പാർക്കിംഗ് സൗകര്യം ഇത്തവണത്തെ പ്രത്യേകത

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഈ വരുന്ന ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെൻസൺവില്ലിലുള്ള Energy Sports Complex-ൽ അരങ്ങേറും. കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലെ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ വേദിയാണ് ഇത്തവണത്തെ വടംവലിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

മുൻ വർഷങ്ങളിൽ വടംവലി കാണാനെത്തുന്നവർക്കുള്ള പാർക്കിംഗ് സൗകര്യത്തിന്റെ പരിമിതി ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാൽ ഇത്തവണ 850-ലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാക്കിയാണ് സംഘാടകർ മത്സരത്തെ വരവേൽക്കുന്നത്.

Energy Sports Complex-ലും അതിനോടുചേർന്നുള്ള പ്രദേശങ്ങളിലുമായി 650-ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇതുകൂടാതെ, വേദിയിൽ നിന്ന് ഏകദേശം മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള Sacred Heart Knanaya Catholic Church-ന്റെ പാർക്കിംഗ് ലോട്ടിൽ 200-ലധികം വാഹനങ്ങൾക്ക് അധിക പാർക്കിംഗ് സൗകര്യവും വടംവലി കാണാനെത്തുന്നവർക്കായി ലഭ്യമാക്കിയിട്ടുണ്ട്.

ഇതോടെ ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളോടുകൂടി നടത്തപ്പെടുന്ന മത്സരമായി ഇത്തവണത്തെ ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. മികച്ച വേദിയും സുഗമമായ പ്രവേശനവും വിശാലമായ പാർക്കിംഗും കാണികൾക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുമെന്നും സംഘാടകർ അറിയിച്ചു.

വടംവലി മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക