
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഫോമായുടെ ഭാവി പ്രവർത്തനങ്ങളും പുതിയ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും പങ്കുവെച്ച് പ്രസിഡന്റ് ബിജു തോണിക്കടവിൽ...
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുമായി ബിജു തോണിക്കടവിൽ. വിജയത്തിന് പിന്നിൽ നിന്നവരോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, തനിക്ക് വോട്ട് ചെയ്തവരെയും പിന്തുണയ്ക്കാതിരുന്നവരെയും ഒരുപോലെ ചേർത്തുനിർത്തി ഫോമായെ ഒരു കുടുംബമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. അടുത്ത ഒരു മാസത്തിനുള്ളിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച ശേഷമുള്ള ആദ്യ നിമിഷത്തിൽ എന്തായിരുന്നു മനസ്സിൽ തോന്നിയത്? ഈ വിജയം താങ്കൾക്ക് വ്യക്തിപരമായി എന്താണ് അർത്ഥമാക്കുന്നത്?
ആദ്യമായി ദൈവത്തോടാണ് നന്ദി പറയാനുള്ളത്. തുടർന്ന് എന്നിൽ വിശ്വാസമർപ്പിച്ച് കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു. കഴിഞ്ഞ 12 വർഷമായി സംഘടനാ പ്രവർത്തനത്തിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങളും ബന്ധങ്ങളും ഈ വിജയത്തിൽ വലിയ ശക്തിയായി. പ്രചാരണത്തിനിടെ ഉണ്ടായ കള്ളപ്രചരണങ്ങളെ ആളുകൾ തള്ളിക്കളഞ്ഞു. എന്നെ പിന്തുണച്ചവരുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വിജയമായാണ് ഞാൻ ഇതിനെ കാണുന്നത്.
താങ്കളെ വിജയിപ്പിച്ച ഡെലിഗേറ്റുമാരോടും പിന്തുണച്ച മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തോടും എന്താണ് പറയാനുള്ളത്?
എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. ഈ വിജയം എനിക്ക് മാത്രം അവകാശപ്പെട്ടതല്ല; എന്നോടൊപ്പം നിന്ന ഓരോരുത്തരുടെയും വിജയമാണ്. അടുത്ത രണ്ടു വർഷക്കാലം ഫോമായുടെ മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ആവശ്യമാണ്.

തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇനി ഫോമായിൽ 'നമ്മൾ-അവർ' എന്ന വേർതിരിവില്ലെന്ന് ഉറപ്പാക്കാൻ പ്രസിഡന്റ് എന്ന നിലയിൽ ആദ്യം സ്വീകരിക്കുന്ന നടപടി എന്തായിരിക്കും?
ഫോമായുടെ ചരിത്രം അങ്ങനെയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഫോമാ ഒരു കുടുംബമാണ്. ഇനി ഗ്രൂപ്പ് വ്യത്യാസങ്ങളില്ല. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ ശ്രമിക്കും. തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാവരും ഫോമായുടെ ഭാഗമാണ്. അവരുടെ കഴിവും അനുഭവവും സംഘടനയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം.
താങ്കളെ പിന്തുണയ്ക്കാതിരുന്നവരെയും പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെടുത്താൻ എന്താണ് ഉദ്ദേശിക്കുന്നത്?
തീർച്ചയായും അവരെയും കൂടെ നിർത്തും. വോട്ട് ചെയ്തവരെന്നോ ചെയ്യാത്തവരെന്നോ വേർതിരിവുണ്ടാകില്ല. എല്ലാ റീജിയണുകളിലും അംഗസംഘടനകളിലും നിന്നുള്ള ആളുകളെ വിവിധ കമ്മിറ്റികളിൽ ഉൾപ്പെടുത്തും. അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കും. ഫോമായ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പാക്കാനും ശ്രമിക്കും.
ഉടൻ നടപ്പാക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഏതൊക്കെയാണ്?
വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമെ സബ് കമ്മിറ്റികൾ, റീജിയണൽ കമ്മിറ്റികൾ, റീജിയണൽ സബ് കമ്മിറ്റികൾ, കൗൺസിലുകൾ എന്നിവയെല്ലാം സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്.
യുവജനങ്ങളെ കൂടുതൽ സജീവമായി ഫോമായിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾക്ക് സമയബന്ധിതമായി തുടക്കം കുറിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾക്കുമാകും പ്രത്യേക പരിഗണന.
പ്രചാരണകാലത്ത് മുന്നോട്ടുവച്ച മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ എന്ത് സംവിധാനമാണ് ഒരുക്കുന്നത്?
ഓരോ പദ്ധതിക്കും പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവാദിത്തം നൽകും. കമ്മിറ്റി രൂപീകരിച്ചിട്ട് പ്രവർത്തനം ആരംഭിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന രീതിയുണ്ടാകില്ല. സമയപരിധി നിശ്ചയിച്ച് പ്രവർത്തിക്കുകയാണ് ലക്ഷ്യം. രണ്ട് വർഷം കഴിയുമ്പോൾ മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങളിൽ കഴിയുന്നത്ര പൂർത്തീകരിച്ച ശേഷമാണ് പടിയിറങ്ങാൻ ആഗ്രഹിക്കുന്നത്.
ട്രഷറർ എന്ന നിലയിൽ താങ്കൾ മുൻഗണന നൽകിയ സാമ്പത്തിക സുതാര്യത പ്രസിഡന്റായിരിക്കുമ്പോൾ എങ്ങനെയാണ് കൂടുതൽ ശക്തിപ്പെടുത്തുക?
സാമ്പത്തിക സുതാര്യതയ്ക്ക് തുടർന്നും വലിയ പ്രാധാന്യം നൽകും. പുതിയ ട്രഷറർ പ്രദീപ് നായർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ട്രഷറർ എന്ന നിലയിൽ കഴിഞ്ഞ കാലത്തെ എന്റെ പ്രവർത്തന പരിചയം അദ്ദേഹത്തിന് ആവശ്യമുള്ളപ്പോൾ പങ്കുവെക്കാനും സഹായിക്കാനും ഞാൻ തയ്യാറാണ്.
സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ സത്യസന്ധമായും സുതാര്യമായും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുകൊണ്ടുപോകുക എന്നത് പുതിയ ഭരണസമിതിയുടെ പ്രധാന ഉത്തരവാദിത്തമായിരിക്കും.
ഫോമായുടെ ഇരുപതാം വാർഷികം താങ്കളുടെ നേതൃത്വത്തിൽ എങ്ങനെയാണ് അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നത്?
ഫോമായുടെ ഇരുപതാം വാർഷികം വിപുലമായ പരിപാടികളോടെ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി 20 വീടുകൾ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. അമേരിക്കയിൽ വളരുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതും പ്രധാന ലക്ഷ്യമാണ്.
കൺവൻഷൻ ആഘോഷത്തിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളുടെ തുടക്കമാകണമെന്നാണ് ആഗ്രഹം.

ഇരുപതാം വാർഷികത്തോടനുബന്ധിച്ച് 20 വീടുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. പ്രസിഡന്റ് എന്ന നിലയിൽ ഈ പദ്ധതിക്ക് എപ്പോൾ തുടക്കം കുറിക്കാനാകും?
എത്രയും പെട്ടെന്ന് തന്നെ. ആദ്യ വീടിന്റെ പ്രവർത്തനത്തിന് തുടക്കം കുറിക്കണമെന്നാണ് ആഗ്രഹം. ആറംഗ നേതൃത്വസംഘം ചേർന്ന് ആദ്യ വീടിന്റെ തുക നൽകും. തുടർന്ന് റീജിയണുകളുടെയും ഫോമാ സ്നേഹികളുടെയും സഹായത്തോടെ ബാക്കി വീടുകൾ പൂർത്തിയാക്കും.
അമേരിക്കൻ മലയാളികളുടെ സ്വത്തുസംരക്ഷണത്തിനായി ലീഗൽ ഹെൽപ് ലൈൻ, മുതിർന്ന പൗരന്മാർക്കുള്ള പദ്ധതികൾ തുടങ്ങിയ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കും?
നാട്ടിലെ ഭരണരംഗത്തും നിയമരംഗത്തുമുള്ള ആളുകളുമായി ബന്ധപ്പെടുന്നുണ്ട്. അമേരിക്കൻ മലയാളികളുടെ നാട്ടിലുള്ള വസ്തുവകകൾ സംരക്ഷിക്കുന്നതിനായി ഒരു സംവിധാനം ഒരുക്കാൻ ശ്രമിക്കും. നാട്ടിലുള്ള അഭിഭാഷകരെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് രൂപീകരിക്കാനും നിയമസഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനമുണ്ടാക്കാനും ഉദ്ദേശിക്കുന്നു.
മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങളും മനസ്സിലാക്കി അവർക്കായി ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.
യുവജനങ്ങളെ ഫോമയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്നത് താങ്കളുടെ പ്രധാന വാഗ്ദാനമായിരുന്നു. അതിനായി പുതിയ ഭരണസമിതി ആദ്യം എന്ത് ചെയ്യും?
യുവജനങ്ങൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. ഫോമയുടെ കൺവെൻഷനുകളിലേക്കും സംഘടനയുടെ മറ്റ് പ്രവർത്തനങ്ങളിലേക്കും കൂടുതൽ യുവാക്കളെ കൊണ്ടുവരാൻ പ്രത്യേക പരിപാടികളും പാക്കേജുകളും ആലോചിക്കും.
അംഗസംഘടനകളെ വിശ്വാസത്തിലെടുത്ത് അവരിൽനിന്ന് കഴിവുള്ള യുവാക്കളെ കണ്ടെത്തി മുന്നോട്ടുകൊണ്ടുവരും. യുവാക്കളുടെ ആശയങ്ങൾ കേൾക്കുകയും അവരെ സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യും.
അമേരിക്കയിൽ ജനിച്ചും വളർന്നും വരുന്ന പുതിയ തലമുറയ്ക്ക് ഫോമാ അവരുടെ സംഘടനയാണെന്ന് തോന്നിപ്പിക്കാൻ എന്ത് മാറ്റങ്ങളാണ് കൊണ്ടുവരുന്നത്?
അവരുടെ താൽപര്യങ്ങൾ മനസ്സിലാക്കണം. അവർക്ക് പ്രസക്തമായ പരിപാടികളും അവസരങ്ങളും ഒരുക്കണം. കല, കായികം, വിദ്യാഭ്യാസം, കരിയർ, സാമൂഹിക പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ അവർക്ക് നേതൃത്വം നൽകാനുള്ള അവസരം നൽകും.
യുവാക്കളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ തീരുമാനമെടുക്കുന്ന തലങ്ങളിലേക്കും കൊണ്ടുവരണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം.
ഫോമായുടെ അംഗസംഘടനകളെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, തുടർച്ചയായി ഒപ്പം നിർത്താൻ എന്ത് പുതിയ സമീപനമാണ് സ്വീകരിക്കുക?
അംഗസംഘടനകളാണ് ഫോമായുടെ നട്ടെല്ല്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനും ഡെലിഗേറ്റിനും വേണ്ടി മാത്രം അവരെ സമീപിക്കുന്ന രീതി ഉണ്ടാകരുത്. അവരുടെ പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും അവരുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും കേൾക്കുകയും ചെയ്യും.
അംഗസംഘടനകളിൽനിന്ന് കൂടുതൽ ആളുകളെ വിവിധ കമ്മിറ്റികളിൽ ഉൾപ്പെടുത്തും. ഫോമായുടെ ഓരോ വ്യക്തിക്കും സംഘടനയുടെ വളർച്ചയിൽ പങ്കാളിയാകാൻ കഴിയുന്ന സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യം.
രണ്ട് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ, താങ്കളുടെ നേതൃത്വത്തെക്കുറിച്ച് ഫോമാ കുടുംബം എന്ത് പറയണമെന്നാണ് ആഗ്രഹിക്കുന്നത്?
മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച ഒരു ടീമായിരുന്നു ഇതെന്ന് പറയണം. എല്ലാവരെയും ഒന്നിപ്പിച്ചും എല്ലാവരുടെയും ആശയങ്ങൾക്ക് അവസരം നൽകിയുമാണ് ഞങ്ങൾ പ്രവർത്തിച്ചതെന്ന് ഫോമാ കുടുംബത്തിന് തോന്നണം.
രണ്ട് വർഷം കഴിയുമ്പോൾ ഫോമായ്ക്ക് പുതിയൊരു ഊർജവും കൂടുതൽ ജനകീയമായ മുഖവും നൽകാൻ കഴിഞ്ഞുവെന്ന സംതൃപ്തിയോടെ പടിയിറങ്ങണമെന്നാണ് ആഗ്രഹം.
പുതിയ ഭരണസമിതിയുടെ ടീമിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ജനറൽ സെക്രട്ടറിയായി പോൾ പി. ജോസ് പ്രവർത്തിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് സംഘടനാ പ്രവർത്തനത്തിൽ നല്ല പരിചയമുണ്ട്. പ്രദീപ് നായരാണ് ട്രഷറർ. അദ്ദേഹം എന്നോടൊപ്പം മുൻപ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.
വൈസ് പ്രസിഡന്റായി സാമുവൽ മത്തായിയും ജോയിന്റ് സെക്രട്ടറിയായി ഡോ. മഞ്ജു പിള്ളയും ജോയിന്റ് ട്രഷററായി ജോൺസൺ കണ്ണൂക്കാടനും പ്രവർത്തിക്കും. ഫോമായുടെ വിവിധ തലങ്ങളിലുള്ള കമ്മിറ്റികളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചവരാണ് ഇവർ.
ഈ ആറുപേരുടെയും കൂട്ടായ പരിശ്രമം പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയായിരിക്കും. എന്നാൽ ഈ ആറുപേരിൽ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങളുടെ ടീം. ഫോമായുടെ ആർവിപിമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, വിമൻസ് ഫോറം, യൂത്ത് വിംഗ് തുടങ്ങി സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒപ്പം ചേർത്തായിരിക്കും മുന്നോട്ടുപോകുക.
അതോടൊപ്പം ഫോമായുടെ പഴയതും പുതിയതുമായ എല്ലാ സുഹൃത്തുക്കളുടെയും പിന്തുണയും സഹകരണവും തേടും. തിരഞ്ഞെടുപ്പ് കാലത്ത് ഒപ്പം നിന്നവരെന്നോ നിൽക്കാത്തവരെന്നോ വേർതിരിവില്ലാതെ, ഓരോരുത്തരുടെയും കഴിവും അനുഭവവും ആശയങ്ങളും ഫോമായ്ക്കായി ഉപയോഗപ്പെടുത്തണം. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഫോമായിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.
താങ്കളെ വോട്ട് ചെയ്ത് വിജയിപ്പിച്ചവരോടും പിന്തുണയ്ക്കാതിരുന്നവരോടും ഒരുപോലെ പ്രസിഡന്റ് എന്ന നിലയിൽ നൽകാനുള്ള സന്ദേശം എന്താണ്?
എന്നെ പിന്തുണച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. എന്നെ പിന്തുണയ്ക്കാതിരുന്നവരോടും എനിക്ക് പറയാനുള്ളത് ഇതുതന്നെയാണ് — ഇനി നമ്മൾ എല്ലാവരും ഫോമായുടെ കുടുംബാംഗങ്ങളാണ്.
നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഫോമാ വളരുന്നത്. ഫോമാ വളരുമ്പോൾ നമ്മളും വളരുകയാണ്. അതുകൊണ്ട് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും സഹകരണവും എനിക്ക് ആവശ്യമാണ്.
ഈ രണ്ടു വർഷം എല്ലാവരെയും ചേർത്തുനിർത്തി ഫോമായുടെ ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്ന ഒരു പ്രവർത്തനകാലമാക്കാൻ എന്റെ ടീമിനൊപ്പം ആത്മാർത്ഥമായി പ്രവർത്തിക്കും.