
കുറച്ചു കാലമായി എന്തേലും എഴുതിയിട്ട്.
ഈയിടെ കാണാൻ ഇടയായ ഒരു വീഡിയോ ആണ് ഈ എഴുത്തിനു ആധാരം. കണ്ടപ്പോൾ എഴുതാതിരിക്കാൻ പറ്റിയില്ല.
USA യിൽ മലയാളികൾ ഓണം ആഘോഷിക്കുന്നതിനെ പറ്റിയും അസോസിയേഷനുകളെ പറ്റിയുമായിരുന്നു ആ വീഡിയോ.
പുറത്തു നിന്ന് എന്തിനെ പറ്റിയും കുറ്റം പറയാൻ വളരെ എളുപ്പമാ. കാര്യത്തോട് അടുക്കുമ്പോഴേ ഓരോ കാര്യത്തിനും അതിന്റെ പിറകിൽ എത്ര മാത്രം ശ്രമം ആവശ്യമാണെന്ന് തിരിച്ചറിയുന്നത്.
3 വയസ്സു മുതൽ 70 വരെ വയസ്സ് ഉള്ളവർ വരെ സ്റ്റേജിൽ കാണും. ഒരു 5 മിനിറ്റ് പരിപാടി ( dance/ skit/ music or anything) അവതരിപ്പിക്കാൻ എത്ര മാത്രം പരിശ്രമം ആവശ്യമുണ്ടെന്ന് മനസ്സിലാക്കാതെ പരിപാടിയുടെ quality യെ പറ്റി പറയുന്നവർ ഒരു കാര്യം മനസിലാക്കുക.
ഒരു കുട്ടിയും perfect ആയിട്ടല്ല, കലാതിലകം ആയിട്ടല്ല ആദ്യത്തെ വേദിയിൽ എത്തുന്നത്. പല വേദികളിൽ അവതരിപ്പിച്ചാണ് perfection വരുന്നത്. എന്തേ parents കുട്ടിയുടെ പരിപാടി കാണാതെ ആണോ സ്റ്റേജിൽ കയറ്റുന്നത് എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു. പുറത്തു നിന്ന് വെറുതെ കുറ്റം പറയാൻ എളുപ്പമാ... അത് പോലെ 50 വയസ്സു ആയാൽ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ.? വീട്ടിലെ പണികളും ഓഫീസ് പണികളും കുട്ടികളെയും ഒക്കെ manage ചെയ്തു കലയോടുള്ള passion പിൻതുടർന്നു അമ്പതാം വയസ്സിലും സ്റ്റേജിൽ കയറാൻ താല്പര്യം കാണിക്കുന്നവരെ മനസറിഞ്ഞു പ്രോത്സാഹിപ്പിക്കുക യല്ലേ വേണ്ടത്? 40 വയസ്സായാൽ വീട്ടിലിരിക്കുക എന്ന പഴഞ്ചൻ ചിന്താഗതി ഇന്നും തുടരുന്നവരെ കാണുമ്പോൾ കഷ്ടം തോന്നുന്നു.
കലയ്ക്കും കലാകാരനും പ്രായപരിധി ഇല്ല. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം നൃത്തം ചെയ്യാൻ പറ്റുന്നവർ ചെയ്യട്ടെ... പാടാൻ കഴിവുള്ളവർ പാടട്ടെ...
പിന്നെ, മാങ്ങ പറിക്കാ, ചെളികുത്തു സ്റ്റെപ്സ് വർഷങ്ങളോളം കണ്ടു മടുത്തിട്ടാണ് പലരും വെള്ളമടിക്കാൻ പോകുന്നതെന്ന് പറയുന്നതിനോട് യാതൊരു വിധത്തിലും യോജിക്കാൻ പറ്റുന്നില്ല. വെള്ളമടിക്കാൻ തീരുമാനിച്ച്, ദിനംചര്യ ആയി എടുത്തവർക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട.
ഈ പരിപാടികൾ ഒക്കെ വർഷങ്ങളായി കണ്ടു കൊണ്ടിരിക്കുന്ന വ്യക്തി യാണ് ഞാനും. പരിപാടികളുടെ നിലവാരം മുകളിലോട്ടു പോയതല്ലാതെ ഒട്ടും മേന്മ കുറഞ്ഞതായി കണ്ടിട്ടില്ല.
അക്ഷര സ്ഫുടതയോടെ പാടുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടേ ഉള്ളു.
സദ്യ യുടെ കാര്യമായാലും അതൊക്കെ തന്നെ. എല്ലാ വിഭവങ്ങളും നന്നായാലും എനിക്ക് കിട്ടിയതു പൊട്ടിയ പപ്പടമാ എന്ന് പറയുന്നവരും കുറവല്ല ( including me)
സദ്യ ആയാലും കലാപരിപാടി ആയാലും, അതിന്റെ പിന്നിൽ ഒരുപാട് നാളത്തെ കഠിനാധ്വാനം ഉണ്ട്. അത് മനസ്സിലാക്കാതെ തോന്നുന്നത് പറഞ്ഞാൽ കേട്ടിരിക്കാൻ കുറച്ചു പാടാണ്. പിന്നെ റീൽസ്. നാടോടുമ്പോ നെടുകെ ഓടണം എന്നാണല്ലോ.. എപ്പോഴും നസീർ ഷീല style ഫോട്ടോ എടുക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല.
ഓണകാഴ്ചകളിൽ നല്ലത് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. കുറ്റം പറയാൻ നിന്നാൽ അതിനു മാത്രേ നേരം കാണൂ.....
കുറ്റവും കുറവും എടുത്തു കാണിക്കാതെ ഒരു നല്ല അഭിപ്രായം എങ്കിലും പറയാം എന്ന് ഒന്നാലോചിച്ചു നോക്കിക്കൂടെ...
എന്തായാലും കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ
" ആവലാതി ഉണ്ടേലെ പരാതി ഉള്ളൂ..
പരാതി ഉണ്ടേലെ ആവലാതി ഉള്ളൂ..
പരാതിയും ആവലാതിയും ഇല്ലേൽ ജീവിതം എത്ര സുന്ദരം!'
കുഞ്ഞുണ്ണി മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടോ ഏയ് ഇല്ല ആരും തപ്പാൻ പോകേണ്ട, കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞു എന്നേ ഉള്ളൂ.
പിന്നെ കുഞ്ഞുണ്ണിമാഷിന്റെ വരികൾ ഇവിടെ ഓർക്കാതെ വയ്യ.
"വലിയൊരു ലോകം നന്നാകാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക!"
എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു....