
അദ്ധ്യാപകൻ, വാഗ്മി, സംഘാടകൻ, നടൻ, എഴുത്തുകാരൻ, എഡിറ്റർ തുടങ്ങിയ നിലകളിൽ അമേരിക്കൻ മലയാളി സമൂഹത്തിൻ്റെ സ്നേഹാദരങ്ങൾ ധാരാളമായി അനുഭവിക്കുന്ന അനന്യ വ്യക്തിത്വമാണ് ജെ. മാത്യൂസ് സാർ.
താനൊരു നിരൂപകനോ വിമർശകനോ അല്ലെന്ന് പറയുകയും, സാഹിത്യ സൃഷ്ടികളുടെ മികവും കുറവും നിർണ്ണയിക്കാനുള്ള അളവുകോലൊന്നും തൻ്റെ പക്കൽ ഇല്ലെന്ന് പറഞ്ഞ് പരിമിതികൾ അറിയിച്ചിട്ടും, അതൊക്കെ അംഗീകരിച്ചു കൊണ്ടുതന്നെ അവതാരിക എഴുതാൻ ജെ. മാത്യുസ് സാറിനെ വിശ്വസിച്ച് ഏൽപ്പിച്ച അമേരിക്കയിലെ പ്രശസ്തരായ കഥാകൃത്തുക്കൾക്കും കവികൾക്കും തീർച്ചയായും ഇദ്ദേഹം ഗുരു തുല്യനാണ്.

'മുൻപേ നടന്നവരി' ലെ ചില ഭാഗങ്ങൾ മൂന്നു ദശാബ്ദത്തിലേറെ പഴക്കമുള്ളതാണ്. അന്നെടുത്ത പല ഫോട്ടോകളും തെളിമ നഷ്ടപ്പെട്ടവയാണെങ്കിലും, അതൊക്കെ മനസ്സിലെ ഓർമ്മകളെ ഉണർത്തുവാൻ പര്യാപ്തമാണ്. ഈ പുസ്തകത്തിലെ മിക്ക ചിത്രങ്ങളും അമൂല്യമായ ചരിത്ര രേഖകളാണ്.
പൊലിയാത്ത പൊൻവിളക്ക് (സരോജ വർഗീസ്), അളിയൻ്റെ പടവലങ്ങ (ജോസ് ചെരിപ്പുറം), മോറിസ് മൈനർ (ഷാജു ജോൺ) എന്നീ കഥാസമാഹാരങ്ങളുടെ അവതാരികയും പുസ്തകങ്ങളുടെ അതേ പേരിലുള്ള കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമഗീതം (മാർഗരറ്റ് ജോസഫ്), കാമുകനെ ആവശ്യമുണ്ട് (സോയ നായർ), ഒറ്റ നക്ഷത്രം (ഉമ സജി) എന്നീ കവിതാ സമാഹാരങ്ങൾക്ക് ജെ. മാത്യൂസ് എഴുതിയ അവതാരികയും അവരുടെ ചില കവിതകളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
തോമസ് നീലാർമഠം എഡിറ്ററായി പ്രസിദ്ധീകരിച്ച 'കഥാ ലോകത്തിലെ നറുനിലാവ്' എന്ന പുസ്തകത്തിൽ സരോജ വർഗീസ് എന്ന കഥാകാരിയുടെ സാമൂഹ്യ ജീവിതത്തേക്കുറിച്ചുള്ള 'സേവനത്തിൻ്റെ ദീപവുമായി ഒരു വനിത' എന്ന പഠനം കഥാകാരി സരോജ വർഗീസിനെ കൂടുതൽ അറിയാൻ സഹായിക്കും.
ലാന രജതജൂബിലി പ്രസിദ്ധീകരണമായ 'നടപ്പാത' യിലെ 'തുഞ്ചൻ്റെ കിളി അമേരിക്കയിൽ പാടുമ്പോൾ', കേരള ലിറ്റററി സൊസൈറ്റി ഡാളസ് പ്രസിദ്ധീകരിച്ച 'ഇതളുകൾ' എന്ന സമാഹാരത്തിലെ 'ഇതളുകൾ മറിക്കുമ്പോൾ', ഗുരുകുലത്തിൻ്റെ പത്താം വാർഷിക സുവനീറിലെ 'നന്ദിയോടെ', ലാനേയം 2015 ലെ 'തിരുമുൽക്കാഴ്ച', ലാനേയം 17 ലെ ആമുഖം, ജനനി ഒന്നാം ലക്കം 1999 ലെ 'ജനനി - എന്ത് എന്തിന് എങ്ങനെ?, ജനനി 25 ആം ജന്മദിനപ്പതിപ്പിലെ 'സത്യാനന്തര ചരിത്ര നിർമ്മിതി', തുടങ്ങിയ മികവുറ്റ അവതാരികകളൊക്കെ ഈ സമാഹാരത്തിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഘർ വാപ്പസി - തിരിച്ചു പോകാം ഗുഹകളിലേക്ക്, ഇലാമപ്പഴച്ചാറ്, തുടങ്ങിയ തൻ്റെ ലേഖനങ്ങളും ഈ സമാഹാരത്തെ മനോഹരമാക്കുന്നു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ്റെ 'കേരള ദർശനം' 1991 മാഗസിനിൽ 'ഒരടി കൂടി മുന്നോട്ട്' എന്ന പേരിലുള്ള സന്ദേശവും ഈ സമാഹാരത്തിലുണ്ട്.

ജനനി മാസികയിൽ 1999 മുതൽ പ്രസിദ്ധപ്പെടുത്തിയ മുഖക്കുറിപ്പുകളുടെ സമാഹാരമായ 'ദർപ്പണം' എന്ന തൻ്റെ പുസ്തകത്തിലെ ആമുഖ പ്രസ്താവനയും അതിന് ഡോ. എം. വി. പിള്ള എഴുതിയ അവതാരികയും 'കൂടുതൽ നന്മയിലേക്ക്' എന്ന ജനനിയിലെ ഒരു മുഖക്കുറിപ്പും ഈ പുസ്തകത്തിലുണ്ട്. അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ (സുധീർ പണിക്കവീട്ടിൽ) എന്ന പുസ്തകത്തിൽ 'സർഗാത്മകത ചാർത്തിനിൽക്കുന്ന മുഖക്കുറിപ്പുകൾ' എന്ന 'ദർപ്പണം' സമാഹാരത്തിനേക്കുറിച്ചുള്ള നിരൂപണവും ഈ പുസ്തകത്തിൻ്റെ മാറ്റുകൂട്ടുന്നുണ്ട്.
ഫൊക്കാന (1996-98) യുടെയും ലാന (2017) യുടെയും സുവനീറുകളുടെ ആമുഖക്കുറിപ്പുകൾ മാത്രമല്ല, ഇവ രണ്ടിൻ്റെയും പ്രവർത്തനങ്ങളുടെയും ഭാരവാഹികളുടെയും ഫോട്ടോക്കൾ ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നത് ഓർമ്മപുതുക്കുവാൻ ഉപകരിക്കും.
മേൽപ്പറഞ്ഞ പുസ്തകങ്ങളുടെയൊക്കെ പുറംചട്ടകൾ ബഹുവർണ്ണത്തിൽ എഴുത്തുകാരുടെ ഫോട്ടോ ഉൾപ്പെടെ ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അവരുടെ പുസ്തകങ്ങളേക്കുറിച്ച് കൂടുതൽ പേർ അറിയാനും അതൊക്കെ വാങ്ങി വായിക്കാനും, എഴുത്തുകാരെ അടുത്തറിയാനും സഹായിക്കും.
എഴുത്തുകാരൻ എസ്. അനിലാൽ ആണ് അവതാരികകളുടെ ഈ സമാഹാരത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഈ സമാഹാരത്തിലെ മുഴുവൻ പേജുകളും ബഹുവർണ്ണത്തിലാണ് അച്ചടിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ന്യൂയോർക്കിൽ നിന്നുള്ള ജനനി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്ന 168 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 10 ഡോളറാണ്.

ജെ. മാത്യൂസ്
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ മത്തായി ജോസഫിൻ്റെയും ഏലിക്കുട്ടി ജോസഫിൻ്റെയും മകനായി 1939 ജനനം. വയലാ, കടപ്ളാമറ്റം, മരങ്ങാട്ടുപള്ളി തുടങ്ങിയ സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലാ സെൻ്റ് തോമസ് കോളേജിൽ നിന്ന് ബി. എസ്സി, മാന്നാനം സെൻ്റ് ജോസഫ്സ് കോളേജിൽ നിന്ന് ബി. എഡ്., ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എം. എസ്. എന്നിവ നേടി. കോട്ടയം ജില്ലയിലുള്ള പരിപ്പ് ഹൈസ്കൂളിൽ അദ്ധ്യാപകൻ, അസിസ്റ്റ്ൻ്റ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഫൊക്കാന പ്രസിഡൻ്റ് (1996-98), ഇന്ത്യാ പ്രസ്സ് ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപകരിൽ ഒരാൾ - ആദ്യത്തെ വൈസ് പ്രസിഡൻ്റ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ട്രഷറർ (2014-2015) - സെക്രട്ടറി (2016-2017), ഗുരുകുലം മലയാളം സ്‌കൂളിൻ്റെ (ന്യൂയോർക്ക്) സ്ഥാപകരിൽ ഒരാൾ - 1993 മുതൽ പ്രിൻസിപ്പൽ, ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ജനനി സാംസ്‌കാരിക മാസികയുടെ പത്രാധിപർ തുടങ്ങി വിവിധ സാംസ്‌കാരിക സാഹിത്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവം.
ഭാര്യ :- ട്രീസാ മാത്യൂസ്, മക്കൾ :- ഗാഞ്ചസ്, ജസ്റ്റിൻ
email :- jmathews335@gmail.com