Image

ആനമുട്ട (കവിത: വേണു നമ്പ്യാർ)

Published on 19 August, 2026
ആനമുട്ട (കവിത: വേണു നമ്പ്യാർ)

അയ്യോ അറിഞ്ഞില്ലേ,
എ ഐ കാരണം,
കഞ്ഞിയിൽ പാറ്റ വീണേ!
ഓണം അടിച്ചു പൊളിക്കാൻ
ആകെയുള്ളതൊരാനമുട്ട !
കാട്ടിൽ ആനയുണ്ട്
നാട്ടിൽ മുട്ടയുണ്ട്
ഓണം അടിച്ചു പൊളിക്കാൻ
വീട്ടിലുള്ളതൊരാനമുട്ട മാത്രം!

ആനമുട്ടക്ക്
ഒരു ഇമോജി ചമയ്ക്കണം.
പാറ്റന്റ് കിട്ടിയാൽ
സ്വയംസേവാദളധനപതിയാകാം.
സംഭവത്തെ കാടമുട്ടയിൽ
നിന്ന് വേറിട്ട് കാണിക്കാം.
ആനമുട്ടയിൽ മറ്റ് ദീർഘൻ
കൊൺടെന്റ് ഒന്നും വേണ്ട;
അറ്റൻഷൻ ഡെഫിഷ്യൻസി സിൻഡ്രം
നിമിത്തം അതാണ് ലേറ്റസ്റ്റ് ട്രെൻഡ്.

തെരഞ്ഞെടുപ്പിൽ
ആനമുട്ട വാഗ്ദാനം ചെയ്ത്
വിജയിക്കുന്ന ലീഡറിൽ നിന്നും
ഒരു പല്ലിമുട്ട പോലും 
ജനം പ്രതീക്ഷിക്കുന്നില്ല.
ജനരക്തമൂറ്റിക്കുടിക്കുന്ന നേതാശ്രീ ഒരാനമൂട്ടയായി വളരട്ടെ;
എന്നിട്ട് വിളംബരം ചെയ്യട്ടെ :
വന്ധ്യാപുത്രൻ, ആകാശകുസുമം
ഇത്യാദികളെ പോലെ ആനമുട്ടയും
പേരിൽ മാത്രം ഒതുങ്ങണം. ഒതുങ്ങുന്നതാണ് ആനമുട്ടയുടെ 
ആരോഗ്യത്തിന് നല്ലത്.
ഒതുക്കാൻ അറിയാഞ്ഞിട്ടല്ല;
പക്ഷെ ഇപ്പം മ്മളെ ആരും അങ്ങനെ 
ഒരു ഫാഷിസ്റ്റ് ആക്കണ്ട!

ഗജാണ്ഡമേവം സർവ്വത്ര!
സോഷ്യലിസം തൊട്ട്
സത്യാനന്തരകാലകവിത വരെ
ശുദ്ധ ആനമുട്ടയാകുന്നു.
ഇത് സത്യം സത്യം സത്യം!

ജീവിതം പക്ഷെ
ആനമുട്ടയൊന്നുമല്ല,
ഒരു കീറാമുട്ടി -
ജെൻസി കിടാത്തരെപ്പോലെ
ഒരു കീറാമുട്ടി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക