
വായിൽ നിന്നും വാക്ക്
തലയിൽ നിന്നും തർക്കം
വാക് തർക്കത്തിനിടെ
കാട്ടും കത്തി വായുംതലയും !
അടുക്കളക്കാരി പച്ചക്കറി നുറുക്കും
വാടകഗുണ്ട അന്തരീക്ഷത്തിൽ
വീശി ക്കറക്കും
ഡോക്ടർ ജഡം കുത്തിക്കീറും
ജഡം ഉയിർത്തെഴുന്നേറ്റ്
ഡോക്ടരുടെ കഴുത്തിലെ
സിര കണ്ടിക്കും
ക്ഷുരകൻ ശവക്ഷൗരം നിർവ്വഹിക്കും
ഒരു തരം ചുട്ടി
കഥകളിയിൽ കത്തി!
അലകേത് പിടിയേത് മുനയേത്?
വേദാന്തികൾ തർക്കിക്കും:
അലകിനെ മാറ്റൂ
പിടിയെ മാറ്റൂ
മുനയെ മാറ്റൂ
മൂർച്ചയെ മാറ്റൂ
കത്തിയെവിടെ
കത്തിപ്പോയൊ
കത്തിപ്പടർന്നു പോയൊ
ഹ ഹ ഹ!
അജ്ഞാനികളെ
അൽപ്പജ്ഞാനികളെ സമ്മതിക്കൂ
കത്തി ഒരു മിഥ്യ -
സാത്താന്റെ ടൂൾ കിറ്റ്!