Image

പ്രവാസ ലോകത്തെ വിസ്മയിപ്പിച്ച് ഫോമാ യൂത്ത് ഫെസ്റ്റിവലിൽ പുതുതലമുറ

Published on 10 August, 2026
പ്രവാസ ലോകത്തെ വിസ്മയിപ്പിച്ച് ഫോമാ യൂത്ത് ഫെസ്റ്റിവലിൽ പുതുതലമുറ

ഹൂസ്റ്റൺ: കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിലും നെഞ്ചിലേറ്റിക്കൊണ്ട് പുതിയ തലമുറയുടെ വാഗ്ദാനങ്ങളായി മാറിയിരിക്കുകയാണ് മൂന്ന് കുഞ്ഞുപ്രതിഭകൾ. ഹൂസ്റ്റണിൽ നടന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായുള്ള ഫോമാ യൂത്ത് ഫെസ്റ്റിവൽ 2026-ൽ നോർത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ മൂന്ന് പേർക്ക് ഫോമാ സ്റ്റാർ പുരസ്കാരങ്ങൾ സമ്മാനിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ സാൻ ഹോസെയിൽ നിന്നുള്ള റയാൻ ഡാനിഷ്, ജൂനിയർ വിഭാഗത്തിൽ ചിക്കാഗോയിൽ നിന്നുള്ള ജെയ്ഡൻ ജോസ്, സീനിയർ വിഭാഗത്തിൽ സാൻ ഹോസെയിൽ നിന്നുള്ള റിയാന്ന ഡാനിഷ് എന്നിവരാണ് കലാരംഗത്ത് നാളെയുടെ വാഗ്ദാനങ്ങളാകുമെന്ന് തെളിയിച്ച് ഇത്തവണത്തെ വിജയികളായത്.

കാലിഫോർണിയയിലെ നോർത്ത്‌വുഡ് എലമെന്ററി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും കോട്ടയം സ്വദേശിയുമായ എട്ടു വയസ്സുകാരൻ റയാൻ ഡാനിഷ് സിനിമാറ്റിക് ഡാൻസ്, മലയാളം ഗാനം, ഇംഗ്ലീഷ് ഗാനം, മലയാളം പ്രസംഗം, മലയാളം കവിതാപാരായണം, ഫാൻസി ഡ്രസ്സ് എന്നിവയിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് സബ് ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയത്. 2024 ലെ പുന്റ കാന കൺവൻഷനിലും ഫോമാ കലാപ്രതിഭയായിരുന്ന റയാൻ, 2023 ലെ മങ്ക കലോത്സവത്തിൽ മങ്ക സ്റ്റാർ പുരസ്കാരവും നേടിയിട്ടുണ്ട്.

ഇല്ലിനോയിയിലെ ജെമിനി മിഡിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെയ്ഡൻ ജോസ് സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, ഫാൻസി ഡ്രസ്സ്, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് ജൂനിയർ വിഭാഗത്തിൽ ഫോമാ സ്റ്റാർ പുരസ്കാരം നേടിയത്. ഇത് മൂന്നാം തവണയാണ് ജെയ്ഡൻ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. കലാരംഗത്തിന് പുറമെ ഗേമിംഗിൽ ഇരട്ട സഹോദരൻ ജോസിയ ജോസിനൊപ്പം അണ്ടർ-16 വീഡിയോ ഗെയിം ചലഞ്ചിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയാണ്. 'ജെയ്ഡൻ സെൻട്രൽ' എന്ന യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. ചിക്കാഗോയിലെ ആശുപത്രി ശൃംഖലയിൽ റെസ്പിറേറ്ററി തെറാപ്പി എജ്യുക്കേറ്ററായ പാലാ സ്വദേശി ടോം ജോസിന്റെയും നേഴ്സ് പ്രാക്ടീഷണറായ ജിനു ജോസിന്റെയും മകനാണ്.


സീനിയർ വിഭാഗത്തിൽ മാറ്റുരച്ച സാൻ ഹോസെയിൽ നിന്നുള്ള റിയാന ഡാനിഷ് ഇത് തുടർച്ചയായ നാലാം തവണയാണ് ഫോമാ സ്റ്റാർ പുരസ്കാരം സ്വന്തമാക്കുന്നത്. മലയാളം ഗാനം, ഇംഗ്ലീഷ് ഗാനം, മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ശാസ്ത്രീയ സംഗീതം, മലയാളം കവിതാപാരായണം, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ്സ് എന്നിവയിൽ ഒന്നാം സ്ഥാനവും നാടോടിനൃത്തത്തിൽ മൂന്നാം സ്ഥാനവും റിയാന നേടി. ഹൂസ്റ്റൺ, പുന്റ കാന കൺവൻഷനുകളിൽ 'മിസ് ഫോമാ' കിരീടം ചൂടിയ റിയാന സരിഗമ മ്യൂസിക്, 123 മ്യൂസിക് എന്നിവയിലൂടെ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. റയാന്റെയും റിയാനയുടെയും പിതാവ് ഡാനിഷ് തോമസ് ഫോമാ നാഷണൽ കമ്മിറ്റി അംഗവും ഗൂഗിളിൽ മാനേജരുമാണ്, മാതാവ് ഷെറിൻ ഡാനിഷ് ഡബ്ല്യു.ഇ.എക്സിൽ ലീഡ് റിക്രൂട്ടറാണ്.

ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ ദിലീപ് വർഗീസ്, സാമുവൽ മത്തായി, ജോഫിൻ സെബാസ്റ്റ്യൻ എന്നിവർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫികളും വിജയികൾക്ക് സമ്മാനിച്ചു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി അനുപമ കൃഷ്ണൻ, ജോയിന്റ് ട്രഷറർ പോൾ.പി. ജോസ് എന്നിവരടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിജയികളെ അഭിനന്ദിച്ചു.

 

പ്രവാസ ലോകത്തെ വിസ്മയിപ്പിച്ച് ഫോമാ യൂത്ത് ഫെസ്റ്റിവലിൽ പുതുതലമുറ
പ്രവാസ ലോകത്തെ വിസ്മയിപ്പിച്ച് ഫോമാ യൂത്ത് ഫെസ്റ്റിവലിൽ പുതുതലമുറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക