
ഫോമാ (Federation of Malayalee Associations of Americas – FOMAA) 2026 കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ആറുവയസ്സുകാരൻ സെയ്ഡൻ സിദ്ദിഖ് (Zayden Ziddhique) ശ്രദ്ധേയമായ പ്രകടനത്തിലൂടെ എല്ലാവരുടെയും പ്രശംസ നേടി. കിന്റർഗാർട്ടൻ വിദ്യാർഥിയായ സെയ്ഡൻ, സബ് ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മത്സരാർഥികളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഇംഗ്ലീഷ് പ്രസംഗം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും മറ്റ് ആറ് ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് തന്നെക്കാൾ പ്രായമേറിയ കുട്ടികളോട് മത്സരിച്ച് ഈ അഭിമാനകരമായ നേട്ടം സെയ്ഡൻ സ്വന്തമാക്കിയത്. ആത്മവിശ്വാസവും കഴിവും നിറഞ്ഞ പ്രകടനത്തിലൂടെ വിധികർത്താക്കളുടെയും സംഘാടകരുടെയും കാണികളുടെയും പ്രത്യേക അഭിനന്ദനത്തിന് ഈ കൊച്ചു പ്രതിഭ അർഹനായി.

ജോർജിയയിലെ കമ്മിംഗിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖ്–ഷൈനി അബൂബക്കർ ദമ്പതികളുടെ മകനാണ് സെയ്ഡൻ. കലാ-സാംസ്കാരിക, സാമൂഹിക, സംഘടനാ രംഗങ്ങളിൽ സജീവമായ ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നാണ് ഈ മിടുക്കൻ വേദിയിലെത്തുന്നത്.

മാതാവ് ഷൈനി അബൂബക്കർ നിലവിൽ ഫോമാ കംപ്ലയൻസ് കൗൺസിൽ സെക്രട്ടറിയാണ്. 2020–2022 കാലയളവിൽ ഫോമാ വനിതാ ഫോറം സെക്രട്ടറിയായും പ്രവർത്തിച്ച അവർ, ഫോമായുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. ഒരു പ്രമുഖ അമേരിക്കൻ കമ്പനിയിൽ ഐ.ടി. ഡയറക്ടറായി ജോലി ചെയ്യുന്ന ഷൈനി, ഫ്ലവേഴ്സ് ടി.വി. യു.എസ്.എയിലെ അവതാരക കൂടിയാണ്.

പിതാവ് അബൂബക്കർ സിദ്ദിഖ് ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ (GAMA)യും ഫോമായുടെയും സജീവ പ്രവർത്തകനാണ്. ഗാമയിൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലവിൽ ഗാമയുടെ ഇൻഡിപെൻഡന്റ് കോൺസ്റ്റിറ്റ്യൂഷൻ റിവ്യൂ കമ്മിറ്റി അംഗമാണ്. ഒരു മൾട്ടിനാഷണൽ സപ്ലൈ ചെയിൻ കമ്പനിയിൽ സീനിയർ സൊല്യൂഷൻ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന അദ്ദേഹം ആമസോൺ പ്രസിദ്ധീകരിച്ച ഒരു സാങ്കേതിക ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.

യുവജനോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ച ഫോമാ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങളായ ഡാനിഷ് തോമസ്, ബിനീഷ് ജോസഫ്, ജെയിംസ് കല്ലറക്കാനിയിൽ, ജിജോ ചിറയിൽ, നിധിൻ ആലപ്പാട്ട്, നോബിൾ ജനാർദ്ദനൻ എന്നിവർ സെയ്ഡനെ അഭിനന്ദിച്ചു.

ഇത്രയേറെ മത്സര ഇനങ്ങളും വിവിധ പ്രായവിഭാഗങ്ങളും ഉൾക്കൊള്ളുന്ന യുവജനോത്സവം ക്രമബദ്ധമായും സുതാര്യമായും സംഘടിപ്പിക്കുക വലിയ ഉത്തരവാദിത്വമായിരുന്നുവെന്നും, ഓരോ കുട്ടിക്കും തുല്യ അവസരവും പ്രോത്സാഹനവും ഉറപ്പാക്കാൻ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും ഫോമാ 2026 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബേബി മണക്കുന്നേൽ, ബൈജു വർഗീസ്, സിജിൽ പാലക്കലോടി, അനുപമ കൃഷ്ണൻ, പോൾ പി. ജോസ്, ശാലു പുന്നൂസ് എന്നിവർ അഭിപ്രായപ്പെട്ടു.
ഭാവിയിൽ കൂടുതൽ കുട്ടികളെയും യുവജനങ്ങളെയും യുവജനോത്സവത്തിലേക്ക് ആകർഷിക്കുന്ന തരത്തിൽ ഇത്തരം പരിപാടികൾ കൂടുതൽ വിപുലമാക്കേണ്ടതുണ്ടെന്ന് ഫോമാ 2026 കൺവെൻഷൻ ചെയർ സുബിൻ കുമാരനും കൺവെൻഷൻ കൺവീനർ ജിജു കുളങ്ങരയും അഭിപ്രായപ്പെട്ടു.