
ഫൊക്കാനക്കിന്നിപ്പോള്‍ പാപ്പാന്മാര്‍ ഒത്തവര്‍
ഒത്തിരി പേരുണ്ടു നല്ല കാര്യം
നെറ്റിയില്‍ പട്ടവും മൗലിയില്‍ കോലവും
ചുറ്റുമകമ്പടിക്കാളുകളും
കൊടിയേറ്റം തൊട്ടു നടയടക്കുംവരെ
കോലാഹലം തന്നെ ചുറ്റുപാടും
അച്ചായന്മാരവരെത്തുന്നു കീശയില്‍
കുത്തി നിറച്ച പണവുമായി
ജാതിമത ഭേദമില്ലാതെ ഏവരും
കണ്ടാല്‍ ചിരിക്കുന്ന പുണ്യസ്ഥാനം
ആമോദത്തോടെ മലയാളികള്‍ക്കെല്ലാം
ഒത്തു ചേരാനൊരു ആനപ്പുറം
പിന്നാലെ പോന്നോളാന്‍ കണ്ണാലെ കാണിച്ചു്
മുമ്പെ ഗമിക്കും നതാംഗിമാരും
ഒന്നു വിലസാനവസരം പാര്‍ത്തെത്തും
ടീനേജുകാരുടെ പഞ്ചാരിയും
ഇതു തന്നെ തരമെന്നു കരുതി തങ്ങീടുന്ന
ഇവിടെ വരുന്ന വിരുന്നുകാരും
അന്തസ്സ് കാട്ടാനൊരുമ്പെട്ടു നില്‍ക്കുന്നു
നാല് ദിവസങ്ങള്‍ പൂര്‍ണമായി
സെറ്റായി പെണ്ണുങ്ങള്‍ സെറ്റു മുണ്ടും ചുറ്റി
താലവുമേന്തി വരുന്ന ദ്രുശ്യം
ഉള്‍കണ്ണാല്‍ കണ്ടാ- മനപായസത്തിന്റെ
മധുരം നുണഞ്ഞെത്തും ചേട്ടന്മാരും.
പാപ്പാന്മാര്‍ പ്രതിവര്‍ഷം കൂടുന്നുണ്ടെങ്കിലും
പാവമാണാനക്ക് കൊട്ടിലില്ല
പല പല ദേവന്മാര്‍ വാഴുന്ന കോവിലിന്‍
മുമ്പിലീയാനക്കെഴുന്നള്ളത്തു
കോമരം തുള്ളി പറയുന്നു രണ്ടാണ്ടു -
കൂടുമ്പോള്‍ കൂട്ടേണ്ട ചട്ടവട്ടം
ഏതൊരു ജന്മിക്ക് സ്വന്തമാണീയാന
തട്ടകം മാറ്റുന്നു; വേല തോറും
കവിയിവന്‍ കേട്ടുയീ പൂരത്തില്‍ കുത്തി-
ക്കുറിക്കുന്നവര്‍ക്കുണ്ടു സമ്മാനങ്ങള്‍
നമ്പ്യാരെ** ധ്യാനിച്ചീകവിയും കൈകൂപ്പുന്നു
സമ്മാനം ഇക്കുറി -അടിയനാണെ!
**ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം