Image

അഭിമാനത്തിന്റെ തിളക്കത്തില്‍ ഫോമാ കണ്‍വെന്‍ഷന്‍; കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് ബേബി മണക്കുന്നേല്‍

എ.എസ് ശ്രീകുമാര്‍ Published on 06 August, 2026
അഭിമാനത്തിന്റെ തിളക്കത്തില്‍ ഫോമാ കണ്‍വെന്‍ഷന്‍; കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കുറിച്ചുകൊണ്ട് സമാപിച്ച ഫോമായുടെ ഒമ്പതാം നാഷണല്‍ കണ്‍വെന്‍ഷന്റെ വന്‍വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആയിരക്കണക്കിന് കൈകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ് ഫോമായുടെ പ്രസിഡന്റ് ബേബി മണക്കുന്നേല്‍. ഒരു സംഘടനയുടെ ശക്തി അതിന്റെ നേതൃത്വത്തില്‍ മാത്രമല്ല, അതിനെ വിശ്വസിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരിലും അംഗസംഘടനകളിലും സന്നദ്ധപ്രവര്‍ത്തകരിലുമാണെന്ന് അദ്ദേഹം പറഞ്ഞു.

റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, മുന്‍ ദേശീയ നേതാക്കള്‍, അംഗസംഘടനകളുടെ പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, ഡെലിഗേറ്റുമാര്‍, വനിതാ-യുവജന വിഭാഗങ്ങള്‍, വിവിധ സബ് കമ്മിറ്റികള്‍, നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍, ഫോമാ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ അഭ്യുദയകാംക്ഷികള്‍, സാംസ്‌കാരിക-സാമൂഹിക സംഘടനകള്‍, കലാകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവര്‍ കണ്‍വെന്‍ഷന്റെ ഓരോ ഘട്ടത്തിലും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചതാണ് ഈ വന്‍വിജയത്തിന് അടിത്തറയായതെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.

കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍, കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി എഡ്വേര്‍ഡ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. റിസപ്ഷന്‍ ആന്റ് വി.ഐ.പി കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയി എന്‍ സാമുവേല്‍, മീഡിയ ചെയര്‍മാന്‍ സൈമണ്‍ വളാച്ചേരില്‍, എം.ജി മാത്യു, പ്രൊസഷന്‍ ചെയര്‍മാന്‍ തോമസ് ഒലിയാംകുന്നേല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ചുമതല വഹിച്ച റീജിയണല്‍ ചെയര്‍മാന്‍ രാജേഷ് മാത്യു തുടങ്ങിയവരുടെ സേവനങ്ങള്‍ എടുത്തു പറയേണ്ടതാണ്. ചെണ്ടമേളം, മെഗാ തിരുവാതിര എന്നിവയുടെ അകമ്പടിയോടെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ ജോണ്‍ ടൈറ്റസ്-കുസുമം ടൈറ്റസ്, സാജന്‍ വര്‍ഗീസ്-മിനി സാജന്‍ തുടങ്ങിയവര്‍ സാന്നിധ്യമറിയിച്ചു.

കണ്‍വെന്‍ഷന്റെ സാമ്പത്തിക വിജയത്തിന് ശക്തമായ പിന്തുണ നല്‍കിയ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ ജിജു കുളങ്ങര, സാബു കൃഷ്ണന്‍-അനുപമ കൃഷ്ണന്‍, ഡോ. ഫ്രീമു വര്‍ഗീസ്, ജോണ്‍ ഡബ്ലിയു വര്‍ഗീസ് (പ്രോംപ്റ്റ് റിയല്‍റ്റി ആന്റ് മോര്‍ട്ട്‌ഗേജ്) എന്നിവരുടെയും ഗോള്‍ഡ് സ്‌പോണ്‍സര്‍മാര്‍, സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍, വിവിധ മല്‍സരങ്ങള്‍ക്ക് കാഷ് പ്രൈസ് നല്‍കിയ വ്യക്തികളുടെയും പരസ്യ ദാതാക്കളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സഹകരണം പ്രശംസാര്‍ഹമാണ്.  

കണ്‍വന്‍ഷന്റെ രണ്ടാം ദിവസം നടന്ന ചീട്ടുകളി മല്‍സരം ആവേശോജ്വലമായിരുന്നു. 50 ടീമുകള്‍ പങ്കെടുത്ത ഈ മല്‍സരത്തിന്റെ നേതൃത്വം ബിഞ്ചു ജോണ്‍ (ന്യൂയോര്‍ക്ക്) വഹിച്ചു. അന്നേ ദിവസം ജനറല്‍ ബോഡിക്ക് ശേഷം രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടന്ന, ഫോമായുടെ 2026-2028 ഭരണസമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ വിജയിച്ചതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാത്യു ചെരുവില്‍, കമ്മിറിറി അംഗങ്ങളായ ജോര്‍ജ് മാത്യു, മാത്യു കെ ജോഷ്വ എന്നിവര്‍ ഔദ്യേഗിക ഫലപ്രഖ്യാപനം നടത്തി.

ഫോമായുടെ ഓണ സദ്യ ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യയാണ് ഒരുക്കിയത്. 1500 പേര്‍ക്കായി 23 ഇനം കറികളും മൂന്ന് തരം പായസങ്ങളും ഉള്‍പ്പെടെ സമൃദ്ധമായ വിഭവങ്ങളാണ് ഇലയില്‍ വിളമ്പിയത്. എസ്.കെ ചെറിയാന്‍ ചെയര്‍മാനായുള്ള ഫുഡ് കമ്മിറ്റി രുചികരമായ ഭക്ഷണം വിളമ്പി ശ്രദ്ധ പിടിച്ചു പറ്റി. സുരേഷ് രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അപ്നാ ബസാര്‍ ആണ് ഓണസദ്യയൊരുക്കിയത്. മൂന്നാം ദിവസം നടന്ന ഹെല്‍ത്ത് സെമിനാറിന് ലോക പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ള നേതൃത്വം നല്‍കി. ഡോ. റെയ്‌ന റോക്ക് ആയിരുന്നു ഹെല്‍ത്ത് സെമിനാറിന്റെ മോഡറേറ്റര്‍.

തുടര്‍ന്ന് ഐ.പി.സി.എന്‍.എ മോഡറേറ്ററായ 'ക്രോസ് ഫയര്‍' ബേബി ജോണ്‍ ഊരാളില്‍ നേതൃത്വം നല്‍കിയ ബിസിനസ് സമ്മിറ്റ്, ആര്‍.വി.പി പി.റ്റി തോമസ് നടത്തിയ ടാക്‌സ് സെമിനാര്‍, തമ്പി ആന്റണി സാരഥ്യം വഹിച്ച് സാഹിത്യ സമ്മേളനം എന്നിവയും ശ്രദ്ധേയമായി. വിവിധ കണ്‍വന്‍ഷനുകളില്‍ ചുമതല വഹിച്ച് ശ്രദ്ധേയനായ രാജന്‍ യോഹന്നാന്റെ സെക്യൂരിറ്റി ചെയര്‍ എന്ന നിലയിലുള്ള സേവനവും സതേണ്‍ റീജിയണ്‍ ആര്‍.വി.പി ബിജു ലോസന്റെ സഹകരണവും പ്രശംസാര്‍ഹമാണ്.

ബാങ്ക്വറ്റ് സമയത്ത് ഫോമായുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ അംഗീകാരം നേടിയ 14 നേതാക്കളം പ്ലാക്ക് കൊടുത്ത് ആദരിച്ചു. കണ്‍വന്‍ രാവുകളെല്ലാം കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഡി.ജെ എന്നിവയാല്‍ സമ്പന്നമായിരുന്നു. സമാപന സമ്മേളനത്തില്‍ ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ സംഘടനയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഫോമായോടൊപ്പം നിന്ന ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്കും ഡെലിഗേറ്റുകള്‍ക്കും അതിഥികള്‍ക്കും, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക നന്ദി അറിയിച്ച ബേബി മണക്കുന്നേല്‍ അവരുടെ സജീവ സാന്നിധ്യവും പങ്കാളിത്തവുമാണ് കണ്‍വെന്‍ഷനെ ഊര്‍ജസ്വലമാക്കിയത് എന്നും അഭിപ്രായപ്പെട്ടു.

ഹൂസ്റ്റണ്‍ നഗരത്തെയും പ്രാദേശിക സംഘാടകസമിതിയെയും വിവിധ കമ്മിറ്റികളെയും പ്രത്യേകമായി അഭിനന്ദിച്ച അദ്ദേഹം, മാസങ്ങളോളം നീണ്ട ആസൂത്രണവും കഠിനാധ്വാനവും ത്യാഗവുമാണ് കണ്‍വെന്‍ഷനെ മികവുറ്റതാക്കി മാറ്റിയതെന്ന് പറഞ്ഞു. വേദി ഒരുക്കം മുതല്‍ രജിസ്‌ട്രേഷന്‍, താമസം, ഭക്ഷണം, ഗതാഗതം, സുരക്ഷ, കലാപരിപാടികള്‍, സെമിനാറുകള്‍, യുവജന-കുട്ടികളുടെ പരിപാടികള്‍ എന്നിവയുടെ വിജയകരമായ ഏകോപനം സംഘാടകമികവിന്റെ മികച്ച മാതൃകയായിരുന്നുവെന്നും ബേബി മണക്കുന്നേല്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ പരിപാടികളില്‍ എം.സിമാരായി പ്രവര്‍ത്തിച്ച ആഷാ തോമസ്, ഡോ. റെയ്‌ന റോക്ക്, ആന്‍സി ക്രിസ്റ്റഫര്‍, മെര്‍ലിന്‍ സാജന്‍ എന്നിവരുടെ മികച്ച അവതരണം കണ്‍വന്‍ഷന്റെ മാറ്റ് കൂട്ടി.

അതേസമയം, 2024-2026 ലെ ഫോമാ തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനങ്ങളിലേയ്ക്കും ഒറ്റ ടീമായി വിജയിച്ചുവന്ന ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്), ബൈജു വര്‍ഗീസ് (സെക്രട്ടറി), സിജില്‍ പാലയ്ക്കലോടി (ട്രഷറര്‍), ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്), പോള്‍ പി ജോസ് (ജോയിന്റ് സെക്രട്ടറി), അനുപമ കൃഷ്ണന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കണ്‍വന്‍ഷന്റെ വിജയമെന്ന് വിലയിരുത്തപ്പെടുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക