
ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമാധാനപരവും സുതാര്യവുമായി വിജയകരമായി പൂർത്തിയായി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഫോമായുടെ സംഘടനാ മികവും ജനാധിപത്യ പാരമ്പര്യവും ഒരിക്കൽക്കൂടി തെളിയിച്ചതായി ദേശീയ നേതൃത്വം അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ മുഴുവൻ നടപടിക്രമങ്ങളും നിഷ്പക്ഷതയോടെയും കൃത്യതയോടെയും സമയബന്ധിതമായും ഏകോപിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ മാത്യു ചെറുവിലും കമ്മീഷൻ അംഗങ്ങളും, തിരഞ്ഞെടുപ്പ് കോർഡിനേറ്റർമാരായ മുൻ ദേശീയ പ്രസിഡന്റ് ജോർജ് മാത്യു, മാത്യു ജോഷോ (ബോബി) എന്നിവരും കാഴ്ചവെച്ച ആത്മാർത്ഥമായ നേതൃത്വത്തിനും ഏകോപനത്തിനും ദേശീയ നേതൃത്വം പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. സ്ഥാനാർഥികൾക്കും പ്രതിനിധികൾക്കും ഒരുപോലെ വിശ്വാസം പകരുന്ന രീതിയിൽ വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ ക്രമബദ്ധമായും സുതാര്യമായും പൂർത്തിയാക്കാൻ ഇവർ നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും നേതൃത്വം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയകരമാക്കുന്നതിൽ വിവിധ കമ്മിറ്റികളിലെ സന്നദ്ധപ്രവർത്തകരുടെ സേവനവും ഏറെ വിലപ്പെട്ടതായിരുന്നു. രജിസ്ട്രേഷൻ, വോട്ടിംഗ് ക്രമീകരണങ്ങൾ, സാങ്കേതിക സഹായം, വിവരവിനിമയം, സുരക്ഷ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രവർത്തിച്ച എല്ലാ വളണ്ടിയർമാരുടെയും ആത്മാർത്ഥമായ പരിശ്രമമാണ് തിരഞ്ഞെടുപ്പ് സുഗമമായും സമയബന്ധിതമായും പൂർത്തിയാക്കാൻ സഹായിച്ചതെന്ന് സംഘാടകർ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ സ്ഥാനാർഥികളെയും ദേശീയ നേതൃത്വം അഭിനന്ദിച്ചു. വിജയവും പരാജയവും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഫോമായുടെ വളർച്ചയ്ക്കും അമേരിക്കയിലുടനീളമുള്ള മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനുമായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും നേതൃത്വം ആഹ്വാനം ചെയ്തു.
ഫോമാ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പ് കോർഡിനേറ്റർമാരായ ജോർജ് മാത്യുവിനും മാത്യു ജോഷോ (ബോബി)ക്കും, വിവിധ കമ്മിറ്റികളിലെ സന്നദ്ധപ്രവർത്തകർക്കും, പ്രതിനിധികൾക്കും, ആതിഥേയർക്കും, സ്പോൺസർമാർക്കും, പങ്കെടുത്ത എല്ലാ അംഗസംഘടനകൾക്കും ഫോമായുടെ ദേശീയ നേതൃത്വം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
അതോടൊപ്പം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രസിഡന്റ് ബിജു തോണിക്കടവിലും ടീമിനും ദേശീയ നേതൃത്വം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും നേർന്നു. പുതിയ നേതൃത്വത്തിന്റെ കീഴിൽ ഫോമായുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുകയും, അമേരിക്കയിലുടനീളമുള്ള മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സേവനപ്രവർത്തനങ്ങൾക്കും പുതിയ ദിശയും ഊർജവും ലഭിക്കട്ടെയെന്നും നേതൃത്വം ആശംസിച്ചു.