Image

മഹാപ്രളയത്തില്‍ ഡാമുകള്‍ - 2018 പ്രളയം പഠിപ്പിക്കുന്ന പാഠങ്ങള്‍ (പി.എസ് ജോസഫ്‌)

Published on 04 August, 2026
മഹാപ്രളയത്തില്‍ ഡാമുകള്‍ - 2018 പ്രളയം  പഠിപ്പിക്കുന്ന പാഠങ്ങള്‍ (പി.എസ് ജോസഫ്‌)

ഒരു ഡാം കാണുമ്പോള്‍ അവിടെ ഒരു നദി ഉണ്ടായിരുന്നു എന്ന് നാമോര്‍ക്കുന്നുവോ? ഭീമാകാരനായ ഇടുക്കി ഡാം കാണുമ്പോള്‍ എത്ര വലിയ ഒരു നദിക്കാണ് നാം കൂച്ചു വിലങ്ങിട്ടതെന്ന് തോന്നിപ്പോകും.

പെരിയാറിനെ തളച്ച് രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍, അടിവാരത്തേക്കു നോക്കിയാല്‍  തലചുറ്റി പോകുന്ന 555 അടി ഉയരമുള്ള കോണ്‍ക്രീറ്റില്‍ തീര്‍ത്ത, ജലസംഭരണിയാണ് ഇടുക്കി ഡാം. സമുദ്രനിരപ്പില്‍ നിന്ന് 2403 അടി വരെ ജലം സംഭരിക്കാവുന്ന ഈ ഡാമിലേക്ക് വൃഷ്ടിപ്രദേശത്തു നിന്നും, 142 അടിയില്‍ വെള്ളമെത്തിയാല്‍ മുല്ലപ്പെരിയാറില്‍ നിന്നും, വെള്ളം ഒഴുകിയെത്തും. മുല്ലപെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി ഡാമില്‍ ആ വെള്ളം തടഞ്ഞു നിര്‍ത്തും എന്നു പറഞ്ഞാണ് തമിഴ്നാട്  സുപ്രീം കോടതിയില്‍ നിന്ന് 142 അടിയില്‍ അതില്‍ ജലം ഉയര്‍ത്തി നിര്‍ത്താന്‍ അവകാശം നേടിയത്. ആ ഇടുക്കി ഡാം പതിനെട്ടിലെ മഹാപ്രളയത്തില്‍ നിറഞ്ഞു കവിഞ്ഞു.

പൂര്‍ണതോതില്‍ വൈദ്യുതി  ഉല്‍പാദിപ്പിക്കുകയും  12  ലക്ഷം ലിറ്റര്‍ വരെ വെള്ളം ഒഴുകിക്കളയുകയും ചെയ്തിട്ടും ഡാമിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ നമുക്കായില്ല. കാരണം ഇടുക്കിയുടെ വൃഷ്ടിപ്രദേശങ്ങളിലും മുല്ലപെരിയാര്‍ മേഖലയിലും മഴ കുത്തിപ്പെയ്യുകയായിരുന്നു. പീരുമേട് ഓഗസ്റ്റ്‌ 14, 15, 16, 17  തീയതികളില്‍ 30 സെന്‍റി മീറ്ററില്‍ ഏറെ മഴ പെയ്തു. ഇതോടൊപ്പം  മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമൊഴുകി വന്നു. തമിഴ്നാട്ടിലേക്ക് പരമാവധി ജലം കൊണ്ടുപോയ ശേഷമാണ് അവര്‍ ചൊവ്വാഴ്ച രാത്രി മുതല്‍ വെള്ളം തുറന്നു വിട്ടതെന്നോര്‍ക്കണം. ഇതിനിടെ ഇടുക്കിയിലെ സ്ലൂയിസ് വാല്‍വുകളും തുറക്കുമെന്ന ഭീതിയുണ്ടായി. അഭൂതപൂര്‍വമായ മഴയില്‍ മുങ്ങിക്കഴിഞ്ഞിരുന്ന പെരിയാറിന്‍റെ തീരത്തെ മഹാപ്രളയം  മനുഷ്യരെയും മൃഗങ്ങളെയും ജനജീവിതത്തെയും തകര്‍ക്കുമ്പോഴായിരുന്നു ഈ പുതിയ ആശങ്കകള്‍.  ആദ്യമായി ഡാമും ഒരു ബോംബ്‌ പോലെ സംഹാരമൂര്‍ത്തിയായി മാറാമെന്ന സത്യം ജനങ്ങള്‍ അറിഞ്ഞു

ഇടുക്കിയിലും പെരിയാറിലും മാത്രമല്ല കേരളത്തിലെ 42  ഡാമുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി.33 ഡാമിന്‍റെ ഷട്ടറുകള്‍ ഈ പ്രളയത്തില്‍ തുറക്കേണ്ടി വന്നു.  തങ്ങള്‍ മഹാപ്രളയത്തിലാണ് എന്ന കാര്യം തിരിച്ചറിയാന്‍ അധികൃതര്‍ വൈകി. അതിശക്തിമയ മഴ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും അതനുസരിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഷട്ടറുകള്‍ അടച്ച്   വെള്ളം വൈദ്യുതിക്ക് വേണ്ടി  സംരക്ഷിക്കാനായിരുന്നു വൈദ്യുതി ബോര്‍ഡിന്‍റെ തീരുമാനം. പിന്നീട് ക്രമാതീതമായി നീരൊഴുക്കു വന്നപ്പോള്‍ ഡാം പൂര്‍ണ്ണമായി തുറന്നുവിട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി ഇവിടെയും. ഇതിനിടെ താഴെയുള്ള ഇടമലയാര്‍ ഡാം  (169 അടി ശേഷി) ജലം നിറഞ്ഞു കവിഞ്ഞു. ഭൂതത്താന്‍കെട്ടും കല്ലാര്‍കുട്ടിയും  ഇങ്ങനെ തുറന്നു വിട്ടവയില്‍ പെടുന്നു

തമിഴ്നാട് പറമ്പിക്കുളം-ഷോളയാര്‍  ഡാമുകളില്‍  നിന്ന് വെള്ളം ഒഴുക്കിയതും ഇങ്ങനെ തന്നെ. പാതി രാത്രി മാത്രം വിവരം അറിയിച്ച് പൊടുന്നനെ വെള്ളം പുറത്തേക്ക് ഒഴുക്കുകയായിരുന്നു. ഇത് പെരിങ്ങല്‍കുത്ത് ഡാമിലേക്ക് വന്‍തോതില്‍ നീരൊഴുക്കുണ്ടാക്കി. കൂറ്റന്‍ മരങ്ങള്‍ കടപുഴകി ഡാമില്‍ പതിച്ചു. ഇതോടെ പ്രളയമുണ്ടായത് ചാലക്കുടിയില്‍. നദി മാറി ഒഴുകിയത് മൂലം ഒരു ഗ്രാമം തന്നെ ഭീഷണിയിലായി. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്രസഹായം തേടുമെന്ന് വൈദ്യുതി മന്ത്രി തന്നെ പറയേണ്ടി വന്നു

പമ്പാനദിയും മുവാറ്റുപുഴയാറും  നേരിട്ട് കടലില്‍ പതിക്കുന്ന നദികളല്ല. അവ വേമ്പനാട്ടുകായലില്‍ എത്തുന്നു. അച്ചന്‍ കോവിലാര്‍ പമ്പയിലും. പമ്പയില്‍ എല്ലാ  ഡാമുകളിലും വെള്ളം നിറഞ്ഞതോടെ      കക്കി, മൂഴിയാര്‍, കൊച്ചുപമ്പ തുടങ്ങി 9 ഡാമുകളാണ് ഒരുമിച്ചു തുറന്നത്. പമ്പയിലെ വെള്ളം ഏതാണ്ട് നല്ല (25?) അടി ഉയരത്തില്‍ കുട്ടനാട്ടില്‍ എത്തി. അതോടെ  മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും  വെള്ളം വേമ്പനാട്ടു കായലിന് സ്വീകരിക്കാനായില്ലെന്ന് ചില വിദഗ്ധര്‍ പറയുന്നു. കുട്ടനാട്ടിലെ വെള്ളപ്പെരുക്കം വൈക്കം ഭാഗത്ത്‌ എത്തി. അങ്ങനെ മൂവാറ്റുപുഴയും നിറഞ്ഞു കവിഞ്ഞു.

വയനാട്ടില്‍ ബാണാസുരസാഗര്‍  ഡാം യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നു വിട്ടു. അതോടെ പനമരവും മാനന്തവാടിയുമെല്ലാം പ്രളയത്തിലായി.

  20 സെമി വരുന്ന അതിശക്തമായ മഴ എന്ന് കാലാവസ്ഥാപ്രവചനം ഉണ്ടായിരുന്നു. എങ്കിലും അതനുസരിച്ച് അണക്കെട്ടുകള്‍ മാനേജ് ചെയ്തില്ല എന്നു വേണം കരുതാന്‍. മഴക്കാലം അവസാനിക്കാന്‍ രണ്ടു  മാസങ്ങള്‍ ഉണ്ടായിട്ടും ജലസംരക്ഷണത്തിനായിരുന്നു ശ്രമം എന്ന് കേന്ദ്ര ഭൗമ ശാസ്ത്ര  വകുപ്പ് സെക്രട്ടറി രാജീവന്‍ തന്നെ കുറ്റപ്പെടുത്തുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍  പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണത്തിന് മൂര്‍ച്ചയുണ്ട്.  . സൗത്ത് ഏഷ്യന്‍ ഡാംസ് നെറ്റ്‌വര്‍ക്ക് ആകട്ടെ തങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും.

എന്നാല്‍ ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞു.  ഇവയെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് ആണ് അദ്ദേഹം പറയുന്നത്. സര്‍ക്കാര്‍ എഞ്ചിനീയര്‍ കൂടിയായ ജയിംസ്‌ വില്‍‌സണ്‍ സര്‍ക്കാരിനെ ഒരു യുട്യൂബ് വീഡിയോയില്‍ ന്യായികരിക്കുന്നുമുണ്ട്‌.

പക്ഷെ ഒരു ഡാം  എന്നത് വൈദ്യുതിക്കും ജലസേചനത്തിനും മാത്രമല്ല, പ്രളയ നിയന്ത്രണത്തിനു കൂടിയാണെന്ന് നാം മറന്നു  പോയി. അല്ലെങ്കില്‍ നമ്മുടെ വിദഗ്ധരുടെ മികവ് ഒരു ചോദ്യമാകുന്നു.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളം ഒലിച്ചുപോകും എന്ന് പറഞ്ഞിരുന്ന നമുക്ക് മുന്നറിയിപ്പ് ഇല്ലായിരുന്നു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ആ ഭീഷണി മൂലം ഒരു വര്‍ഷം നാം ഇടുക്കിയിലെ ഒട്ടേറെ വെള്ളം തുറന്നു വിട്ടു. ഇതുമല്ലെങ്കില്‍ 99-ലെ പാഠം നമ്മെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഇതേ വഴികളില്‍ കൂടിയാണ്  അന്ന് വെള്ളപ്പൊക്കം ഉണ്ടായത്. ഇത്തവണ  മരണം കുറഞ്ഞിരിക്കാം പക്ഷെ നഷ്ടം 35,000 കോടിയോളം രൂപ എത്തിയിരിക്കുന്നു മാത്രമല്ല ചെറിയ തുക ലാഭിച്ച വൈദ്യുതി വകുപ്പിനും വലിയ നഷ്ടമുണ്ടായി.

നമ്മുടെ ഡാമുകളെ ശാസ്ത്രീയ മാനേജ്മെന്‍റിന്‍റെ കൂടി ഭാഗമാക്കിയില്ലെങ്കില്‍ ഇനിയും ഇത്തരം  ദുരന്തം ആവര്‍ത്തിക്കും എന്ന് ഉറപ്പാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക