Image

കവിത എന്ന കുരിശുമരം (സാഹിത്യം: പി എസ് ജോസഫ്)

Published on 02 August, 2026
കവിത എന്ന കുരിശുമരം (സാഹിത്യം:  പി എസ് ജോസഫ്)

ഒന്നര ദശകം മുന്‍പാണ് ഞാന്‍ പത്രാധിപര്‍ ആയിരുന്ന ഇന്ത്യ ടുഡേ മലയാളം മലയാള കവിതയിലെ മികച്ച വാഗ്ദാനങ്ങളില്‍ ഒരാളായി കുഴൂര്‍ വിത്സനെ തെരഞ്ഞെടുത്തത് ബെന്യാമിന്‍ ആയിരുന്നു മറ്റൊരാള്‍ .എഴുത്തുകാരിയായിരുന്ന എന്‍ ജി നയനതാരയായിരുന്നു ആ തെരഞ്ഞെടുപ്പു നടത്തിയത് .വര്‍ഷങ്ങള്‍ക്കു ശേഷം ആ തെരഞ്ഞെടുപ്പു എത്ര ശരിയായിരുന്നു എന്ന് കുഴൂര്‍ വിത്സന്റെ കവിതകള്‍ തെളിയിക്കുന്നു അടുത്തയിടെയാണ് അദ്ദേഹത്തിന് ഒ വി വിജയന്‍ അവാര്‍ഡ്‌ ലഭിക്കുന്നത് .അവാര്‍ഡോ പ്രശസ്തിയോ നേടാന്‍ സമൂഹ മാധ്യമങ്ങളുടെ ആധിപത്യമുള്ള ഇക്കാലത്ത് പ്രയാസമുള്ള കാര്യമല്ല .ഇറങ്ങിത്തിരിച്ചാല്‍ ,ശരിയായ ചരട് വലിച്ചാല്‍ നിങ്ങള്‍ കോടികളുടെ ക്ലബ്ബില്‍ എത്തും .വേണ്ടി വന്നാല്‍ നിങ്ങളുടെ അപദാനം എഴുതിക്കാന്‍ ആളെ കൂട്ടാം .നിങ്ങള്‍ സ്വയം വിവാദപുരുഷനായി മാറാം .പക്ഷെ അതാണോ എഴുത്തിന്‍റെ ലക്ഷ്യം ?എന്തിനു നിങ്ങള്‍ എഴുതുന്നു ?എന്താണ് നിങ്ങളുടെ ലക്ഷ്യം ?കവിതയെ ഗൌരവത്തോടെ സമീപിക്കുന്നവരെ അലട്ടുന്ന പ്രശ്നമാണിത് .കവിക്കും വായനക്കാരനും ഇത് നിതാന്തമായ ഒരു ചോദ്യമാണ് .ഒരര്‍ത്ഥത്തില്‍ എല്ലാ കലയും ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നു .

പാരമ്പര്യവും ജീനുകളും ഒരു പരിധി വരെ പ്രതിഭയെ നിശ്ചയിക്കുന്ന സംഗീതത്തില്‍ നിന്നു വ്യത്യസ്തമായി മറ്റു കലാശാഖകളില്‍ പ്രതിഭയുടെ മാറ്റ്‌ ഉരക്കുന്നത് അനുഭവവും നിരന്തരമായ പരിശീലനവുമാണ് .കലയോട് അഭിനിവേശം പുലര്‍ത്തുന്നവര്‍ തുലോം തുഛമായിരിക്കുന്ന ഈ ലോകത്തില്‍ ഏതെങ്കിലും കലയില്‍ അഗാധമായി മുഴുകുക എന്നത് വലിയ സാഹസമാണ് .ജീവിതം  മറന്നു കൊണ്ടെ നിങ്ങള്‍ക്കത് സാധിക്കൂ.ചിലര്‍ വിജയിക്കാം എങ്കിലും പൊതുവേ ചുരുക്കം പേര്‍ക്കെ ആ ഭാഗ്യം ലഭിക്കൂ .എങ്കിലും കൂഴൂര്‍ വിത്സന്‍ “തോറ്റവരുടെ പാട്ട് കുര്‍ബ്ബാന “അര്‍പ്പിക്കുന്നു . കവിത എന്ന കുരിശു മരത്തില്‍ ബലി നടത്തുന്നു .ഓരോ ബലിയും പൂര്‍ത്തിയാക്കുക എന്നത് ദുസ്സഹമായ കൃത്യമാണെന്ന് അറിഞ്ഞിട്ടും കവി ആ യത്നത്തില്‍ ഏര്‍പ്പെടുന്നു .

   എഴുത്തില്‍ ഏറ്റവും ദുഷ്ക്കരവും കാര്യമായ പ്രതിഫലം ലഭിക്കാത്തതുമായ മേഖലയാണ് കവിത.വളരെ എളുപ്പം രചിക്കാം, എന്ന് ഭാഷ അറിയുന്ന എല്ലാവരും കരുതുന്ന മണ്ഡലമാണിത് .ഗദ്യം പലതായി മുറിക്കുകയോ കേകയില്‍ രചിക്കുകയോ വൃത്ത നിബദ്ധമായി എഴുതുകയോ ചെയ്താല്‍ കവിതയായി എന്ന് ഭൂരിപക്ഷം പേരും കരുതുന്നു .അല്ലെങ്കില്‍ വിജയികളെ അനുകരിക്കുകയോ മോഷ്ടിക്കുകയോ ചെയ്യാം .അത് കൊണ്ടു തന്നെ നാം കാണുന്നതില്‍ ഏറെപേരും കവികളാണ് .കൊച്ചു കുട്ടികള്‍ പോലും കവികളായി പേരെടുക്കുന്നു .അതൊക്കെ സാധ്യമാണോ എന്ന്  എനിക്ക് സംശയമുണ്ട് .

 അനുഭവത്തിന്റെ,ഹൃദയഭേദകമായ സംഭവങ്ങളുടെ,വൈകാരികമായ ചിന്തകളുടെ  മൂശയില്‍ വാര്‍ത്തെടുക്കപ്പെടുന്നതാണ് കവിത .അതിനു നീണ്ട കാലത്തെ പരിശീലനം വേണം .ഭാഷാസ്വാധീനം  വേണം .വാര്‍പ്പ്  മാതൃകകളെ തിരസ്കരിക്കാനുള്ള ശേഷി വേണം.ഉന്നതമായ അല്ലെങ്കില്‍ വ്യത്യസ്തമായ ചിന്തകളുടെ പിന്‍ബലം വേണം .ജീവിതത്തെ ഒറ്റചിമിഴില്‍ കാണാനുള്ള ശേഷി വേണം .ഹബ്ബില്‍ ടെലിസ്കോപ് പോലെ ജെയിംസ്‌ വാട്ട് വെബ്ബ് പോലെ കോടാനുകോടി  പ്രപഞ്ചങ്ങളെ കണ്ടെത്താനുള്ള ശേഷി വേണം .ഈ മണ്ണില്‍ നിന്നു , ഈ നശ്വരതയില്‍ നിന്ന് നിങ്ങള്‍ ഈ പ്രപഞ്ചത്തെ കാണണം .

കവിതയ്ക്ക് വേണ്ടി ജീവിതത്തെ ഹോമിച്ച വ്യക്തിയാണ് കൂഴൂര്‍ വില്‍‌സണ്‍ .കവിത കൊണ്ടു മാത്രം ജീവിക്കുന്ന വ്യക്തി .മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു എങ്കിലും കവിതയാണ് അദ്ദേഹത്തിന്‍റെ തുലാസ്സില്‍ മുന്തട്ടില്‍ .അത് കൊണ്ടു തന്നെ അനുഭവങ്ങളും പരിശീലനവും ക്രാഫ്റ്റില്‍ ഉള്ള പരിചയവും അദ്ദേഹത്തിനു ഏറെയാണ്‌ .അതിലും  പ്രധാനം പ്രവാസത്തിന്റെ കയ്പ്പുനീര്‍ കുടിച്ചയാളാണ് അദ്ദേഹം .ജീവിതത്തിലെ നിരവധി ദുഃഖ നിമിഷങ്ങള്‍ കുടിച്ചു തീര്‍ത്ത വ്യക്തി .അത് കൊണ്ടു തന്നെ ആ കവിതകളില്‍ ജീവിത ചിത്രങ്ങള്‍ ജീവസ്സോടെ നിറയുന്നു .

 എത്ര അനുഭവം ഉണ്ടെങ്കിലും ചിന്തയില്‍ ഔന്നത്യം ഉണ്ടെങ്കിലും നിങ്ങളെ അടയാളപ്പെടുത്തുക നിങ്ങളുടെ എഴുത്താണ് അത് സമാനമനസ്ക്കരില്‍ സൃഷ്ടിക്കുന്ന  വികാരമാണ് .എതെന്‍സില്‍ പെര്സേപ്പോലിസ്  നിര്‍മിച്ച ഫിഡിയാസ്എന്ന ശില്പ്പിക്കു അദ്ദേഹം ആവശ്യപ്പെട്ട   വന്‍ തുക കൊടുക്കാന്‍ സിറ്റി കൌണ്‍സില്‍ തയ്യാറായില്ല .മലനിരകളെ നോക്കി നില്‍ക്കുന്ന ആരും കാണാത്ത ആ പിന്‍ഭാഗം എന്തിനു കെട്ടിപ്പൊക്കി എന്നായിരുന്നു അവരുടെ ചോദ്യം . അത് ഈശ്വരനു കാണാന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ  മറുപടി .അതെ, ഒരു പക്ഷെ ഈശ്വരനു മാത്രം കാണാന്‍ ആകുന്ന  അര്‍ത്ഥതലങ്ങള്‍ ആകണം ഒരു കവിതയില്‍ ഉണ്ടാകേണ്ടത് .പല പല തലങ്ങള്‍;പല പല അടരുകളില്‍ സ്പര്‍ശിക്കുന്ന ഒരു രചന ആകണം സാഹിത്യം .

പ്രണയവും പ്രവാസവും സ്നേഹവും വ്യക്തി ദുഖങ്ങളും  അടങ്ങുന്നതാണ് തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍ എന്ന  ബുക്ക്‌ പ്ലസ്‌ പ്രസിദ്ധീകരിച്ച കുഴൂര്‍ വിത്സന്റെ  കവിതാസമാഹാരം .എന്‍ എസ് മാധവന്‍റെ വരിയാണ് ഇതെന്ന് കവി തന്നെ പറയുന്നു .പച്ചയും നീലയും ജീവനും ജലവും സമ്മേളിക്കുന്ന ഈ തലക്കെട്ടിനു പിന്നില്‍ പല വിധത്തില്‍ ,പല താളത്തില്‍ ,വ്യത്യസ്ത രൂപങ്ങളില്‍ ആണ് കുഴൂര്‍ വിത്സന്‍ കവിത രചിക്കുന്നത്‌.ചൊല്ലുന്നത് .അതിനു പുതുമയുണ്ട് , താളമുണ്ട്,വ്യത്യസ്ത  തലങ്ങള്‍ ഉണ്ട് .വൈകാരികമായി നമ്മെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും  ചെയുന്ന  കാര്യങ്ങള്‍ ഉണ്ട് .

നാം എങ്ങനെ നോക്കുന്നുവോ എന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു കണ്‍കോണില്‍ നിന്നാണ് അദ്ദേഹം കവിത എഴുതുന്നത്‌ .

ആദ്യം  മരിച്ചാല്‍

നിന്നെയാര് നോക്കുമെന്നല്ലായിരുന്നു  സങ്കടം

ആരെല്ലാം നോക്കുമെന്നായിരുന്നു

..

അന്ന് ആറുതവണ നിറയോഴിച്ച ശേഷവും

അരിശം തീരാതെ ബാക്കി വെച്ച വെറുപ്പിന്റെയും

പകയുടെയും ഒരുണ്ടയാണ്

നിന്‍റെ  നോട്ടമെന്നു

ഞാനന്ന് തിരിച്ചറിഞ്ഞു


(2027 ഫെബ്രുവരി 28 )


ഒരു പഴം വേണ്ടി വന്നു

ഈ തെറിച്ച വിത്തിന് സ്വന്തം

കൃഷിക്കാരനെ ഓര്‍മ്മിക്കാന്‍  

(കൃഷിക്കാരന്‍)


ലളിതമെന്നു തോന്നുന്ന ബിംബങ്ങളില്‍ സ്വയം പുച്ഛവും ബഹുമാനവും പാരമ്പര്യവും അവതരിപ്പിക്കാന്‍ കവിക്ക്‌ അധിക വാക്കുകളോ വരിയോ വേണ്ടി വരുന്നില്ല

 കവിത ഏറ്റവും ചെറിയ ഏറ്റവും വലിയ ആവിഷ്ക്കാരമാണ് .ഒരു വരിയില്‍ ഒരു മഹാകാവ്യം എഴുതാനാകും എന്ന്  അന്ന ആഖ്മതോവയെ പോലുള്ളവര്‍ തെളിയിച്ചിട്ടുണ്ട്  പ്രിസണര്‍ ഓഫ് ഒമ്സ്ക്  ഉദാഹരണമാണ് ഇ ഷാള്‍  ഷോ യു ഫിയര്‍ ഇന്‍ എ ഹാണ്ട്ഫുള്‍ ഓഫ്  ഡസ്റ്റു എന്ന്  ടി എസ് എലിയറ്റ്

എത്ര എഴുതിയാലും ചിലപ്പോള്‍ വാക്കുകള്‍ക്കോ ഭാഷക്കോ  ആവിഷ്കരിക്കാനാകാത്ത വികാരങ്ങളും ഉണ്ട് .ഭാഷയതപൂര്‍ണ്ണം എന്ന് ആശാന്‍ പറഞ്ഞത് വെറുതെയല്ല

പഴകിപതിഞ്ഞ ആശയങ്ങളെ  കവിക്കോ എഴിത്തുകാരനോ  കലാകാരനോ ആവിഷ്ക്കരിക്കാന്‍  ഉള്ളൂ .പ്രണയം,മരണം ,വീട്ടു നൊമ്പരം ,ഓര്‍മ്മ ,പ്രതികാരം ,അസൂയ തുടങ്ങി ചെറിയ വലിയ കാര്യങ്ങള്‍. ആ കഥാതന്തുവില്‍ നിന്നാണ് ഓരോ കാലവും പുതിയ രചനകള്‍ കണ്ടെത്തുന്നത് .കവിതകള്‍ അലങ്കാരങ്ങളില്‍ നിന്ന് മാറി നവീനമായ ഇമേജുകള്‍ കണ്ടെത്തുന്നത് .


നൃത്തം  എന്ന കവിത നോക്കുക

ഇല്ല എല്ലാ മുന്നേറ്റങ്ങളും

ഗോളുകളാകുന്നില്ല

സ്വപ്നത്തിലായാലും ഫൌളാകാത്ത

കളികളുമില്ല

പന്താണ് ഇവിടെ നിറഞ്ഞു നില്‍ക്കുന്ന ഇമേജ്

അതെ പോലെ ,കുഴൂര്‍ വിത്സന്റെ കവിതകളില്‍ മറ്റു പലരും ഉപയോഗിക്കാന്‍ മടിക്കുന്ന കാലികമായ ഇമേജുകളുടെ നിര തന്നെ കാണാം

12 വര്‍ഷം പഴക്ക്മുള്ള

ഒരു ലാന്‍സര്‍ കാറായിരുന്നു

ഞങ്ങളുടെ വീട് ..

ഒരു കവിതയിലെ റിഫ്രയിന്‍   ആണിത്

അതെ പോലെ സിഗരെട്റ്റ് ,മൊബൈല്‍ ഫോണ്‍ .തുടങ്ങി ആധുനിക ജീവിതത്തിലെ എല്ലാ ബിംബങ്ങളും ഈ കവിതകളില്‍ പ്രത്യക്ഷപെടുന്നു .എങ്കിലും കടലും മുള്ളുവേലിയും കാറ്റും മരങ്ങളും അവിടവിടെ കവിതകളില്‍ കാണാം അതേ പോലെ പി രാമനും രാം മോഹന്‍ പാലിയത്തും  വിഷ്ണു പ്രസാദും പോലെ  

പല കവികളും അതേപേരില്‍ ഇവയില്‍ പ്രത്യക്ഷപെടുന്നുണ്ട് . മൊയ്തു വാണിമേല്‍ പോലുള്ള എഴുത്തുകാരും  .കോഴിക്കോടും നിപ്പ പനിയും കണ്ടയിനര്‍ റോഡും മാഡ്രിഡും  അജ്മാനും  കവിതകളിലെ ഭൂസാന്നിധ്യം

കുഴൂര്‍ വിത്സന്റെ എഴുത്ത് രീതിയാണ് രസകരം  കിളിപോയി എന്നാണ് ഒരു കവിതയുടെ  നിരവധി വരികളില്‍ ഈ ഈ കമ്മിങ്ങ്സിനെ പോലെ കിളി പോയി കിളി പോയി എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു .കവിത ഒരു വിചിത്ര എഴുത്ത് രീതിയാണ് എന്നോര്‍മ്മിപ്പിക്കുന്നു പക്ഷെ ബാബേല്‍  എന്ന പ്രണയ കവിതയില്‍ എല്ലാ ഭാഷയും മറന്നു പോകുന്ന കാമുകനാണ് കവി .മറ്റൊരു കവിതയില്‍ കടല്‍ മഴത്തുള്ളിയായി എത്തുന്ന  അപൂര്‍വ്വ നിമിഷം നമുക്ക് കാണാം .

അതിലും രസകരമാണ് ഒരു ഉന്മാദത്തിന്റെ ഭംഗിയ്ടുള്ള ഒരു പകലില്‍  ജീവിതവുമായുള്ള കവിയുടെ കണ്ടുമുട്ടല്‍ . അവസാനം വരെ നീണ്ട വെറുപ്പിക്കലുകള്‍ക്ക് ശേഷം ജീവിതത്തെ കവി ഇഷ്ടപെടുന്നു ജീവിതവുമായി നൃത്തം ചെയ്യുന്നു .പേര് മാത്രമല്ല ജീവിതത്തിന്‍റെ ഇനിഷ്യലും കണ്ടെത്തുന്നു. ജീവിതം പി കെ.

ഒരു ഗാനത്തിന്റെ ആരോഹണാവരോഹണം പോലെ മധുരമായ രാഗാലാപനമാണീകവിത .

ഒരിടത്ത് കവി പറയുന്നു :

ഞാന്‍ കവിത ചൊല്ലുകയല്ല

കവിത എന്നെ ചൊല്ലുകയാണ്

കവിതയെ കുറിച്ചു എന്ത് പറഞ്ഞാലും അത് ഇങ്ങനെയേ അവസാനിപ്പിക്കാന്‍ പറ്റു. അത് കവിതയായിരിക്കണം നിങ്ങളുടെ ഹൃദയത്തെ ത്രസിപ്പിക്കുന്നതു.ആല്മാവില്‍ തീ കോറിയിടുന്നത്. നിങ്ങളുടെ ലോകത്തെ വിസൃതമാക്കുന്നത് .നിങ്ങളെങ്ങനെ നിങ്ങള്‍ ആയെന്നു അറിയിക്കുന്നത്. ആ കവിതയുടെ ഒരു മുഖമാണ് നാം ഇവിടെ കാണുന്നത്   
 

Join WhatsApp News
Jayan Varghese 2026-08-02 12:39:21
‘ അവാര്‍ഡോ പ്രശസ്തിയോ നേടാന്‍ സമൂഹ മാധ്യമങ്ങളുടെ ആധിപത്യമുള്ള ഇക്കാലത്ത് പ്രയാസമുള്ള കാര്യമല്ല . ഇറങ്ങി ത്തിരിച്ചാല്‍ ,ശരിയായ ചരട് വലിച്ചാല്‍ നിങ്ങള്‍ കോടികളുടെ ക്ലബ്ബില്‍ എത്തും . വേണ്ടി വന്നാല്‍ നിങ്ങളുടെ അപദാനം എഴുതിക്കാന്‍ ആളെ കൂട്ടാം .നിങ്ങള്‍ സ്വയം വിവാദപുരുഷനായി മാറാം ‘ ( നിരൂപക ഭാഷ്യം ) ഈശോയെ ! ഇങ്ങനെയൊക്കെയാണ് നമ്മുടെ അച്ചായന്മാർ അവാർഡുകൾ തരപ്പെടുത്തുന്നതെങ്കിൽ സൂര്യൻ ഉറങ്ങും, കാറുകൾ കരയും ഘനീഭവിച്ച മേഘം പുകയും ? ( ഒരു പള്ളി സുവനീറിൽ കണ്ട പോലെ ) ദൈവം ജി. പി. എസ്. പോലെ വഴി കാട്ടും ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക