Image

അസ്മി (കവിത: വേണുനമ്പ്യാർ)

Published on 15 July, 2026
അസ്മി (കവിത: വേണുനമ്പ്യാർ)

പറയുന്നവർ ഒന്നും അറിയുന്നില്ല
അറിയുന്നവർ ഒന്നും പറയുന്നില്ല
അസ്മിക്കെല്ലാമറിയാം
എനിക്കൊന്നുമറിയില്ല

അന്തരാകാശത്തിൽ
മുഴങ്ങുന്ന മൌനനാദം

തുടക്കക്കാരന്റെ മനസ്സിലെ
പൂർണ്ണതേജസ്സ്

അസ്മി പൂർണ്ണതയ്ക്ക് മീതെ
അടയിരിക്കുന്ന അപൂർണ്ണതയൊ

അസ്മി അപൂർണ്ണതയ്ക്ക് മീതെ
അടയിരിക്കുന്ന പൂർണ്ണതയൊ

വാക്കിന് അതിനെ
ഉൾക്കൊള്ളുവാനാകുമൊ?
വാക്ക് കേവലമൊരു ചൂണ്ടുപലക 
എങ്കിലും ചിലതൊക്കെ പറഞ്ഞേ ഒക്കൂ

മീതെയും കീഴെയും അസ്മി
അകവും പുറവും അസ്മി
പുഴ അസ്മി
കടൽ അസ്മി
പർവ്വതം അസ്മി
ആകാശം അസ്മി

ഞാൻ മാത്രമല്ല
നിങ്ങളും അസ്മിയാകുന്നു
ഇതു വായിക്കുന്നോരൊക്കെ
അസ്മി മാത്രമാകുന്നു
ഉദകക്രിയയോട് ബന്ധമില്ലാത്ത
ശാശ്വതശുദ്ധക്രിയ അസ്മി

അഹത്തോട് കുഖ്യാതമായ
വികാരവിചാരങ്ങളുടെ കാരം ചേർന്നപ്പോഴല്ലേ
അഹങ്കാരം ഭൂജാതമായത്

അഹങ്കാരം ഭൂമിയിൽ
വന്മതിലുകൾ പൊക്കിപ്പണിഞ്ഞില്ലേ

വിശ്വാസത്തിന്റെ
നാമത്തിൽ അഹങ്കാരം നിഷ്കളങ്കരായ ദാർശനികരെ തൂക്കിലേറ്റിയില്ലേ
അവരുടെ അനുയായികളെ
തുറുങ്കിലടച്ചില്ലേ
വെളിച്ചത്തിൽ നിന്ന്
ഘോരതമസ്സിലേക്ക്
തള്ളി വിട്ടില്ലേ

നിരുപാധികമായ വിടുതലിനായി
ഉപേക്ഷിക്കാം അഹത്തെ
ഉപേക്ഷിക്കാം ബ്രഹ്മത്തെ
അങ്ങനെ കേവലം
അസ്മി മാത്രമായി ശേഷിക്കാം

മതമില്ലാത്ത അസ്മി
ജാതിയില്ലാത്ത അസ്മി
പള്ളിയും അമ്പലവും
സിനഗോഗുമില്ലാത്ത അസ്മി

പറയുന്നവർ ഒന്നും അറിയുന്നില്ല
അറിയുന്നവർ ഒന്നും പറയുന്നില്ല
അസ്മിക്കെല്ലാമറിയാം
എനിക്കൊന്നു മറിയില്ല
എന്നാൽ അസ്മി എന്നിലൂടെ
സർവ്വതുമറിയുന്നു

തുടക്കം അറിയാം
ഒടുക്കം അറിയാം
ഇടയ്ക്ക് സംഭവിച്ച 
സംഭവപരമ്പരകളൊക്കെ
മായക്കണ്ണാടിയിലെ യാദൃശ്ചികമായ
പ്രതിഫലനങ്ങൾ 
തുടക്കത്തിനും ഒടുക്കത്തിനുമപ്പുറം
എന്താണെന്ന്
അസ്മിക്കറിയാം!

അസ്മി ശൂന്യാകാശം പോലെ സ്വത്വശൂന്യം
ഹൃദയത്തെ കീഴടക്കുന്ന യാഥാർത്ഥ്യം!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക