
സംസാരം കേട്ടാലുടൻ അറിയാമൊരുത്തന്റെ
സംസ്കാരം എന്തെന്നതു നിശ്ചയമസംശയം!
സംസ്‌കാരമൊരുത്തർക്കും മറയ്ക്കാനാവില്ലതു
സംഭാഷണത്തിൽ സ്വയം വന്നുപോമറിയാതെ!
പ്രവൃത്തി കണ്ടാലുടൻ അറിയാം ഒരുത്തന്റെ
പ്രവൃത്തി ചെയ്യാനുള്ള ശേഷിയും ശുഷ്കാന്തിയും!
പ്രാരംഭം നന്നായിരുന്നെങ്കിലേ പിന്നീടുള്ള
പ്രവൃത്തിയെല്ലാം ശുഭ ദായിയായ് ഭവിക്കുള്ളൂ!
ദേശവും അവിടുത്തെ ഭാഷാപ്രയോഗമെല്ലാം
ലേശവും മറയ്ക്കാതെ ഭാഷയിലുളവാകും!
വിദ്യയും സംസ്കാരവും ഒത്തുപോകുമെന്നതു
മിഥ്യയാണൊരിക്കലും ചേരണമെന്നില്ലല്ലോ!
രക്തത്തിലൂറിച്ചേർന്ന കുടുംബ പാരമ്പര്യം
വ്യക്തമായ് നിഴലിക്കും വാക്പ്രയോഗത്തിൽ നീളെ !
കുടുംബ പാരമ്പര്യം പെരുമാറ്റത്തിൽ നിന്നു-
മുടനേതിരിച്ചറിഞ്ഞീടുവാനാകും നൂനം!
സംസാരം ശ്രോതാവിനു രസിക്കുന്നതു പോലെ
കൈകാര്യം ചെയ്യാനുള്ള ചാതുരി എളുതല്ല!
ഒരിക്കൽ കേട്ടാൽ പേർത്തും കേൾക്കുവാനിച്ഛിക്കും പോൽ
ഉരിയാടുവാനുള്ള ചാതുരി വിരളം താൻ!
ചിലർ തൻ സംഭാഷണം കേട്ടെന്നാലപ്പോൾത്തന്നെ
നിലച്ചു പോകും നമ്മിലങ്കുരിച്ചൊരാ പ്രിയം!
എങ്കിലും ചിലരുടെ ചാതുരിയസാമാന്യം
ശങ്കിച്ചിടാതെയാരും കേട്ടുകേട്ടിരുന്നു പോം!
ഭഗവാൻ ശ്രീരാമനെ ദർശിച്ച ഹനുമാൻ പോയ്
സുഗ്രീവനോടു ചൊന്നാൻ "സംസ്കാര സമ്പന്നഹ"!
വിദ്യയ്‌ക്കു സരസ്വതീ ദേവിയുമതു പോലെ
വിത്തത്തിനെന്നാൽ മഹാലക്ഷ്മിയും വർത്തിയ്ക്കുന്നു!
നമ്മളെ വളർത്തിയ സംസ്കാരം നന്നാണെന്നാൽ
നമ്മുടെ സംസാരവും മെച്ചമായിരുന്നീടും!
യുവതലമുറയെ ശ്രദ്ധിച്ചു വളർത്തിയാ-
ലവരുമിവരണ്ടും ഭദ്രമായ് കാക്കും നൂനം!
- ------------------
20 -2 -2026