Image

'ധീരാ....വീരാ.....ഒന്നടങ്ങ്!' (രാജു മൈലപ്രാ)

Published on 28 June, 2026
'ധീരാ....വീരാ.....ഒന്നടങ്ങ്!' (രാജു മൈലപ്രാ)

'എന്റെ നാരായണാ... മദ്യവിമുക്തമായ കിനാശേരി; അതായിരുന്ന ഗാന്ധിജി കണ്ട സ്വപ്നം. അതു വല്ലോം ഇവനറിയാമോ?'

'മനസ്സിനക്കരെ' എന്ന സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗ് ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണമുണ്ട്'

'മദ്യവിമുക്തമായ ഒരു കേരളം' സ്വപ്‌നം കണ്ടുകൊണ്ട് ഒരു അഭിനവ ഗാന്ധി ഇറങ്ങിയിട്ടുണ്ട്- സാക്ഷാല്‍ സുധീരന്‍.

'ധീരാ....വീരാ....വി.എം. സുധീരാ....
ധീരതയോടെ നയിച്ചോളൂ
ലക്ഷം....ലക്ഷം....പിന്നാലെ......'

എന്റെ യൗവന കാലത്ത് കേരളത്തിലെ കലാലയങ്ങളില്‍ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു അത്. സഖാവ് പിണറായി വിജയന്‍ ഭരിച്ച പത്തു വര്‍ഷക്കാലം, വായില്‍ പഴം തിരുകി നടക്കുകയായിരുന്ന ധീരനായ ഈ വീരന്‍. 'കമാ'ന്നൊരു അക്ഷരം മിണ്ടാന്‍ അന്ന് അങ്ങേര്‍ക്ക് ധൈര്യമില്ലായിരുന്നു. വല്ലതും എതിര്‍ത്ത് പറഞ്ഞിരുന്നെങ്കില്‍ വിവരമറിഞ്ഞേനേ!

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതിക്കിയതും ഇങ്ങേരുടെ 'മദ്യനയം' ആയിരുന്നു. പാവം കുഞ്ഞൂഞ്ഞിനെ ഇയാള്‍ നിലംതൊടീച്ചില്ല.

കോണ്‍ഗ്രസിലെ രണ്ട് കപട ആദര്‍ശവാദികളാണ് അറയ്ക്കല്‍ ആന്റണിയും,, ആലപ്പുഴ സൂധീരനും. രണ്ടും കാലഹരണപ്പെട്ട ആശയങ്ങളുമായി ഇടയ്ട്ടിടയ്ക്ക് വാ തുറക്കും. വെള്ളടിച്ചിട്ടാണോ ഇവര്‍ ഈ വീഡ്ഡിത്തരങ്ങളൊക്കെ വിളമ്പുന്നത് എന്നെനിക്ക് ബലമായ സംശയമുണ്ട്.

ആന്റണി, ചാരായം നിരോധിച്ചതുകൊണ്ടാണ് കേരളത്തില്‍ കള്ളവാറ്റും, ലഹരി ഉപയോഗവും വര്‍ദ്ധിച്ചത്.

വീര്യം കൂടിയ മദ്യം, വീര്യം കുറഞ്ഞ മദ്യം, അവയ്ക്ക് ഈടാക്കുന്ന നികുതി - ഇതിന്റെയൊക്കെ പേരിലാണ് പോര്.

വീര്യം കൂടിയ വീഞ്ഞു വാറ്റിയെടുക്കുവാന്‍ ഡിസ്റ്റിലറി ലൈസന്‍സുള്ള ഒരു ബിഷപ്പും കളത്തിലിറങ്ങിയിട്ടുണ്ട്.

കര്‍ഷകരുടെ വോട്ടുകളെല്ലാം തന്റെ കുപ്പായ കീശയിലാണെന്നുള്ള ഒരു ധാരണയാണ് പുള്ളിക്കാരന്. ഇവരൊക്കെ ഏതു ലോകത്തിലാണോ ജീവിക്കുന്നത്? ിഷപ്പുമാരും, സമുദായ നേതാക്കന്മാരും വാറോല ഇറക്കിയാല്‍ വിദ്യാസമ്പന്നരായ വോട്ടര്‍മാര്‍ ചിഹ്നം മാറ്റി കുത്തുമെന്നാണോ ഇവര്‍ കരുതുന്നത്. ആ കാലമൊക്കെ കഴിഞ്ഞുപോയെന്ന് ഇവരെ എങ്ങനെയാണൊന്നു പറഞ്ഞു മനസ്സിലാക്കുക?

കുടിക്കുകയാണെങ്കില്‍ വീര്യം കൂടിയ മദ്യം കുടിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അടിച്ചങ്ങ് പൂക്കുറ്റിയാകണം. വീര്യം കുറഞ്ഞ മദ്യം കുടിച്ച് എന്തു ചെയ്യുവാനാണ്? ഉറുമ്പ് കടിക്കുന്നതുപോലെ ഒരു ഫീലിംഗ്. കൈയിലെ കാശു വെറുതെ കളയാമെന്നു മാത്രം. അതിലും നല്ലത് ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം കുടിക്കുന്നതാണ്.

ചരിത്രാതീത കാലം മുതലേ മദ്യത്തിന്റെ ഉത്പാദനവും, ഉപയോഗവും ഉണ്ടായിരുന്നു. പുരാണങ്ങളിലെല്ലാം ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.

'കാനായിലെ കല്യാണ നാളില്‍.
കല്‍ഭരണിയിലെ വെള്ളം
മുന്തിരി നീരാക്കി'- എന്നു ദാസേട്ടന്‍ പാടിയിട്ടുണ്ട്.

'മനോവ്യസനമുള്ളവനു മദ്യം കൊടുക്കുവിന്‍
അവന്‍ കുടിച്ചു തന്റെ ദാരിദ്ര്യം മറക്കുകയും
തന്റെ കഷ്ടം ഇനി ഓര്‍ക്കാതിരിക്കുകയും ചെയ്യട്ടെ' എന്നു ജ്ഞാനിയായ ശാലോമന്‍ പറഞ്ഞിട്ടുണ്ട്.

വിവാഹ സത്കാരത്തില്‍ സംബന്ധിച്ച് മടങ്ങുന്ന ഒരു അമേരിക്കന്‍ മലയാളിയോട് ' എങ്ങനെയുണ്ടായിരുന്നു കല്യാണം''  എന്നു ചോദിച്ചാല്‍,
' എന്റെ പൊന്നളിയാ, ഒന്നും പറയണ്ടാ- അടിപൊളി കല്യാണം. ഇഷ്ടം പോലെ കള്ള്....'

മദ്യത്തിന്റെ ലഭ്യതയാണ് വിവാഹ സത്കാരത്തിന്റെ മേന്മയുടെ അളവുകോല്‍.

തങ്ങളുടെ വീട്ടിലെ മുന്തിയ ഇനം മദ്യശേഖര ബാറിന്റെ മുന്നില്‍ 'ചിയേഴ്‌സ്' പറഞ്ഞ് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ പടമാണ് ഇന്നു പലരും 'പ്രൊഫൈല്‍ പിക്ചര്‍' ആയി പോസ്റ്റു ചെയ്യുന്നത്.

മദ്യം നിരോധിച്ചാലും, ഷാപ്പുകള്‍ അടച്ചാലും, ബാറുകള്‍ പൂട്ടിയാലും കുടിക്കേണ്ടവന്‍ കുടിച്ചിരിക്കും.

നയാപൈസ കൈയിലില്ലാതെ, ഭാര്യയെ ഒരു തൊഴിയും തൊഴിച്ച്, പിള്ളേരെ എടുത്ത് കിണറ്റിലിട്ടിട്ട് പുറത്തേക്കു പോകുന്ന മലയാളി, കുടിച്ചു ലെക്കുകെട്ട്, നാലുകാലില്‍ തിരിച്ചു വീട്ടിലെത്തുന്നത്. കേരളത്തില്‍ മാത്രം നിലവിലുള്ള ഒരു അത്ഭുത പ്രതാഭസമാണ്.

കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ എന്നും കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കസേര കിട്ടാത്തവരെല്ലാം പാരപണിയുമായി തെക്കുവടക്ക് നടക്കുകയാണ്.

തരക്കേടില്ലാതെ ആ സതീശന്‍ജി, തട്ടീം മുട്ടീം, ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷും പേശി ഒരഞ്ചുകൊല്ലം തികച്ചേനേ!

അപ്പോഴാണ് സുധീരനെപ്പോലെ 'എക്‌സ്പയറി ഡേറ്റ്' കഴിഞ്ഞ ആദര്‍ശധീരന്മാര്‍ വിടുവായത്തം പറഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തുന്നത്.

ഒരു പടിക്കൊന്നടങ്ങു സുധീരാ-
ആ സതീശന്‍ സാര്‍ തുടങ്ങിയതല്ലേയുള്ളൂ-
കുറച്ചു നാളത്തേക്കൊരു സൈ്വര്യംകൊടുക്കൂ.....പ്ലീസ്!

വാല്‍ക്കഷണം: 'വീഞ്ഞു ചുവന്നു പാനപാത്രത്തില്‍ മിന്നി ഇമ്പമായി ഇറങ്ങുന്നത് നോക്കരുത്. ഒടുവില്‍ അതും സര്‍പ്പം പോലെ കടിക്കും; അണലി പോലെ വിഷം കുത്തും....' ഇതു ദൈവവചനം.

 

 

Join WhatsApp News
Jinesh Oommen 2026-06-28 03:15:18
സുധീരന് കേരള മുഖ്യമന്ത്രി ആവാൻ കഴിയാതെ പോയതിൻറെ നിരാശ കുറച്ചൊന്നുമല്ല. കേരളത്തിൻറെ ചരിത്രത്തിൽ ഇത്രമാത്രം പരാജയപ്പെട്ട ഒരു കെപിസിസി പ്രസിഡൻറ് സുധീരനെപ്പോലെ വേറെ ആരും ഇല്ല. ഇനിയും പാർട്ടിയിൽ കുത്തിത്തിരുപ്പുണ്ടാക്കി മറ്റുള്ളവർക്ക് അടിക്കാൻ വടി കൊടുക്കാൻ ആണ് സുധിരൻറെ പരിപാടി. സുധീരനോട് പോയി പണി നോക്കാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്ന കാലം അതിവിദൂരമല്ല.
Jayan varghese 2026-06-28 03:27:02
നമ്മുടെ കട്ടപ്പുറത്തിരിക്കുന്ന ആനവണ്ടികൾ തുടച്ചു മിനുക്കി എല്ലാ കവലകളിലും അതിനുള്ളിൽ സർക്കാർ വക മദ്യ ഷാപ്പുകൾ തുടങ്ങിയാൽ മതി കേരളത്തിലെ സകല പ്രശ്നങ്ങൾക്കും അവസാനമാകും. സാധനം സുലഭമാകുന്നതോടെ ക്രമേണ ആർത്തി കുറഞ്ഞു കുറഞ്ഞു വരും. മാന്യമായ മദ്യപാനം എന്നൊരു പുത്തൻ സ്ഥിതി സമത്വ സംസ്ക്കാരം നിലവിൽ വരും. നല്ല നിലയിൽ നികുതി ചുമത്തിക്കൊടുത്താൽ ഖജനാവിൽ കുഞ്ഞു മാണി വന്നു നിറയും. പോലീസ് / എക്സൈസ് മേഖലകളിലെ പ്രവർത്തനച്ചിലവ് ഗണ്യമായി കുറയും. നഷ്ടത്തിലായ ആനവണ്ടികൾക്ക് ക്ലച്ചു പിടിച്ചു തുടങ്ങും. വീട് പണയം വച്ച് വണ്ടി കയറാനിരിക്കുന്ന കുറെ യുവാക്കളെ വിടാതെ പിടിക്കാം. കള്ളനെ കാവലേൽപ്പിക്കുക എന്ന നിലയിലേക്ക് ബുദ്ധി പരമായി കാര്യങ്ങൾ നീക്കിയാൽ ഇലക്കും മുള്ളിനും കേടില്ലാതെ നവ കേരളം വരും. ആദർശവാൻ അറയ്ക്കൽ അന്തോണി മകൻ കൊച്ചു ചെറുക്കനെ മാമാങ്കക്കളി പഠിപ്പിച്ച്‌ നില ഭദ്രമാക്കി. ആലപ്പുഴയിൽ അലയുന്ന ആദർശം സൂധീരനെ ഒരു ചെമ്മീൻ കെട്ട് കോർപ്പറേഷൻ ഉണ്ടാക്കി അതിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചാൽ അങ്ങേരെയും ഒതുക്കാം. ആദം നീ എവിടെ ? എന്ന് ഇടയ്ക്കിടെ കുപ്പായക്കാരുടെ കൂടെ നിന്ന് കൂവി അടുത്ത അഞ്ചു കൊല്ലം സതീശനും അടിച്ച് പൊളിച്ച് അർമ്മാദിക്കാം. എന്താ നോക്കുന്നോ ? ജയൻ വർഗീസ്.
Daniel Thomas 2026-06-28 10:58:59
മലയാളിയുടെ മദ്യപാന സംസ്കാരത്തെപ്പറ്റി മൈലപ്ര സരസമായി പ്രതിപാദിച്ചിട്ടുണ്ട്. വീര്യം കുറച്ചാലും, ലഭ്യത കുറച്ചാലും കുടിക്കേണ്ടവർ കുടിക്കും. അമേരിക്കൻ മലയാളികളുടെ വിവാഹ സൽക്കാരത്തിൽ, വിളമ്പുന്ന മദ്യത്തെപ്പറ്റിയാണ് പിന്നീട് ആളുകളുടെ അവലോകനം. ഏതു മലയാളി പരിപാടിക്ക് പോയാലും, ഓണമായാലും, മരണമായാലും, പിക്‌നിക് ആയാലും, പാർക്കിംഗ് ലോട്ടിൽ നിന്ന് വെള്ളമടിച്ചാലേ മലയാളി പുരുഷൻമ്മാർക്ക് ആഘോഷം പൂർണ്ണമാകയുള്ളു. സുധീരൻ വയസുകാലത്തു വെറുതെ നാറാൻ ഇറങ്ങിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയല്ല സതീശൻ എന്ന് മനസ്സിലാക്കിയാൽ ഉള്ള വില കളയാതിരിക്കാം.
Chandranpilla 2026-06-28 11:55:50
മദ്യപൻമ്മാരെ പരമാവധി നാറ്റിച്ചു , അവരെ പബ്ലിക് റോഡിൽ നീണ്ട നിരയായി നിർത്തിപ്പൊരിച്ചിട്ടു, അവരുടെ നികുതിപ്പണം ഒരു മുഖ്യ സ്രോതസായി കണ്ടു കൊണ്ട് ഭരണം നടത്തുന്നത് ഏതു സർക്കാർ ആയാലും ശരിയല്ല. തമാശയായി തോന്നിയാലും, ജയൻസാറു പറഞ്ഞതുപോലെ എല്ലാ കവലകളിലും, സർക്കാർ വക ലിക്കർഷോപ് തുടങ്ങിയാൽ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം. അമേരിക്കയിലും മറ്റു യൂറോപ്പിയൻ രാജ്യങ്ങളിലും മദ്യത്തിന് വേണ്ടി കാത്തു നിക്കുന്നവരുടെ നീണ്ട നിര കാണാറില്ല. മിക്ക സ്റ്റേറ്റുകളിലും ഗ്രോസറി കടകളിൽ മദ്യം ലഭ്യമാണ്.
Dominic Edward 2026-06-28 14:07:03
ബിഷപ്പൻമ്മാർക്ക് ഡിസ്റ്റില്ലറി ലൈസൻസ് ഉള്ളത് കുർബാനക്ക് വേണ്ടി കലർപ്പില്ലാത്ത വീഞ്ഞ് ഉണ്ടാക്കുവാൻ വേണ്ടിയാണു. അല്ലാതെ കച്ചവടത്തിനല്ല. രണ്ടും രണ്ടാണ്.അവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. സർക്കാരിന്റെ മദ്യനയത്തെ അവർ എതിർക്കുന്നത് സമൂഹത്തിൻറെ നന്മ്മക്കുവേണ്ടിയാണ്. പള്ളി വേറെ പള്ളിക്കൂടം വേറേ!
നേഴ്സ്മാരുടെ പ്രതിക്ഷേധം 2026-06-29 03:26:51
ഇന്ന്, അമേരിക്കയിലേക്ക് കുടിയേറ്റം നടത്തിയ മിക്ക മലയാളികളും ഒരു നഴ്സ് കാരണമാണ്. അപ്പോൾ, അവർക്കു വേണ്ടി നാട്ടിലായാലും ഇവിടെ ആയാലും, പോരാടേണ്ടത് ഓരോ മലയാളിയുടെതും കടമയാണ്. ഇപ്പോൾ, തൃശൂരിൽ നടക്കുന്നത്, അ വിടെത്തെ മെത്രാന്റെ പിടിവാശി മൂലമാണ്. അങ്ങേരു, അടുത്ത ആഴ്ചയിൽ അമേരിക്കയിൽ വരുന്നുണ്ട്. അങ്ങേരു, എവിടെ പോയാലും, നഴ്സുമാരെ സപ്പോർട്ട് ചെയ്യുന്നവർ, പ്രതിക്ഷേധിക്കുക.
Thomas J . Koovalloor 2026-06-29 12:31:37
Happy to see that Raju Mylapra is watching the dirty politics in Kerala. The politicians in Kerala are now trying to remove all those who born and brought up in Kerala from the Census. That is not fair. I was born before the Indian Government enacted the Indian Citizenship Act in 1955. I wonder how Sonia got her Indian Citizenship after 1980? Wake up the Indians!!It is time to question the inequalities in the Indian Census. Some Indian MP’s have Duel Citizenship. Those who born and brought up, and went to foreign countries to make money for their families and country should be included in the Indian Census. Even former PM A B Vajpayi promised us Duel Citizenship in his time, then some are trying to exclude us from the Census. Wake up the Children of Bharat! Fight for Justice, instead of carrying the politicians in your shoulders for nothing.
ഗോപാലകൃഷ്ണൻ 2026-06-30 00:50:28
Yes, Tom Kovallur Sir, The Modi Govt in India is a total failoure. One day they will say that you are not born in India. They can very well say that you are an Bengladeshi Muslim pandit. Do not think about dual citizenship, but think about just single citizenship. One day this govt can kick you and your kerala relatives even from Kerala. So, work for a secular Govt under Rahul or somebody there. 6 months ago, I sent some money to RSS to support Ayodhya Srirama Fund. Recently I am hearing Looting Gold and Aydhya fund v by the ruling party.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക