Image

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ദുഃഖറോനാ പെരുന്നാളും വി ബി എസ്സും

ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ. Published on 25 June, 2026
 സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ദുഃഖറോനാ പെരുന്നാളും വി ബി എസ്സും

ഫിലാഡല്‍ഫിയ : അമേരിക്കന്‍ അതി ഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളില്‍ ഒന്നായ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവും ശ്ലീഹന്മാരില്‍ തലവനുമായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ദുഃഖറോനാ പെരുന്നാളും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും സംയുക്തമായി ജൂണ്‍ 25- 26- 27- 28 ( വ്യാഴം, വെള്ളി, ശനി, ഞായര്‍ ) എന്നി ദിവസങ്ങളില്‍ പതിവുപോലെ പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുന്നതാണ്.

    വിശുദ്ധ കുര്‍ബാനാനന്തരം ( 21 ഞായര്‍ ) കൊടി ഉയര്‍ത്തലോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ മഹാമഹത്തിനു തുടക്കം കുറിക്കുകയുണ്ടായി. ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 6 നു പെരുന്നാളിനോടനുബന്ധിച്ചു സന്ധ്യാ പ്രാര്‍ത്ഥനയും 7 മണിക്ക് റവ. ഫാ. രാജന്‍ പീറ്ററിന്റെ വചനപ്രഘോഷണവും പിന്നീട് റാസാ, ചെണ്ടമേളം, ഫയര്‍വര്‍ക്‌സ് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 28 ഞായര്‍ രാവിലെ 8.30 നു പ്രഭാത പ്രാര്‍ത്ഥനയും, 9.30 നു റവ. ഫാ. രാജന്‍ പീറ്ററിന്റെ മുഖ്യ കാര്‍മികത്വത്തിലും റവ. ഫാ. അരുണ്‍ ഗീവര്‍ഗീസ്, റവ. ഫാ. അഭിലാഷ് ഏലിയാസ് എന്നിവരുടെ സഹ കാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് ഹൈസ്‌കൂള്‍, കോളേജ് തലത്തിലെ ബിരുദധാരികളായ കുട്ടികളെ ആദരിക്കല്‍ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കൈമുത്ത്, നേര്‍ച്ച വിളമ്പ്, കൊടിയിറക്കത്തോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുകയായി.

 പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വി ബി എസ് (വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ) ജൂണ്‍ 26 - 27 (വ്യാഴം, വെള്ളി ) ദിവസങ്ങളില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിന്റെ അംഗണത്തില്‍ വച്ച് പ്രഗത്ഭരായ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലും ദേവാലയത്തിലെ യൂത്ത് ലീഗ് അംഗങ്ങളുടെ സഹകരണത്തിലും സംയുക്തമായി നടത്തുന്നു ഈ വര്‍ഷത്തെ വി ബി എസ് തീം ' സഫാരി എസ്സ്പെഡിഷന്‍ ' എന്നാണ്. മൂന്ന് വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി വ്യാഴം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയും വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിക്ക് സമാപന ചടങ്ങോടു കൂടി ഈ വര്‍ഷത്തെ വി ബി എസ് പര്യവസാനിക്കത്തക്ക രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

 ഫിലാഡെല്‍ഫിയയിലും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും കുട്ടികളെയും ഈ വരുന്ന പെരുന്നാളിനും വി ബി എസ്സിലേക്കും പങ്കെടുക്കുന്നതിനായി കര്‍ത്തൃ നാമത്തില്‍ സാദരം ക്ഷണിച്ചു കൊള്ളുന്നതായി ദേവാലയ പത്രക്കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി.

          
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: stpeterscathedral.org
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക