
അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ മനസ്സിൽ നിറക്കുന്ന ഓർമ്മകൾക്ക് ഇന്നും ബാല്യം. കാലങ്ങൾക്കിപ്പുറം ഞാനും ഒരച്ഛനായി നിൽക്കുമ്പോഴണ് എന്റെ അച്ഛന്റെ മനസ്സ് വായിച്ചെടുക്കാൻ പറ്റുന്നത്. അന്ന് അച്ഛൻ പകർന്നു തന്ന സ്നേഹവും ലാളനയും മനസ്സിൽ മങ്ങാതെ നിൽക്കുന്നു.
സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിലൂടെയും ഉത്തരവാദിത്തങ്ങളിലൂടെയും കടന്നുപോകുമ്പോഴാണ് പലരും അച്ഛന്റെ സ്നേഹവും ത്യാഗവും ശരിക്കും മനസ്സിലാക്കുന്നത്. പുറമെ കർക്കശക്കാരനായി തോന്നിയ ആ മനുഷ്യൻ, കുടുംബത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയുമ്പോൾ മാത്രമാണ് നാം അത് തിരിച്ചറിയുന്നത്.
കുട്ടിക്കാലത്ത് എല്ലാം അറിയുന്ന ഹീറോ ആണ് നമുക്ക് അച്ഛൻ. എന്തിനും ഏതിനും നാം അച്ഛന്റെ അഭിപ്രയം കേൾക്കും. അച്ഛന്റെ നല്ല കുട്ടിയായിരിക്കാൻശ്രമിക്കും. എന്നാൽ കൗമാരത്തിൽ എത്തുമ്പോൾ അച്ഛന്റെ അഭിപ്രായങ്ങളെയും ഉപദേശങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നു. അച്ഛൻ പഴയ ചിന്താഗതിക്കാരനാണ്, പഴഞ്ചൻ ആണ് എന്ന ഒരു തോന്നൽ. ജനറേഷൻ ഗ്യാപ്പ് ....ന്യൂജെൻ കുട്ടികൾ അച്ചനമ്മമാർക്ക് പുതിയ പേരുകൾ വരെ കണ്ടെത്തുന്നു.
പിന്നീട് നാം സ്വന്തം കാലിൽ നിൽക്കുമ്പോഴും, ഒരു കുടുംബത്തിന്റെ നാഥനാകുമ്പോഴുമാണ് അച്ഛൻ എടുത്ത പല തീരുമാനങ്ങളുടെയും ശരിയും, അദ്ദേഹം അനുഭവിച്ച മനോവിഷമങ്ങളും നമുക്ക് മനസ്സിലാകുന്നത്. അപ്പോഴേക്കും ശാരീരികമായ അസ്വസ്ഥതകളുമായി ഈ ലോകത്തോട് വിടപറയാൻ തയാറെടുക്കുകയാവും അച്ഛനമ്മമാർ.
അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞു ജന്മം കൊള്ളുമ്പോൾ മുതൽ അച്ഛന്റെ സ്വപ്നങ്ങൾക്കും ചിറകു മുളക്കും . തന്റെ കുഞ്ഞിനെപറ്റി അച്ഛന് എപ്പോഴും ഒരു സ്വപ്നം കാണും. നാം ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ നമ്മുടെ പിതാക്കന്മാരുടെ ആ സ്വപ്നമായിരിക്കാം. നമ്മെ നാം ആക്കിയ അവരുടെ സ്വപ്നം....
അച്ഛൻ ഒരു കൂട്ടുകാരനായി, ഉപദേഷ്ടാവായി, കാവൽക്കാരനായി, രക്ഷകനായി .. അങ്ങനെ എന്തെല്ലാം വേഷപ്പകർച്ചകൾ! അച്ഛന്റെ കരുതലിനും സ്‌നേഹത്തിനും പകരം വെക്കാൻ ഈ ലോകത്ത് വേറെയൊന്നിനും കഴിയില്ല എന്നാണ് കാലം തെളിയിച്ചിട്ടുള്ളത് . ഉപാധികളില്ലാതെ നമ്മെ സ്നേഹിക്കാൻ രണ്ട് പേരെ ഉള്ളൂ ജീവിതത്തിൽ... അത് നമ്മുടെ അച്ഛനും അമ്മയും മാത്രമായിരിക്കും.
പത്തുമാസം ചുമന്നു നമ്മളെ നൊന്ത്പ്രസവിച്ച അമ്മയുടെ കാര്യമോർത്താൽ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പും എന്ന കാര്യത്തിൽ യാതൊരുസംശയവുമില്ല. നമുക്ക് കാണപ്പെട്ട ദൈവം തന്നെയാണ് അമ്മ. എന്നാൽ അമ്മയുടെ ഉള്ളിൽ നാം ഒരു പൂമൊട്ടായി വിടരാൻ തുടങ്ങിയത് മുതൽ തൻ്റെയുള്ളിലും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയുമൊക്കെയായി ഒരു പൂന്തോട്ടം വിരിയിക്കാൻ തുടങ്ങുന്ന അച്ഛനെക്കുറിച്ച് ഓർക്കുബോൾ നമ്മുടെ മനസ്സിലൂടെ കടന്നുപോവുക ഒരു തണല്‍മരമായി നിന്ന അച്ഛന്റെ ഓർമ്മകൾ ആയിരിക്കും. അമ്മയുടെ ത്യാഗത്തിനും സ്നേഹത്തിനുമൊപ്പം അച്ഛന്റെ വിയര്‍പ്പും കഷ്ടപ്പാടും കൂടി ചേരുമ്പോഴാണ് ഓരോ കുഞ്ഞുങ്ങളുടെയും ജീവിതം ധന്യമാകുന്നത്. ഓരോ കുടുംബവും സന്തുഷ്‌ടമാകുന്നതും.
അച്ഛൻറെ വിരൽതുമ്പിൽ കിട്ടിയ വാത്സല്യവും കരുതലും എല്ലാം ഹൃദയത്തിൽ പതിഞ്ഞാണ് നാം വളർന്നത്. സുരക്ഷിതമായ ആ കൈകളിൽ കുസൃതിയും കുറുമ്പും കാട്ടി നമ്മൾ ഒരുപാട് തല്ല് മേടിച്ചു കൂട്ടിയിട്ടുമുണ്ട് . അതുകൊണ്ടു തന്നെ നമ്മുടെ മനസ്സിൽ അച്ഛന് മിക്കപ്പോഴും ഒരു വില്ലന്റെ റോൾ ആയിരിക്കും. "മൃദുല വികാരങ്ങൾ നഷ്ടപ്പെടുത്തി എന്നതാണ് അച്ഛന്മാരുടെ പരാജയത്തിന്റെ വലിയ കാരണമായി കാണപ്പെടുന്നത് ".
മിക്കവാറും എല്ലാ അച്ഛന്മാരും സ്വന്തം കുട്ടികളുടെ സന്തോഷവും താല്‍പര്യവും മാത്രം നോക്കുന്നവരാണ്. അതേസമയം തന്നെ കുട്ടികള്‍ തെറ്റ് ചെയ്താല്‍ തിരുത്തേണ്ട ഉത്തരവാദിത്തം , അവരെ നേർവഴിക്ക് കാണിക്കേണ്ട ഉത്തരവാദിത്തം ഇതൊക്കെ സാധാരണ അച്ഛന്മാര്‍ക്ക് ഉണ്ടല്ലോ. അതുകൊണ്ടുതന്നെ എപ്പോഴും കുട്ടികളോട് സന്തോഷത്തോടെ പെരുമാറാനോ അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി നിന്നുകൊടുക്കാനോ പിതാക്കന്മാർക്ക് എപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം.
ഒരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക് ചെറുതല്ല. അച്ഛനെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്ക് ആരെല്ലാമായി മാറിയിരുന്നു എന്ന് പറയുന്നതായിരിക്കും ശരി. അവർ
ഒരായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ടത് സ്വന്തം മക്കള്‍ക്ക് വേണ്ടി മാത്രം ആയിരിക്കും
ഒരിക്കല്‍ തണലേകി നിന്ന മരം തനിച്ച് ആവുമ്പോൾ നമുക്ക് നൽകാൻ ആവുന്നത് അവർക്കു കുറച്ചു സ്നേഹം തിരികെ നല്‍കുക എന്നതാണ് . എനിക്ക് അതിനു പൂർണ്ണമായും സാധിച്ചോ എന്നറിയില്ല .. അടുത്ത ജൻമത്തിലും എനിക്ക് അച്ഛന്റെ മകനായി പിറക്കണം എന്നതാണ് ആഗ്രഹം.
ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ കരുത്തു പകർന്ന, ഇരുൾ മൂടിയ വഴികളിൽ ഒരിക്കലും അണയാത്ത വെളിച്ചമായി നമുക്ക് മുൻപേ നടന്ന് , ശാസിച്ചും, ശിക്ഷിച്ചും ഉപദേശിച്ചും വഴി കാട്ടിയായ, ഇന്നലെയിൽ നിന്നും ഇന്നിലേക്ക് കൈപിടിച്ച് നടത്തിയ , നടത്തുന്ന ആ തണൽ മരങ്ങൾക്കായി ആദരവിന്റെ ഒരു ദിനം....
വാർധ്യക്യത്തിൽ അവർക്കു തണൽ ആവാൻ ഈ ഓർമ്മകൾ നമ്മോടൊപ്പം ഉണ്ടാവട്ടെ!
എല്ലാ പിതാക്കന്മാർക്കും ഹാപ്പി ഫാതെർസ് ഡേ