
പുഴയിലൂടെ
പൊരുത്തപ്പെടാൻ
പഠിച്ചു
കരയിലൂടെ
ഉയരങ്ങളിലെ ഏകാകിതയെ
വെറുക്കാൻ പഠിച്ചു
തീക്കനലുകളിലൂടെ
പൊള്ളാതെ
നടക്കാൻ പഠിച്ചു
ചെകിടത്തടി കിട്ടിയപ്പോഴൊക്കെ
അടിച്ചവന്റെ ചെകിടുമടിച്ചു
പൊട്ടിക്കാൻ പഠിച്ചു
കുരുടൻ പിച്ചക്കാരന്റെ പിച്ചച്ചട്ടിയിൽ നിന്നുപോലും കയ്യിട്ടു വാരാൻ പഠിച്ചു
ചെയ്യാനാകാത്ത പുതിയ പാപങ്ങളുടെ
നാമത്തിൽ പഴയ പാപങ്ങൾ
പൂർവ്വാധികം ശക്തിയോടെ
ആവർത്തിക്കാൻ പഠിച്ചു
നിന്നിൽ നിന്ന്
ഞാൻ ഒരു പാഠവും പഠിച്ചില്ല
എന്നാൽ സാത്താന്റെ പാഠങ്ങളൊക്കെ
എനിക്ക് മന:പ്പാഠമായിരുന്നു
സ്ഥലകാലങ്ങളുടെ കുരിശിൽ
എന്നെ അവൻ ക്രൂശിച്ചത് നിന്റെ
കൃപയാലായിരുന്നല്ലൊ
കടം തന്ന അക്ഷരങ്ങളിൽ നിന്ന്
ഊഹിച്ച് പഠിച്ചതൊക്കെ തലച്ചോറിൽ
ഒരു മാറാപ്പായി ഏറ്റിക്കൊണ്ട്
എവിടെയുമെത്താതെ
ഞാൻ വട്ടത്തിൽ കറങ്ങുകയാണ്
നിത്യതയുടെ പ്രാക്തന -നൂതന -പാഠം
ഉൾക്കൊള്ളുവാൻ നിനക്ക് എന്നെ അനുഗ്രഹിക്കാമായിരുന്നു
നിന്റെ വിളഞ്ഞ പാടത്തിന്
കണ്ണേറ് തട്ടാതിരിക്കാൻ
ഒരു നോക്കുകുത്തിയായെങ്കിലും
എന്നെ നിനക്ക് നിയമിക്കാമായിരുന്നു!