Image

ഒറ്റയാൾ പോരാട്ടം (കവിത: പി.സീമ)

Published on 06 June, 2026
ഒറ്റയാൾ പോരാട്ടം  (കവിത: പി.സീമ)

എല്ലാ ഒറ്റയാൾ പോരാട്ടങ്ങളിലും 
ജീവിക്കാൻ 
പ്രേരിപ്പിക്കുന്ന 
ചിലതുണ്ടാകും

ദാഹജലമില്ലെങ്കിൽ പോലും 
ഭ്രമിപ്പിക്കുന്ന 
മോഹമരീചികകൾ 
അടുക്കുന്തോറും 
അകലുന്ന 
ഗിരിനിരകളിലേക്ക് 
വിരൽ ചൂണ്ടുന്ന 
സ്വപ്നവീഥികൾ 
നിലാവ് പുതച്ച 
ഒറ്റത്തുരുത്തുകൾ.
ദിശയറിയാത്ത 
കിനാത്തോണികൾ.

മണ്ണായി മാറി 
മനം പോലുമറിയാതെ 
മാഞ്ഞു പോയ 
ഇത്തിരിപ്പൊന്നിന്റെ 
മൂക വിലാപം

ആഴക്കുഴികളിലേക്ക് പോലും 
താണിറങ്ങുന്ന 
ആത്മധൈര്യത്തിന്റെ  
പിടിവള്ളികൾ 
ജലമർമ്മരങ്ങൾ 
മഴനൂലുകൾ 
ഋതുഭേദങ്ങൾ 
ഒരു നിറകൺ ചിരി 
ഒരു സൂര്യ സ്പർശം

ഇടയ്ക്കിടെ 
തെളിയുന്ന 
ഇത്തിരിയാകാശം.
സന്ധ്യാകുങ്കുമം 
ചിത്രവർണ്ണങ്ങൾ 
തന്റേത് മാത്രമായ 
ഒരുൾവഴിയിലെ 
കുളിർകാറ്റ് 
ആരോ 
ഹൃദയത്തിലേക്ക് തുറന്നിട്ട 
പ്രണയ ജാലകം 
ആർക്കും ഊതിക്കെടുത്താനാകാത്ത 
ഒരു പൊൻതരിവെളിച്ചം. 
നിഴൽ വീണ 
ഒറ്റയടിപ്പാതകളിൽ 
വഴി കാട്ടാൻ 
അദൃശ്യമായ 
നിഴൽ പോലൊരാൾ.
അങ്ങനെ ജീവിച്ചു 
പെരുമഴയായ്‌ 
പെയ്തു പെയ്തു 
കാറ്റായ് വീശി വീശി 
വേരറ്റു വീഴുവോളം 
മരം പോലെ 
മണ്ണിലുറച്ചു 
നിൽക്കണം. 
മനസ്സൊരു 
മൺവീണയാക്കണം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക