Image

അനശ്വരമീ അപാരത (കവിത: ജയൻ വർഗീസ്)

Published on 01 June, 2026
അനശ്വരമീ  അപാരത (കവിത: ജയൻ വർഗീസ്)

കാല കർമ്മമേ 
അണയൂ ജീവിത 
താള രൂപമേ 
അണയൂ , 
ആദിമ തമസ്സിന്റെ 
നാഭിയിൽ വിരിയുന്ന 
താമര മലരിന്റെ 
ഇതളുകളായ് !

ആരുടെ മാനസ 
ഭാവന വിരിയിച്ച 
കാല രഥ ചക്ര 
ഘർഷണങ്ങൾ 
തൂവിയ ദ്രവ്യ, 
സമയ, യൂർജ്ജങ്ങളിൽ 
രൂപം ധരിച്ചീ 
പ്രപഞ്ച സാരം !

കോടാനുകോടി 
യുഗങ്ങളെ പെറ്റിട്ട 
രാസ ത്വരക  
പരമ്പരകൾ
ജീവനായ് മാറി 
വരാനുള്ള ചിന്തയായ് 
ശാശ്വത ബോധ 
നിരാമയത്വം !

കാല മഹാ സാഗര -
ത്തിലെ വേർപെട്ട 
കേവല തുള്ളി നിൻ  
വർത്തമാനം. 
നാളെ മടങ്ങാൻ 
വിളി വരുമ്പോൾ 
പിന്നെ നീയില്ല 
നീയും മഹാസമുദ്രം !

സാരമില്ലൊന്നും 
നശിക്കുന്നതില്ലയീ 
രൂപ മാറ്റത്തിന്റെ 
നാളെകളിൽ 
കേവല തുള്ളി -
യലിഞ്ഞ സമുദ്രമായ്  
നാമും പ്രപഞ്ചത്തിൽ 
എന്നുമെന്നും !

 

Join WhatsApp News
Sudhir Panikkaveetil 2026-06-01 15:23:15
നാശമില്ല; പരിണാമങ്ങൾ മാത്രം. കവികൾ ക്രാന്തദര്ശികൾ, ദാർശനികർ അമേരിക്കൻ മലയാളസാഹിത്യത്തിൽ കീറി പോകാത്ത ഏടായി നിൽക്കുന്ന കവിത. അഭിനന്ദനം മഹാകവി ശ്രീ ജയൻ വർഗീസ്. മഹാകവി എന്ന വാക്കിന്റെ അർത്ഥം വലിയ കവി അല്ലെങ്കിൽ ശ്രേഷ്ഠനായ കവി എന്നാണ്. ശ്രീ ജയൻ മഹാകാവ്യം എഴുതിയിട്ടുണ്ടോ എന്നൊന്നും ആലോചിച്ച "വായിക്കുന്ന ആരെങ്കിലും" (അവർ അംഗുലീപരിമിതർ എന്നറിയാമെങ്കിലും) തല പുണ്ണാക്കണ്ട.
Jayan Varghese 2026-06-01 18:59:14
“ എന്നെ ഇങ്ങനെ നോക്കാതെ കൊച്ചുമുതലാളീ “ എന്ന് തകഴിയുടെ കറുത്തമ്മ പറയുന്ന പോലെ എന്നെ ഇത്തരം അനാവശ്യ പദങ്ങൾ കൊണ്ട് വിശേഷിപ്പിച്ച്‌ ഉള്ള ചീത്തപ്പേര് കളയല്ലേ സുധീർ സാറെ ? ജയൻ വർഗീസ്.
vayanakaran 2026-06-01 22:03:26
ശ്രീ ജയൻ വർഗീസ് അമേരിക്കൻ മലയാളി സമൂഹത്തിലെ മഹാ കവി തന്നെ. സുധീർ അനാവശ്യ പദങ്ങൾ ഉപയോഗിക്കുന്ന എഴുത്തുകാരനല്ലെന്നു എന്റെ അഭിപ്രായം. ഇവിടെയുള്ള മലയാളികൾ എഴുത്തുകാരെ പുച്ഛത്തോടെ നോക്കുന്നത് അറിയുന്ന ജയൻ വർഗീസ് മുൻ കൂർ ജാമ്യം എടുത്തതാകും. താൻ ഒന്നുമല്ലെന്ന് ഒരുത്തൻ പറയുന്നതിന് മുമ്പ് ഞാനൊന്നും അറിഞ്ഞില്ല രാമ യേശു നബി എന്ന് പറയുന്ന തന്ത്രം
Sudhir Panikkaveetil 2026-06-01 23:07:28
സാഹിത്യം ആസ്വദിക്കാനോ അഭിപ്രായം പറയാനോ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഭൂരിപക്ഷം അമേരിക്കൻ മലയാളി സമൂഹത്തിനു കഴിയില്ല. അവരെ ആര് ഗൗനിക്കുന്നു സാർ. ഇവിടെ എഴുത്തുകാരില്ലെന്നൊക്കെ പിൻ ബഞ്ചിൽ നിന്ന് ഉയരുന്ന ശബ്ദം കേൾക്കുന്നില്ലേ. നിങ്ങളുടെ രചനകളുടെ മേന്മ നോക്കി എന്റെ അഭിപ്രായം പറഞ്ഞതാണ്. എനിക്ക് ഭയമില്ല എന്റെ അഭിപ്രായം പറയാൻ. മഹാകവി എന്ന് അംഗീകരിക്കാൻ മനസ്സില്ലാത്തവരോട് പോകാൻ പറ.
സാം മണപ്പുറത്തു 2026-06-02 02:14:27
എന്തോന്ന് കവിത ഇത്! ഈ ക്കൂത്തു നിറുത്താൻ പറ.
Raju Thomas 2026-06-02 02:50:25
വായനക്കാരാ, നിങ്ങൾ ഒരു സംഭവംതന്നെയാണ്, നിങ്ങൾ ആരായാലും--യുക്തി, തർക്കം, ഭാഷ -- എല്ലാമുണ്ട്. മിടുക്കൻ, എനിക്കല്പം അസൂയയുണ്ട് അക്കാരണത്താൽ. Hats off to you! Nevertheless, no matter your accomplishments and credentials, you your comments read like you have some beef with some writers in Emalayalee. Anyway, ജയൻ വർഗീസിനെ സുധീർജി 'മഹാകവി' എന്നു വിശേഷിപ്പിച്ചതാണല്ലൊ ഇപ്പോൾ പ്രശനം. നമ്മുടെ ചെറിയാൻ കെ. ചെറിയാനെ ഞങ്ങൾ പരാമർശിക്കുന്നത് 'മഹാകവി' എന്നാണ്. ശ്രീ നമ്പിമഠത്തെയും ഞാൻ 'മഹാകവി' എന്നു വിളി ച്ചേക്കും . It is very easy to sit back and criticize others. Why don't you give us a poem of yours?
വ്യാജന്മാരെ എതിർക്കുന്നവൻ 2026-06-02 07:34:49
ഇവിടെ പലരും, വെറും സ്വന്തം ബന്ധത്തിൻറെ പേരിൽ മാത്രം ചിലരെ പിടിച്ച് അങ്ങ് മഹാകവികൾ ആക്കുന്നു, സാഹിത്യ പഞ്ചാനൻ ആക്കുന്നു, സാഹിത്യ ആചാര്യൻ ആകുന്നു. ഇത് ശരിയല്ല. വലിയ തെറ്റാണ്. അവരുടെ എന്തെങ്കിലും വായിച്ചു എന്നതിന്റെ പേരിൽ അവരെ പിടിച്ചു മഹാകവി ആക്കുകയാണ്. ഇവരിൽ പലരും മഹാവ്യാജന്മാരാണ്. ഇവരിൽ പലരും വെറും കൂലിക്ക് എഴുതിക്കുന്ന വരും, ഗോസ്റ്റ് എഴുത്തുകാരുമാണ്. ഇവരെ പിടിച്ച് ഒരു മുറിയിൽ ഇരുത്തി ഒരു കടലാസും പേനയും കൊടുത്തിട്ട് കവിത, കഥ ഒക്കെ എഴുതാൻ പറയുക. ഒരു രണ്ടുദിവസം കൊടുക്കുക. പരീക്ഷക ആൾക്കാർ അവരെ സദാസമയവും വീക്ഷിച്ചു കൊണ്ടിരിക്കണം, കാരണം അവർ email, വാട്സ്ആപ്പ്, തുടങ്ങിയവ വഴി, നാട്ടിൽനിന്ന്, അല്ലെങ്കിൽ കൂലിക്ക് എഴുതി കൊടുക്കുന്നവരിൽ നിന്നോ വരുത്തുന്നുണ്ടോ എന്ന് പരീക്ഷ അധികാരികൾ വീക്ഷിച്ചുകൊണ്ടിരിക്കണം. അപ്പോൾ പലരുടെയും പുറം പൂച്ചകൾ തെളിയും, വ്യാജന്മാർ നിന്ന് വിയർക്കുന്നത് കാണാം. നമ്മൾ വ്യാജ ഡോക്ടർമാരെ ഡോക്ടറേറ്റുകൾ ചെക്ക് ചെയ്യുന്നില്ലേ?. അതേമാതിരി സാഹിത്യ വ്യാജന്മാരെയും നമ്മൾ പിടിക്കണം. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. സ്വന്തമായി എഴുതുന്ന ആൾക്കാർക്ക് മാത്രം, സ്വന്തം ചിന്ത, സ്വന്തം പ്ലോട്ട്, സ്വന്തം വാചകങ്ങൾ, സ്വന്തം കഴിവിൽ എഴുതുന്നവർക്ക് മാത്രം നിങ്ങൾ അവാർഡുകൾ കൊടുക്കുക അവരെ മാത്രം നിങ്ങൾ മഹാകവികൾ, ആചാര്യന്മാർ ആക്കിയാൽ മതി. ഇപ്പോൾ നടക്കുന്നത് അധികവും പുറം ചൊറിച്ചിലും, പണക്കൊഴുപ്പും, പുറം വാതിൽ അവാർഡ് ദാനങ്ങളുമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക