
സിനിമാ ലോകത്തെ ഒന്നടങ്കം പിടിച്ചുലച്ചുകൊണ്ട് താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക്. നടി ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും അവഹേളിക്കുകയും ചെയ്തതായി നടി അൻസിബ ഹസൻ ആരോപിച്ചു.
സബ് ഇൻസ്പെക്ടർ രേഷ്മ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ തനിക്കെതിരെ മോശം പെരുമാറ്റവും ഭീഷണിയും ഉയർത്തിയെന്ന് ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ നടന്ന ഈ ആസൂത്രിത ഗൂഢാലോചനയ്ക്കും മാനഹാനിക്കും പകരമായി ഒരു കോടി രൂപയുടെ നഷ്ടപരിഹാരവും നടി ആവശ്യപ്പെടുന്നു.
ഇതിനിടെ, സംഘടനയ്ക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിൽ ‘അമ്മ’ ഭരണസമിതി കടുത്ത നടപടികളിലേക്ക് കടന്നു. അൻസിബ ഹസൻ, ടിനി ടോം, ലക്ഷ്മിപ്രിയ, കുക്കു പരമേശ്വരൻ എന്നീ നാല് പ്രമുഖ താരങ്ങൾക്ക് സംഘടന കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജൂൺ ഒന്നിനും മൂന്നിനും ഇടയിലുള്ള തീയതികളിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ശ്വേത മേനോൻ പ്രസിഡന്റായ സമിതിയുടെ നിർദ്ദേശം.
ടിനി ടോമിനെതിരെ അൻസിബ ഉന്നയിച്ച ഗുരുതരമായ പരാതികൾ കേൾക്കാൻ തയാറാണെന്ന് അറിയിച്ച നേതൃത്വം, ജൂൺ ആദ്യവാരം നേരിട്ടെത്താൻ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 21-ന് നടക്കാനിരിക്കുന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിന് മുൻപായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഭരണസമിതിയുടെ ഈ അടിയന്തര നീക്കം.
എന്നാൽ ‘അമ്മ’യുടെ നിലവിലെ നേതൃത്വത്തിന് മുന്നിൽ ഹാജരാകാൻ തനിക്ക് താല്പര്യമില്ലെന്ന ഉറച്ച നിലപാടിലാണ് അൻസിബ. തന്റെ പരാതികൾ കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവരടങ്ങുന്ന ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും, ഈ സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ പൂർണ്ണമായി വീഡിയോ റെക്കോർഡ് ചെയ്യണമെന്നുമാണ് അൻസിബയുടെ പുതിയ ആവശ്യം.
മുൻപ് ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ കാരണം ടിനി ടോം ആണെന്ന് അൻസിബ വെളിപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും ആരോപിച്ച നടി, സംഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.