Image

മകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വെല്ലുവിളിയുമായി പിണറായി; അറസ്റ്റിലായ സി.പി.എമ്മുകാര്‍ തീഹാര്‍ ജയിലിലേയ്‌ക്കോ..?

എ.എസ് ശ്രീകുമാര്‍ Published on 28 May, 2026
മകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വെല്ലുവിളിയുമായി പിണറായി; അറസ്റ്റിലായ സി.പി.എമ്മുകാര്‍ തീഹാര്‍ ജയിലിലേയ്‌ക്കോ..?

ഇ.ഡി പരിശോധന കൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാമെന്ന് മോഹിക്കേണ്ടെന്ന് ഒരു വെല്ലുവിളിയുടെ സ്വരത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിക്കുമ്പോള്‍ സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ മകള്‍ വീണ വിജയനുള്ള കുരുക്ക് മുറുകുന്നു. ''ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇതൊരു തുടക്കമായിട്ടേ കാണുന്നുള്ളൂ...'' എന്നാണ് സ്വസിദ്ധമായ ധാര്‍ഷ്ട്യത്തോടെ പിണറായി പറഞ്ഞത്. പത്തുവര്‍ഷത്തെ പിണറായിക്കാലത്ത് കേരളത്തില്‍ ജനദ്രോഹപരമായ സമരങ്ങളൊന്നും  കാര്യമായി നടന്നിട്ടില്ലെങ്കില്‍ ഇനിയങ്ങോട്ട് കേരളം കലാപകലുഷിതമാവുമെന്നാണ് ഇന്നലത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഇ.ഡിക്കെതിരെ സി.പി.എം ഗുണ്ടകള്‍ സംസ്ഥാന നേതാക്കളുടെ ഇംഗിതത്തോടെ അഴിച്ചുവിട്ട ആക്രമണം, കനത്ത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് ഗുണമല്ല, വലിയ ദോഷമാണുണ്ടാക്കിയിരിക്കുന്നത്.

പൊതുജനം പ്രത്യേകിച്ച് ജെന്‍സികള്‍ ഇത്തരം കാലഹരണപ്പെട്ട പാര്‍ട്ടി മുറകള്‍ അംഗീകരിക്കില്ലെന്ന് മാത്രമല്ല അതിനെ ജനാധിപത്യ രീതിയില്‍ തന്നെ പ്രതികരിക്കുകയും ചെയ്യും. 102 സീറ്റുകള്‍ യു.ഡി.എഫിന് താലത്തില്‍ വച്ച് കൊടുത്തതും ഈ പ്രതികരണത്തിന്റെ പിന്‍ബലത്തിലാണ്. ഇന്നലെ സി.പി.എമ്മുകാര്‍ ഇത്രമേല്‍ പ്രകോപിതരാവേണ്ട എന്ത് സാഹചര്യമാണ് സംസ്ഥാനത്തുണ്ടായത്..? ''മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയപ്പെടേണ്ട കാര്യമില്ല...'' എന്നാണ് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തുടക്കം മുതലേയുള്ള പിണറായി വിജയന്റെ പല്ലവി. പിന്നെ എന്തിനാണ് ഇ.ഡിയെപ്പേടിച്ച് അവര്‍ തെരുവില്‍ അഴിഞ്ഞാടിയത്. റെയ്ഡിനെ യാതൊരു പ്രകോപനവുമില്ലാതെ സ്വാഗതം ചെയ്യുന്നതിന് പകരം ഇ.ഡി സഞ്ചരിച്ച വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്തത് എന്ത് തരം പ്രത്യയശാസ്ത്രമാണ്..?

അപ്പോള്‍ മടിയില്‍ കനവുമുണ്ട് പേടിയുമുണ്ട്. വീണ വിജയന്‍ മൂന്നാം പ്രതിയായ കേസുമായി ബന്ധപ്പെട്ട്  സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളില്‍ നടത്തിയ വിപുലമായ റെയ്ഡിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത തുടര്‍ നടപടികളിലേക്ക് കടന്നു. റെയ്ഡില്‍ വീണ വിജയന്റെ പക്കല്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത നിരവധി രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങിയവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണാ വിജയന്റേതുള്‍പ്പെടെ 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം ഈ പണത്തിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താനാണ് ഇ.ഡിയുടെ ശ്രദ്ധേയമായ നീക്കം.

വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കാനുമാണ് ഇ.ഡിയുടെ തീരുമാനം. സി.എം.ആര്‍.എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. കരിമണല്‍ കമ്പനി ഉടമയായ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആളുകളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് വകുപ്പ് സി.എം.ആര്‍.എല്‍ കമ്പനിയില്‍ 2019-ല്‍ നടത്തിയ പരിശോധനയില്‍ 132.82 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെയാണ് മാസപ്പടി വിവാദത്തിനു തുടക്കം കുറിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ നാള്‍വഴികള്‍ ഇപ്രകാരം:

* 2019 ജനുവരി: സി.എം.ആര്‍.എല്‍ കമ്പനിയിലും എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി. ചെലവുകള്‍ പെരുപ്പിച്ചു കാട്ടി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

* 2023 ഓഗസ്റ്റ് 8: പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് സി.എം.ആര്‍എല്ലില്‍ നിന്ന് ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്നും ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ് ആരംഭിക്കുന്നത്.

* 2023 ഓഗസ്റ്റ് 23: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരെ കൂടി ഉള്‍പ്പെടുത്തിയാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

* 2023 ഒക്ടോബര്‍ 21: ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്, കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജി.എസ്.ടി അടച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

* 2023 നവംബര്‍ 1: വിജിലന്‍സ് അന്വേഷണം വേണമെന്ന റിവിഷന്‍ പെറ്റീഷനില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

* 2024 ജനുവരി 13: എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്കെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

* 2024 ജനുവരി 17: സി.എം.ആര്‍എല്ലും എക്‌സാലോജിക് കമ്പനിയും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്.

* 2024 ജനുവരി 31: എക്‌സാലോജിക് നടത്തിയ ദുരൂഹമായ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനു (എസ്.എഫ്.ഐ.ഒ) കൈമാറി.

* 2024 ഫെബ്രുവരി 16: എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഡയറക്ടര്‍ വീണ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

* 2024 മാര്‍ച്ച് 27: എക്‌സാലോജിക്കും സി.എം.ആര്‍.എല്‍ ഉള്‍പ്പെടെയുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ഇ.ഡി പ്രാഥമികാന്വേഷണം തുടങ്ങി.

* 2025 മാര്‍ച്ച് 28: ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

* 2025 ജനുവരി: ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാദത്തില്‍, സി.എം.ആര്‍.എല്‍ കമ്പനി വഴി നടത്തിയത് സങ്കല്‍പ്പത്തിനപ്പുറമുള്ള 185 കോടി രൂപയുടെ അഴിമതിയും വെട്ടിപ്പുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

* 2025 ഏപ്രില്‍-ജൂലൈ: ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എക്‌സാലോജിക് , സി.എം.ആര്‍.എല്ലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് വീണ വിജയന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

* 2026 മേയ് 26: സി.എം.ആര്‍.എല്‍ കമ്പനിയും അതിന്റെ ഉദ്യോഗസ്ഥരും ഇ.ഡി അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി പൂര്‍ണ്ണമായും തള്ളി. ഇ.ഡി അന്വേഷണം തുടരാമെന്നും സമന്‍സുകളില്‍ നിന്ന് കമ്പനി അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ടി.ആര്‍  രവിയുടെ ബെഞ്ച് ഉത്തരവിട്ടു.

* 2026 മെയ് 27: സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സി.എം.ആര്‍.എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളില്‍ ഇ.ഡി പരിശോധന നടത്തി.

ഇതിനിടെ കേസിലെ അന്വേഷണം എ.കെ.ജി സെന്ററിലേക്കും എത്തുമെന്നുറപ്പായി. എ.കെ.ജി സെന്റര്‍ എന്നത് എക്‌സാലോജിക്  രജിസ്‌ട്രേഡ് വിലാസമായി ഉപയോഗപ്പെടുത്തി എന്നതാണ് കാരണം. ഇതിനിടെ,  ഇ.ഡിയുടെ സമഗ്രമായ പുനഃസംഘടനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതോടെ നിരവധി കേഡറുകളില്‍ മാറ്റം വരും. ഒപ്പം ഇ.ഡി ഇടപെടുന്ന കേസുകളിലെ അന്വേഷണങ്ങള്‍ വേഗത്തിലാക്കാനും, സ്വത്തുക്കള്‍ വേഗത്തില്‍ കണ്ടുകെട്ടാനും, ശിക്ഷാനടപടികള്‍ ത്വരിതപ്പെടുത്താനുമാകും ഇത് ഗുണമാവുക. പിണറായി വിജയന്റെ വീട്ടില്‍ ഇന്നലെ നടന്ന റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് ഇ.ഡിക്ക് കരുത്താകുന്ന പുനസംഘടന നടന്നത്. മാസപ്പടി കേസ് ഡല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഇന്നലത്തെ അക്രമത്തില്‍ അറസ്റ്റിലായ സി.പി.എമ്മുകാര്‍ക്ക് തീഹാര്‍ ജയിലില്‍ കിടക്കേണ്ടിവരും. അറസ്റ്റിലായാല്‍ വീണയുടെ കാര്യവും തഥൈവ..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക