
കൊച്ചി: പോലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതായും തനിക്കെതിരെ ഉയർന്ന വ്യാജ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നടി അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയാണ് താരം അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന ഡി.ജി.പിയെയും സമീപിച്ചിരിക്കുന്നത്. സിനിമ ലോകത്തും പുറത്തും വലിയ ചർച്ചയായി മാറിയ തർക്കങ്ങൾക്കിടയിലാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി താരം നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.
അതേസമയം, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ താരസംഘടനയായ 'അമ്മ' ആവശ്യപ്പെട്ടിട്ടുണ്ട്. വരും മാസം ജൂൺ ഒന്നു മുതൽ മൂന്നു വരെയുള്ള തീയതികളിൽ ഏതെങ്കിലും ഒരു ദിവസം ഹാജരാകാനാണ് സംഘടന നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ തന്റെ പരാതി കൃത്യമായി അന്വേഷിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നും തികച്ചും നിഷ്പക്ഷമായ രീതിയിൽ തന്റെ ഭാഗം കേൾക്കാൻ സംഘടന തയ്യാറാകണമെന്നുമാണ് അൻസിബയുടെ പ്രധാന ആവശ്യം.
താരസംഘടനയായ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ, സംഘടനയ്ക്കുള്ളിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത അധിക്ഷേപങ്ങളെ തുടർന്ന് പദവി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ പരസ്യ നിലപാടുമായി താരം രംഗത്തെത്തിയത്. അൻസിബയുടെ ആരോപണങ്ങൾക്ക് പിന്നാലെ മറ്റ് ചില താരങ്ങളും സംഘടനയ്ക്കെതിരെ സമാനമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. വിവാദം കൊഴുത്തതോടെ വിഷയത്തിൽ താരങ്ങൾ ആരും തന്നെ ഇനി പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് 'അമ്മ' ഭാരവാഹികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.