Image

മദ്യം നല്‍കിയശേഷം മോശമായി സ്പര്‍ശിച്ചു; 'ധുരന്ധര്‍' പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കെതിരെ ലൈംഗിക പീഡന പരാതി

Published on 27 May, 2026
മദ്യം നല്‍കിയശേഷം മോശമായി സ്പര്‍ശിച്ചു; 'ധുരന്ധര്‍' പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കെതിരെ ലൈംഗിക പീഡന പരാതി

 

'ധുരന്ധര്‍' സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡന പരാതി. സംഭവത്തില്‍ ചണ്ഡീഗഡ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് സെക്ടര്‍-17 പോലീസ് നടപടിയെടുത്തത്. ലൈംഗിക പീഡനം കൂടാതെ, യുവതിയെ അന്യായമായി തടഞ്ഞുവെച്ചതായും മദ്യത്തില്‍ ലഹരിവസ്തുക്കള്‍ കലര്‍ത്തി നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു.

ഡല്‍ഹി സ്വദേശിയായ യുവതി 2025 സെപ്റ്റംബറിലാണ് ഈ സിനിമയുടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ചത്. കോളേജ് അധ്യാപകന്‍ വഴിയാണ് യുവതി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ബയോഡാറ്റ നല്‍കിയതും തുടര്‍ന്ന് നിയമനം ലഭിച്ചതും. താന്‍ ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നും യുവതിയുടെ ഉപദേശകനായി (മെന്റര്‍) പ്രവര്‍ത്തിക്കാമെന്നും പറഞ്ഞ് ജോറേ യുവതിയുടെ വിശ്വാസം നേടിയെടുത്തിരുന്നു.

ഔദ്യോഗിക ചര്‍ച്ചകള്‍ക്കാണെന്ന് വിശ്വസിപ്പിച്ച് 2025 സെപ്റ്റംബര്‍ 10-ന് രാത്രിയാണ് ജോറേ യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചത്. തന്നെ നൃത്തം പഠിപ്പിക്കാനെന്ന വ്യാജേന ജോറേ മോശമായ രീതിയില്‍ സ്പര്‍ശിച്ചതായും യുവതി ആരോപിച്ചു. മുറിയില്‍ നിന്ന് പുറത്തുപോകണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും രാത്രി മുഴുവന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. മദ്യം കഴിച്ച് അടുത്ത അരമണിക്കൂറിനുള്ളില്‍ പല തവണ ഛര്‍ദിച്ചു. ബാത്‌റൂമില്‍ ഛര്‍ദിച്ചുകൊണ്ടിരിക്കുമ്പോള്‍ മോശമായി സ്പര്‍ശിക്കുന്നത് തുടര്‍ന്നു. തന്നോടൊപ്പം രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധിച്ചു. പിറ്റേ ദിവസം രാവിലെയാണ് താന്‍ അവിടെ നിന്നും മടങ്ങിയതെന്നും യുവതി പരാതിയില്‍ പറഞ്ഞു. പിന്നീട് ഇയാള്‍ തനിക്കെതിരെ മറ്റ് പരാതികള്‍ നല്‍കി മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും യുവതി ആരോപിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക