Image

സത്ത (കവിത: വേണുനമ്പ്യാർ)

Published on 27 May, 2026
സത്ത (കവിത: വേണുനമ്പ്യാർ)

ദൈവത്തിന്റെ സ്വപ്നത്തിലെ 
അസംഖ്യം കഥാപാത്രങ്ങളിൽ 
ഒരു വേഷമെനിക്ക്

എന്റെ സ്വപ്നത്തിലെ
അസംഖ്യം കഥാപാത്രങ്ങളിൽ 
ഒരു വേഷം ദൈവത്തിനും

ഇരുസ്വപ്നങ്ങളും
സഹജമായി മായുമ്പോൾ 
മറ നീക്കി പുറത്തേക്ക് വരട്ടെ
യാഥാർത്ഥ്യം!

2

സത്തയുടെ
ഭാഗമായതും
എനിക്ക് സത്തും കിട്ടി
സ്വത്തും കിട്ടി

സ്വന്തമെന്നു പറയാൻ
ഒരസത്തിനെ കെട്ടിയപ്പോൾ
അസ്തിത്വത്തിൽ നിന്ന്
ഞാൻ ബഹിഷ്കൃതനായി.

3


സ്വയം അളക്കപ്പെടും വരെ
ഒരു അളവുകോലും
യാഥാർത്ഥ്യമാകില്ല
പഞ്ചസാരക്കുന്നിന്റെ
ഉയരം അളക്കാനിറങ്ങിയ
ഉറുമ്പ് തിരിച്ചു വന്ന ചരിത്രമില്ല.

4


പ്രകാശം ഏഴു നിറങ്ങളായി
അവതരിക്കുന്നു
ഏഴിൽ ഒന്ന് തെരഞ്ഞെടുത്ത്
അതിൽ ആക്രാന്തിക്കുമ്പോൾ
ഒരുവന് നഷ്ടപ്പെടുക
പ്രകാശത്തെ മാത്രമല്ല, അതുളവാക്കിയ
സത്തയെയും;
നികത്താനാവാത്ത ഈ നഷ്ടത്തിന്റെ 
മറ്റൊരു പേരാണ് ആത്മവിസ്മൃതി!

5

ഓർമ്മ ഒരു സ്വപ്നം മാത്രം
അത് വർത്തമാനത്തെ വെടിഞ്ഞ്
ഭൂതത്തിലേക്കും ഭാവിയിലേക്കും
നിഴൽവെട്ടമടിക്കുന്നു
ഇവിടെ ഓർമ്മരഹിതമായ 
ഈ നിമിഷത്തിന്റെ വെളിപാടിൽ
ആത്മസമൃതി പൂത്തുലയുന്നു
സത്തയുടെ അനുഗ്രഹം
ചെറുകമ്പനങ്ങളായി
അസ്ഥികളിൽ പടരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക