Image

പിണറായിയുടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പണികിട്ടി, വലിയ ഏമാനും കുടുങ്ങും; മകള്‍ വീണാ വിജയനും തിരിച്ചടി

എ.എസ് ശ്രീകുമാര്‍ Published on 26 May, 2026
പിണറായിയുടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പണികിട്ടി, വലിയ ഏമാനും കുടുങ്ങും;  മകള്‍ വീണാ വിജയനും തിരിച്ചടി

''കൊടുത്താല്‍ കൊല്ലത്തും കിട്ടും...'' എന്ന പഴഞ്ചൊല്ല് പിണറായി വിജയന്റെ രക്ഷാപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഫലിച്ചിരിക്കുകയാണ്. കൊട്ടിഗ്‌ഘോഷിച്ച് നടത്തി ഒടുവില്‍ ചീറ്റിപ്പോയ നവകേരള സദസ്സിനിടെ പിണറായിയുടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി അഴിഞ്ഞാടി തെരുവില്‍ കൊലവിളി നടത്തിയ ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെന്ന് മാത്രമല്ല ഇവരുള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനും അടിച്ചു കിട്ടി. ഗണ്‍മാന്‍ അനില്‍ കുമാറും സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. പ്രതികള്‍ക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് തള്ളിയത്. പിണറായിയുടെ ഈ ഗണ്‍'മോന്‍'മാരെയും പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയുമാണ് സസ്‌പെന്റ് ചെയ്തത്.

മര്‍ദ്ദനമേറ്റ ആലപ്പുഴ എംഎല്‍എ എ.ഡി തോമസിനെയും അജയ് ജൂവല്‍ കുര്യാക്കോസിനെയും കേസില്‍ കക്ഷിചേര്‍ത്തു. ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തന'വുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം ഇ-മെയിലായി കൈമാറിയ റിപ്പോര്‍ട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ കാടത്തത്തിന്റെ വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. ലാത്തി കൊണ്ടല്ല, വലിയ ഉലക്ക പോലുള്ള വടികൊണ്ടായിരുന്നു മര്‍ദനം. ഈ വടികള്‍ കരുതിക്കൂട്ടി കൊണ്ടു നടക്കുകയായിരുന്നു നവകേരളക്കാര്‍. ഇത്തരത്തിലുള്ള വടി ഉപയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല.

വി.ഡി സതീശന്‍ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എട്ടാം ദിവസം ഉചിതമായ നടപടിയുണ്ടായി. സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ വിശദമായ റിപ്പോര്‍ട്ട് വന്നാലുടന്‍ പിണറായിയുടെ വാലാട്ടിയായിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഉറപ്പാണ്. യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുന്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ഗൂഢാലോചന നടത്തിയതായി ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്.പി ഷൗക്കത്തലി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തെളിവുകള്‍ ഉണ്ടായിരുന്നിട്ടും മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ മറവില്‍ കേസ് ഡയറിയും റിപ്പോര്‍ട്ടുകളും തിരുത്തി കേസ് അവസാനിപ്പിക്കാന്‍ അജിത്കുമാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ ഡി.വൈ.എസ്.പി ചൈത്ര തെരേസ ജോണ്‍ തയ്യാറാക്കിയ യഥാര്‍ത്ഥ കേസ് ഡയറി എ.ഡി.ജി.പിയുടെ ഓഫീസില്‍ വെച്ച് തിരുത്തിയതായി അന്വേഷണ സംഘത്തിന് നിര്‍മായക മൊഴി ലഭിച്ചു. വയനാട് ദുരന്തം നടന്ന് മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്യുന്ന സമയം മുതലെടുത്ത്, തെളിവുകളില്ലെന്ന് കാണിച്ച് 2024 ഓഗസ്റ്റ് 16-ന് കേസ് അവസാനിപ്പിക്കാന്‍ എ.ഡി.ജി.പി ഇടപെട്ടുവത്രേ. അജിത്കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉള്ളതിനാല്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകും. അനധികൃത സ്വത്ത് സമ്പാദനം, തൃശൂര്‍പൂരം കലക്കല്‍ വിവാദം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ അജിത്കുമാറിന്റെ മാനം കപ്പല്‍കയറിയിരിക്കുകയാണ്.

സംഭവത്തില്‍ അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരുടെ ഇടപെടലാണ് എ.ഡി.ജി.പിക്ക് അവിയാ കുരുക്കായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കാനുള്ള റഫര്‍ റിപ്പോര്‍ട്ട് എ.ഡി.ജി.പിയുടെ ഓഫീസില്‍ നിന്നും തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുകയായിരുന്നു എന്ന വിവരവും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡി.വൈ.എസ്.പിയെ തിരുവനന്തപുരത്തെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച അജിത് കുമാര്‍, കേസ് ഡയറി പെന്‍ഡ്രൈവിലാക്കി നല്‍കാനും ആവശ്യപ്പെട്ടു. രണ്ട് ഗ്രേഡ് എസ്.ഐമാരാണ് ഇതു കൈപ്പറ്റിയത്. കേസ് ഡയറി പരിശോധിച്ച ശേഷം, ''കേസ് എഴുതുന്നത് ഇങ്ങനെയാണോ..?, എത്ര നാളായി അന്വേഷിക്കുന്നു...'' തുടങ്ങിയ പരിഹാസ പരാമര്‍ശങ്ങള്‍ എ.ഡി.ജി.പിയുടെ ഓഫീസില്‍ നിന്നും ഉണ്ടായതായി ചൈത്ര തെരേസ ജോണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ് .യു പ്രവര്‍ത്തകരെ ലോക്കല്‍ പൊലീസ് പിടിച്ചു മാറ്റിയ ശേഷവും, മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം മര്‍ദ്ദിച്ചെന്നാണ് ആദ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയശേഷം അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാര്‍ അടക്കമുള്ള പൊലീസുകാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ ലാത്തി പോലുള്ള വടി വെച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് അനാവശ്യ പ്രവൃത്തിയാണെന്നും, പൊലീസിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും അന്നത്തെ ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ പിണറായി സര്‍ക്കാര്‍ കേസ് അട്ടിമറിച്ച കേസില്‍ ഇനി രക്ഷാപ്രവര്‍ത്തകര്‍ക്കും അവരെ സംരക്ഷിച്ചവര്‍ക്കുമെതിരെ നിയമമായിരിക്കും യഥാര്‍ത്ഥ രക്ഷാപ്രവര്‍ത്തനം നടത്തുക.

അന്ന് പിണറായി വിജയന്‍ പറഞ്ഞ ഡയലോഗ് ഇങ്ങനെയായിരുന്നു: ''എന്താണു നടക്കുന്നതെന്നു ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ..? ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവന്‍ രക്ഷിക്കാനല്ലേ..? അതൊരു അക്രമമാണോ..? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നുപോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്തെറിയില്ലേ..? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക..? അയാളുടെ ജീവന്‍ രക്ഷിക്കലല്ലേ പ്രധാനം..? ആ ജീവന്‍രക്ഷാ രീതിയാണു ഡി.വൈ.എഫ്.ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നു പോകണം...'' ശരിയാണ്. എത്ര ഉദാത്തമായ നീതീകരണം. നവകേരള ബസ് കടന്നുപോയ സ്ഥലങ്ങളിലെല്ലാം 'മാതൃകാപരമായ ആ രീതികള്‍' അക്ഷരംപ്രതി തുടരുക തന്നെ ചെയ്തു. അത് ജനം ലൈവായി കണ്ടതുമാണ്. അതാണ് തെളിവില്ലെന്ന് പറഞ്ഞ് ഗാര്‍ബേജില്‍ തള്ളി നിയമത്തെ വെല്ലുവിളിച്ചത്.

പിണറായി സര്‍ക്കാരിന്റെ ഓരോ ജനദ്രോഹ പ്രവര്‍ത്തിക്കും വി.ഡി സതീശന്‍ സര്‍ക്കാര്‍ അക്കമിട്ട് മറുപടി കൊടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ്.     പിടലി ഉളുക്ക് വിവാദ നായികയും ഇതിലൂടെ സ്വയം നാണംകെട്ട ആരോഗ്യ മന്ത്രിയുമായിരുന്ന വീണാ ജോര്‍ജിനിട്ടും കിട്ടി പരോക്ഷമായ കൊട്ട്. പ്രസവ ശസ്തക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നീതി നിഷേധത്തിനിരയായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ ഹര്‍ഷിതയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയത് ഒരു മധുര പ്രതികാരമായി. തന്റെ വയറ്റില്‍ കത്രിക വച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ത്തന്നെ ഗൈനക്കോളജി വിഭാഗത്തില്‍ ഓഫീസ് അസിസ്റ്റന്റായാണ് ഹര്‍ഷിതയെ നിയമിക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഉത്തരവിറക്കിയത്. വീണാ ജോര്‍ജിന്റെ മുന്നില്‍ നീതിതേടി പലവട്ടം പോയിട്ടും ഒന്നും സംഭവിച്ചില്ല. എന്തിനും ഏതിനും റിപ്പോര്‍ട്ട് തേടുന്ന പഴയമന്ത്രി അതിന്‍മേല്‍ അടിയിരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഇതിനിടെ സി.എം.ആര്‍.എല്‍ കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയന് തിരിച്ചടി. കേസില്‍ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആര്‍.എല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇ.ഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങി. സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ ഈ ഉത്തരവോടെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകണം. ഇ.ഡി അന്വേഷണത്തിന് തടയിടാനും ചെറുക്കാനുമാണ് ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആര്‍. എല്‍ കോടതിയെ സമീപിക്കുന്നത്. വിധി വന്നതോടെ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത എന്ന 'കരിമണല്‍ കര്‍ത്ത' ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ഇ.ഡി വീണ്ടും സമന്‍സ് അയക്കും. വരും ദിവസങ്ങളില്‍ വീണ വിജയനെ ഉള്‍പ്പടെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും സാധ്യതയുണ്ട്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച സി.എം.ആര്‍.എല്ലിനെതിരായ ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സാലോജിക് എന്ന സ്ഥാപനത്തിന് സി.എം.ആര്‍.എല്‍ വന്‍തുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം.

ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ വിജിലന്‍സ് കോടതികളും പിന്നീട് ഹൈക്കോടതിയും പിണറായിയുടെ രാജഭരണത്തില്‍ തള്ളിയിരുന്നു. എന്നാല്‍ ഇ.ഡിയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ഇത് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി തങ്ങള്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ റദ്ദാക്കണമെന്നാണ് സി.എം.ആര്‍.എല്‍ ആവശ്യപ്പെട്ടിരുന്നത്. കരിമണല്‍ കമ്പനിയും നാല് ഉദ്യോഗസ്ഥരുമാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജി തള്ളിയതോടെ സി.എം.ആര്‍.എല്‍, എക്‌സാലോജിക്, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ നടത്തി വന്ന അന്വേഷണവുമായി ഇ.ഡിക്ക് ഇനി മുന്നോട്ടു പോകാം. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക