
അങ്ങിനെ ഒരു നീണ്ട കാത്തിരിപ്പിനു ശേഷം ബഹുമാനപ്പെട്ട വി.ഡി. സതീശന്‍ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ ചില ചരടുവലികളും, കസേരയ്ക്കുവേണ്ടിയുള്ള പിടിവലിയും നമ്മള്‍ക്ക് തല്‍ക്കാലം മറക്കാം.
സത്യപ്രതിജ്ഞാ ചടങ്ങ് ഒരു വിധം ഭംഗിയായി നടത്തുന്നതില്‍ സംഘാടകര്‍ വിജയിച്ചു. അനുമോദനങ്ങള്‍! ഇതിനു പിന്നില്‍ ചുക്കാന്‍ പിടിച്ച ഒരു വ്യക്തിയുണ്ട്. ഞാനൊരു ദോഷൈകദൃക്കോ, സൗന്ദര്യ ആരാധകനോ ആയതുകൊണ്ടാവാം സ്‌റ്റേജില്‍ അണിനിരന്ന ഗവര്‍ണ്ണറേക്കാളോ, മുഖ്യമന്ത്രിയേക്കാളോ, പ്രിയങ്കാ ഗാന്ധിയേക്കാളോ എന്റെ ശ്രദ്ധ ആകര്‍ഷിച്ചത് ഗവര്‍ണ്ണറുടെ സെക്രട്ടറിയായ ശ്രീമതി കെ. വാസുകിയാണ്. ഡോക്ടര്‍ ഡിഗ്രി എടുത്തശേഷം ഐ.എ.എസ് പദവിയിലെത്തിയവരാണിവര്‍. എത്ര ഒതുക്കത്തോടും ഭംഗിയോടും, ഉത്തരവാദിത്വത്തോടുകൂടിയുമാണ് അവര്‍ അവരുടെ ഡ്യൂട്ടി നിര്‍വഹിച്ചത്. മാഡത്തിന് ഒരു ബിഗ് സല്യൂട്ട്. (ഇതിനു പകരം നമ്മുടെ പ്രിയങ്കരിയായ ഡോ. ദിവ്യ എസ് അയ്യരാണ് ആ കടമ നിര്‍വഹിച്ചിരുന്നെങ്കിലെത്ത അവസ്ഥ വെറുതെ ഒന്നാലോചിച്ചു നോക്കൂ).
മന്ത്രിമാരെല്ലാം തന്നെ നല്ല വിദ്യാഭ്യാസമുള്ളവരാണ്. വിദ്യാഭ്യാസമുള്ളതുകൊണ്ടു മാത്രം വിവരവും വിവേകവുമുണ്ടാകണമെന്നില്ല.
സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചതിന്റെ അവകാശവാദവുമായി സമുദായ നേതാക്കന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ' സമുദായ നേതാക്കന്മാരുടെ തിണ്ണി നിരങ്ങില്ല' എന്നു പറഞ്ഞ സതീശന്‍ജി ആ നിലപാടില്‍ തുടക്കത്തിലെ ഒരു അയവു വരുത്തിയിട്ടുണ്ടെന്നു തോന്നുന്നു. സമുദായ പ്രമാണികളെ അവരര്‍ഹിക്കുന്ന 'ബഹുമാനത്തോടെ' അകറ്റി നിര്‍ത്തുക.
മറ്റുള്ളവരുടെ പതനത്തില്‍ സന്തോഷിക്കുന്നത് പാപമാണെന്നറിയാമെങ്കിലും, ചിലരുടെ തോല്‍വി ഞാന്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ ഒരു വനിതാ മന്ത്രി പോലും ജയിക്കരുതെന്നായിരുന്നു എന്റെ മനസ്സിലിരുപ്പ്. അഹങ്കാരത്തിന് കൈയും കാലും വെച്ചവരായിരുന്നു എല്ലാം. പ്രത്യേകിച്ച് നമ്മുടെ ആരോഗ്യമന്ത്രി- പാര്‍ട്ടിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതില്‍ അവരുടെ 'പിടലി നാടകത്തിന്' വലിയൊരു റോളുണ്ട്. നല്ല നടിക്കുള്ള ഒരു 'സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്' അവര്‍ക്ക് നല്‍കുവാന്‍ പുതിയ സാംസ്‌കാരിക മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.
പത്രക്കാര്‍ എന്തു ചോദിച്ചാലും, പരിഹാസത്തോടെയും, പുശ്ചത്തോടെയും ഒരു വളിച്ച ഇളിച്ച ചിരിയോടെ മറുപടി പറയുന്ന മാഷിന്റെ ഭാര്യ ശ്യാമളച്ചേച്ചിയെ തോല്‍പിച്ചത് ആന്തൂര്‍ സാജന്റെ ആത്മാവിന്റെ ശാപമാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ശാപവും പലരുടേയും പിന്നാലെ കൂടിയിട്ടുണ്ട്. പി.പി. ദിവ്യ ഒന്നും പുണ്യവതി ചമഞ്ഞു നടക്കാതിരിക്കുന്നതാണ് നല്ലത്.
ശ്രീ മാത്യു കുഴല്‍നാടന്‍ ഒരു മന്ത്രിയാകണമെന്ന് ആഗ്രഹിച്ചവര്‍ അനേകരുണ്ട്. എന്നാല്‍ അനവസരത്തില്‍ ഒരു കാര്യവുമില്ലാതെ അദ്ദേഹം മുസ്‌ളീം ലീഗിനെ ചൊറിയാന്‍ പോയതാണ് വിനയായത്. മുസ്‌ളീം ലീഗ് സമുദായത്തില്‍പ്പെട്ടവര്‍ നാടു ഭരിച്ചാല്‍ നാടു മുടിയുമെന്നാണ് വെള്ളാപ്പള്ളിയും, പി.സി ജോര്‍ജും പാടി നടന്നത്. ഒരു സംശയം - പിന്നെയെന്തിനാണ് മുസ്‌ളീം രാജ്യങ്ങളായ ദുബായിലേക്കും, കുവൈറ്റിലേക്കും മറ്റും ക്രിസ്ത്യാനിയും, ഈഴവനുമെല്ലാം ജോലി തേടിപ്പോകുന്നത് ?.
അവന്‍ ചാണ്ടിയുടെ മകന്‍: ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഒരു മന്ത്രിയാകണമെന്ന് പലരും ആഗ്രഹിച്ചു. അനുകരണീയമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് അദ്ദേഹം കാഴ്ചവെച്ചത്. ഫ്‌ളെക്‌സില്ല, ബാനറില്ല, കൊട്ടിക്കലാശമില്ല- എന്നിട്ടും അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം.
ഉമ്മന്‍ചാണ്ടിയെ ഏഴയലത്ത് അടുപ്പിക്കാതിരുന്ന സഭക്കാര്‍, ഇപ്പോള്‍ ചാണ്ടി ഉമ്മനു വേണ്ടി മുതലക്കണ്ണീരുമായി രംഗത്തിറഞ്ഞിയിട്ടുണ്ട്. കഷ്ടം!
ചാണ്ടി ഉമ്മന്‍ ഒരു മന്ത്രിയാകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു. ഇതിലും വലിയോരു പദവി അദ്ദേഹത്തിന് കാലം കരുതിവെച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ജന മനസ്സില്‍ നല്ലൊരു സ്ഥാനം കിട്ടിയിട്ടുണ്ട്. ജനഹൃദയങ്ങളില്‍ ഇടം ഇല്ലെങ്കില്‍ മന്ത്രിസ്ഥാനം വെറുമൊരു അലങ്കാരം മാത്രം. ഇരുപത്തിയഞ്ച് വര്‍ഷം കാത്തിരുന്നതിന് ശേഷമല്ലേ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായത്. ചാണ്ടി ഉമ്മനും ഒരു സമയം വരും- കാത്തിരിക്കാം.
ഏതായാലും വി.ഡി. സതീശന്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. ശക്തമായ ഒരു പ്രതിപക്ഷമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. സഖാവ് പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ്! വേണുഗോപാലും, രമേശ് ചെന്നിത്തലയും അപ്രഖ്യാപിത പ്രതിപക്ഷ നേതാക്കള്‍!
അവള്‍ വീണ്ടും വരുന്നു: നടിയെന്ന് സ്വയം പ്രഖ്യാപിച്ച്, ഒരു ഉളുപ്പുമില്ലാതെ, സതീശനെ, തന്റെ തന്തയുടെ സ്ഥാനാത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന പ്രഖ്യാപനവുമായി ആ 'ഇക്കിളി വായ്' അല്പവസ്ത്രധാരിണിയായി വീണ്ടും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഇതുപോലെയുള്ള അലവലാതികളെ എന്തിന്റെ പേരിലായാലും ക്ലിഫ് ഹൗസിന്റെ ഏഴയലത്ത് അടുപ്പിക്കരുത്. നിരപാധിയായ ഉമ്മന്‍ചാണ്ടി സാര്‍, സരിതാ തരംഗത്തില്‍ തകര്‍ന്നുപോയ അനുഭവം ഒരു പാഠമായിരിക്കട്ടെ!
ഒരു അപേക്ഷ: 'ലോക കേരള സഭ' നിര്‍ത്തരുത്- ഇവിടെ നിന്നുമുള്ള കുറെ പുംഗവന്മാര്‍ എല്ലാവര്‍ഷവും പത്രത്തില്‍ പടം വാര്‍ത്തയും കൊടുത്ത്, സര്‍ക്കാര്‍ ചെലവില്‍ കേരളത്തില്‍ വന്ന് ഒന്നു കറങ്ങിയിട്ടു പോരുന്ന ഒരു പതിവുണ്ടായിരുന്നു. അവരുടെ കാരുണ്യംകൊണ്ടാണ് ഞങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ ഒന്നു പിടിച്ചുനില്‍ക്കുന്നത്.
ഫൊക്കാന- ഫോമ കണ്‍വന്‍ഷനുകള്‍ ഉടന്‍ നടക്കുന്നുണ്ട്. ദയവായി അവരുടെ ക്ഷണം സ്വീകരിച്ച് ഉടനെയെങ്ങും അമേരിക്കയിലേക്ക് എഴുന്നെള്ളരുത്. പെട്ടിപിടുത്തക്കാരുടെ ബഹളമായിരിക്കും എയര്‍പോര്‍്ട്ടില്‍- പാവം പിണറായിയുടെ പെട്ടി ചുമക്കുവാന്‍ ഇനി ആരും എയര്‍പോര്‍ട്ടിലേക്ക് ഓടില്ല.
ബഹുമാനപ്പെട്ട വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി ഒരു നല്ല ഭരണം കാഴ്ചവെയ്ക്കുവാന്‍ ഭാവുകങ്ങള്‍ നേരുന്നു. !
Read More: https://www.emalayalee.com/writer/104