Image

നുണയന്റെ സുവിശേഷം (കവിത: വേണു നമ്പ്യാർ)

Published on 18 May, 2026
നുണയന്റെ സുവിശേഷം (കവിത: വേണു നമ്പ്യാർ)

എനിക്കു മുന്നെ പടച്ചു വിടപ്പെട്ട
ലൊട്ടുലൊടുക്കുകൾക്കൊന്നിനു പോലും
പ്രപഞ്ചത്തിനു പൂർണ്ണസുഖം
പകരാൻ കഴിഞ്ഞില്ലെന്നു വേണം
ന്യായമായും വേദാന്തപരമായും കരുതാൻ;
അങ്ങനെ അസംതൃപ്തിയുടെ
എണ്ണമറ്റ ശിശിരങ്ങൾ പിന്നിട്ടപ്പോൾ
പ്രപഞ്ചം മഹാന്മാരിലും
മഹാനായ എന്നെ പടച്ചു വിട്ടതാകാം.

പ്രപഞ്ചത്തിന്റെ
അനന്തമായ ആസ്വാദനശേഷിയുടെ
ഒടുക്കത്തെ ഇരയായ ഞാൻ 
കാലക്രമേണ ഒരു മഹാനുണയനായി
അധ:പതിച്ചു.

വിശന്നപ്പോൾ അറിവിന്റെ വൃക്ഷത്തിലെ
വിലക്കപ്പെട്ട കനി ഭക്ഷിച്ചതാണ്
ഞാൻ ചെയ്തു പോയ കുറ്റം.

ആദിയിൽ പ്രപഞ്ചത്തിന്
സ്വയം പ്രപഞ്ചത്തെ
നുണയുവാൻ കഴിഞ്ഞിരുന്നില്ലല്ലോ
ഈ ദുരന്തപരിമിതി 
ഒരു ബ്രഹ്മാണ്ഡകോമഡിയല്ലേ
അനന്തമായ സൃഷ്ടിജാലങ്ങളുടെ
തുടരൻ വയ്യാവേലിയല്ലേ?

കാലാതിവർത്തിയായ സത്യമെന്ന് 
സ്വയം മേനി നടിച്ചിരുന്ന
പ്രപഞ്ചത്താൽ
ഞാൻ സുന്ദരമായി
പ്രപഞ്ചിക്കപ്പെട്ടു പോയി.
നിങ്ങളും!

എങ്കിലും എന്റെയും നിങ്ങളുടെയും
പ്രപഞ്ചത്തിന്റെയും ഡി എൻ എ 
ഒന്ന് തന്നെയാകണം
എ വൺ
ഫസ്റ്റ് ക്ലാസ്സ്
വേറെ വേറെയാണെങ്കിലും 
ഒരിക്കലും വേറിട്ടല്ല, കേട്ടോ
കടലിലെ തിര പോലെ
എന്റെ - നിങ്ങളുടെ -
ദു- സുസ്ഥിതി!

വാങ്മയരൂപത്തിലേക്ക്
പരാവർത്തനം ചെയ്യാനാകാത്ത
ഒരു നിശ്ശബ്ദ സന്ദേശം പോലെ
എന്റെ പ്രണയം സ്നേഹം ഭക്തി
ഈ നിമിഷം ഞാൻ നേരിട്ട്
പ്രപഞ്ചത്തിനു കൈ മാറട്ടെ!

പ്രപഞ്ചത്തിനും
എനിക്കുമിടയിലെ ഭിത്തി
തകർന്നടിയട്ടെ!!

പ്രപഞ്ചത്തിന്റെ സ്വീകൃതിയുടെ കൃപ മതി
നുണകളുടെ തിരുവെഴുത്തുകളിൽ
നിന്നും ഒരുവന് അനായാസം
സത്യത്തിലേക്ക് പറന്നണയാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക