Image

ആതിര ഇന്ത്യൻ റഗ്ബി ടീമിൽ; മലയാളി സാന്നിധ്യം ആദ്യം (സനിൽ പി. തോമസ്)

Published on 13 May, 2026
ആതിര ഇന്ത്യൻ റഗ്ബി ടീമിൽ; മലയാളി സാന്നിധ്യം ആദ്യം (സനിൽ പി. തോമസ്)

ഇന്ത്യൻ വനിതാ റഗ്ബി ടീമിൽ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളിൽ ഉസ്ബക്കിസ്ഥാനിലെ താഷ്കൻ്റിൽ നടക്കുന്ന സെൻട്രൽ ആൻഡ് സൗത്ത് ഏഷ്യൻ റഗ്ബി ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലാണ് ആതിര സ്ഥാനം നേടിയത്.

തൃശൂർ ജില്ലാ റഗ്ബി അസോസിയേഷൻ്റെ കീഴിൽ ആർ.വിഷ്ണു രാജിൻ്റെ ശിക്ഷണത്തിൽ നാലു വർഷം മുമ്പ് റഗ്ബി യിൽ സജീവമായതാണ് ആതിര. പാലക്കാട് നെന്മാറ അയിനംപാടം മുടിയങ്കാവ് പൊന്നൻ്റെയും ഗീതയുടെയും പുത്രി നെന്മാറ ജി.ജി.വി.എച്ച്.എസ്.എസിൽ നിന്ന് പ്ളസ് ടു കഴിഞ്ഞ് തൃശൂർ വിമല കോളജിൽ ബി.എയ്ക്കു ചേർന്നതോടെയാണ് കബഡിയിൽ നിന്ന് റഗ്ബിയിലേക്ക് ശ്രദ്ധ തിരിച്ചത്.2022, 23, 26 വർഷങ്ങളിൽ സംസ്ഥാന ടീമിൽ കളിച്ചു. മൂന്നു വർഷം കാലിക്കറ്റ് വാഴ്സിറ്റിക്കും കളിച്ചു. പഞ്ചാബിലെ ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിൽ ബി.പി.എഡ് പഠിച്ച 2024-26ൽ പ്രസ്തുത സർവകലാശാലയ്ക്കു കളിച്ചു. ഇപ്പോൾ സീനിയർ ഇന്ത്യൻ ടീമിൽ . ആതിരയ്ക്കൊരു സഹോദരനുണ്ട്. കെ.പി.ഉല്ലാസ്.

പ്രിയങ്ക

ആതിരയ്ക്കൊപ്പം ഇന്ത്യൻ സീനിയർ വനിതാ ക്യാംപിലെത്തിയ രണ്ടു കേരള താരങ്ങൾ ദേശീയ ടീമിൻ്റെ റിസർവ് ലിസ്റ്റിൽ ഉണ്ട്.ആർ.പ്രിയങ്കയും (22) അനിറ്റ സിബിയും (23). പ്രിയങ്ക നെന്മാറ വിത്തനശേരി ലക്ഷം വീട്  രാമസ്വാമിയുടെയും ലക്ഷ്മിയുടെയും മകളാണ്. ജി. ജി.വി.എച്ച്.എസ്.എസിൽ നിന്ന് ആതിരയ്ക്കൊപ്പം പ്ളസ് ടു പൂർത്തിയാക്കി തൃശൂർ വിമലയിൽ ബി.എ.സോഷ്യോളജിക്ക് ചേർന്നു.പിന്നീട് പഞ്ചാബ് ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.പി.എഡ് പൂർത്തിയാക്കി.കളിക്കളത്തിലെ ദേശീയ നേട്ടങ്ങളിലെല്ലാം ആതിരയ്ക്കൊപ്പം. ഇപ്പോൾ ഇന്ത്യൻ ടീമിലെ റിസർവ്. രണ്ടു സഹോദരിമാർ. പ്രവീണയും പ്രജീഷയും.

അനിറ്റ സിബി തൊടുപുഴ സ്വദേശിനിയാണ്. ആനക്കല്ലുങ്കൽ കലയന്താനി മീൻമുട്ടി സി ബിയുടെയും അന്നക്കുട്ടിയുടെയും പുത്രി. കോതമംഗലം സെൻ്റ് ജോർജ് എച്ച്.എസ്.എസിൽ നിന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റിൽ എത്തി.ഇപ്പോൾ എം.എസ്.ഡബ്ളിയു വിദ്യാർഥിനി. സംസ്ഥാനത്തിനു . കാലിക്കറ്റ് സർവകലാശാലയ്ക്കും കളിച്ചു.ഈ വർഷം കാലിക്കറ്റ് അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ റഗ്ബി (15) ചാംപ്യൻമാരാണ്.ഒരു സഹോദരനുണ്ട്. അരുൺ.

അനിറ്റ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക