
ന്യൂജേഴ്സി: ഹിന്ദുധർമ്മത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അക്കാദമിക് ചർച്ചകൾക്കും സംവാദങ്ങൾക്കുമായി 2026 ഏപ്രിൽ 30-ന് റട്‌ഗേഴ്‌സ് യൂണിവേഴ്സിറ്റിയിൽ ‘ഡീമിസ്റ്റിഫൈയിംഗ് ഹിന്ദുയിസം: ക്ലാരിറ്റി ത്രൂ സ്കോളർഷിപ്പ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. കോളിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (CoHNA), അതിന്റെ യുവജന വിഭാഗമായ സയാൻ (CYAN), റട്‌ഗേഴ്‌സ് ഹിന്ദു സ്റ്റുഡന്റ്‌സ് കൗൺസിൽ (HSC), യൂണിവേഴ്സിറ്റി ഹിന്ദു ചാപ്ലെയ്ൻസി എന്നിവർ ചേർന്ന് നടത്തിയ ഈ പരിപാടിയിൽ എഴുപത്തഞ്ചിലധികം വിദ്യാർത്ഥികളും സ്കോളർസും പങ്കെടുത്തു. ഇന്ത്യൻ ചരിത്ര-മത പ്രൊഫസറായ ഡോ. ലാവണ്യ വെംസാനി, ഹിന്ദു പുരാണങ്ങളിലെ പ്രമുഖ സ്ത്രീരൂപങ്ങളെ ആധുനിക പാഠപുസ്തകങ്ങളിലും മാധ്യമങ്ങളിലും വികലമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് പ്രഭാഷണം നടത്തി. എലിസബത്ത് ടൗൺ കോളേജിലെ പ്രൊഫസർ ഡോ. ജെഫ്രി ഡി ലോംഗ് പാശ്ചാത്യ സാംസ്കാരിക മേഖലകളിൽ ഹിന്ദു ചിന്താഗതികൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ഹൈസ്കൂൾ അധ്യാപകനായ നീൽ ദേശായി അക്കാദമിക് ചുറ്റുപാടുകളിൽ പ്രകടമാകുന്ന 'ഹിന്ദുഫോബിയ'യെക്കുറിച്ച് വിവരിച്ചു. ജാതി, ബഹുസ്വരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചയോടെയാണ് സെമിനാർ സമാപിച്ചത്.